തെക്കു

2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

സംഘപരിവാറിന് വേണ്ടി കേരള ദൃശ്യമാധ്യമങ്ങൾ ചെയ്യുന്നതെന്തെന്നാൽ....

ന്യൂസ്‌ ചാനലുകൾ വരുന്നതിന് മുൻപ് കേരളത്തിൽ അറിയപ്പെടുന്ന ബിജെപി/സംഘപരിവാർ നേതാക്കൾ സി.കെ.പത്മനാഭൻ, p.p.മുകുന്ദൻ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ അങ്ങനെ ചുരുക്കം ചിലർ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ ഏതെങ്കിലും മണ്ഡലത്തിൽ നിൽക്കും, തോൽക്കും, പോകും ഇതായിരുന്നു ബിജെപി-യുടെ അവസ്ഥ. ന്യൂസ്‌ ചാനലുകൾ വന്നതോടെ കഥ മാറി, കേരളത്തിൽ 2016-ഇലക്ഷൻ വരെ ഒരു mla-പോലും ഇല്ലാതിരുന്ന പാർട്ടിയുടെ പ്രതിനിധികൾ ന്യൂസ്‌ ചാനലുകളിലെ സ്ഥിരം സാന്നിധ്യമായി മാറി നേതാക്കളായി വളർന്നു. കെ.സുരേന്ദ്രനും, ഗോപാലകൃഷ്ണനും, ശ്രീധരൻ പിള്ളയും, പത്മകുമാറും, ശോഭാ സുരേന്ദ്രനും, tg മോഹൻദാസും, ശശികലയും എന്ന് വേണ്ടാ രമേശും സുരേഷും വരെ ഒരു സമരത്തിന്റെയും പിന്തുണ ഇല്ലാതെ ചാനലുകളുടെ സ്റ്റുഡിയോ ഫ്ലോറുകളിൽ കിട്ടിയ സ്പേസിൽ നിന്ന് കേരളം ഒട്ടുക്ക് അറിയപ്പെടുന്ന നേതാക്കളായി.

ലൈവ് ചർച്ചകളിൽ ഒരു മടിയുമില്ലാതെ കള്ളങ്ങളും, വിഡ്ഢിത്തങ്ങളും വിളിച്ചു പറഞ്ഞവരെ ചാനലുകൾ ഒരു മടിയുമില്ലാതെ പിന്നെയും പിന്നെയും ന്യൂസ്‌ റൂമുകളിൽ വിളിച്ചിരുത്തി മലയാളികളുടെ മുന്നിലെത്തിച്ചു. ഭഗത്ത്‌ സിംഗിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിനെ കുറിച്ച് കർണ്ണാടക
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്ഥാവനയെ കുറിച്ചുള്ള മനോരമ്മ ന്യൂസ്‌ ചർച്ചയിൽ ഒരു മടിയും കൂടാതെ കള്ളം ആവർത്തിച്ച ശേഷം ചർച്ച നയിച്ച ഷാനിയുടെ മുഖത്ത് നോക്കി  ഹിന്ദി അറിയില്ലെങ്കിൽ പോയി പഠിച്ചിട്ട് വരൂ എന്ന് പരിഹസിക്കാൻ ശോഭാ സുരേന്ദ്രന് ഒരു മടിയും ഉണ്ടായില്ല. ശോഭ സുരേന്ദ്രൻ ഷാനിയുടേത് ഉൾപ്പടെയുള്ള മനോരമ്മ ന്യൂസ്‌ ചാനൽ ചർച്ചകളിൽ ഇപ്പോഴും സ്ഥിര സാന്നിധ്യമാണ്.

റിപ്പോർട്ടർ ടീവി യിലെ ചർച്ചകളിൽ  സ്ഥിരം സാന്നിധ്യമായി ബി.ഗോപാലകൃഷ്ണനെ കാണാം. വിഡ്ഢിത്തവും, കള്ളവും മാത്രം സ്ഥിരമായി പറഞ്ഞിട്ടും, ചർച്ച നയിക്കുന്നവരെയും, ചർച്ചയിൽ പങ്കെടുക്കുന്ന മറ്റ് പാനലിസ്റ്റുകളെയും ലൈവ് ആയി പല തവണ ഭീഷണിപ്പെടുത്തിയിട്ടും ഗോപാലകൃഷ്ണന് റിപ്പോർട്ടർ ടീവി ചർച്ചകളിൽ ഇപ്പോഴും ചുവന്ന പരവതാനി വിരിച്ചിട്ടിരിക്കുകയാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തി നിന്ന ദിവസങ്ങളിലൊന്നിൽ സനീഷ് ഇളയിടത്ത് നടത്തിയ ചർച്ചയിൽ മന്ത്രി മേഴ്സിക്കുട്ടി അമ്മയെ ചൂണ്ടി നിങ്ങളെ 'വിശ്വാസികൾ' കൊത്തി നുറുക്കിക്കളയും എന്ന് ഭീഷണിപ്പെടുത്താൻ രാധാകൃഷ്ണൻ എന്ന ബിജെപി സെക്രട്ടറിക്ക് ഒരു മടിയുമുണ്ടായില്ല. അയ്യോ അങ്ങനെയൊന്നും പറയല്ലേ എന്ന സോഫ്റ്റ്‌ പാൽപുഞ്ചിരി ഇടപെടലിൽ ഒതുങ്ങി അവതാരകന്റെ പ്രതികരണം.

തുലാമാസ പൂജയ്ക്കു ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തും, പമ്പയിലും, എരുമേലിയിലുമൊക്കെ മാധ്യമ പ്രവർത്തകരെ സംഘപരിവാരം ഓടിച്ചിട്ട് തല്ലിയപ്പോൾ ലൈവ് ആയി അതുകണ്ട് ഊറിച്ചിരിച്ച്‌ പല സംഘപരിവാർ നേതാക്കളും ഇരുന്നത് ചാനൽ മുറികളിലായിരുന്നു.

അമ്പത് രൂപയ്ക്കു പെട്രോളും ഡീസലും വിൽക്കുമെന്ന് ചാന്നൽ ചർച്ചയിൽ വെല്ലവിളി നടത്തിയ കെ.സുരേന്ദ്രനോട് ഇലക്ഷന് കാലത്ത് ഒരു ദിവസം പോലും വിനു.വി.ജോൺ ചോദിച്ചില്ല ആ പെട്രോളും ഡീസലും എവിടെയെന്ന്. കേരളത്തിലെ തന്നെ സീനിയർ ജേർണലിസ്റ്റ് ആയ സിന്ധു സൂര്യകുമാറിനെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപിച്ചതിനു ജയിലിലായ സംഘപരിവാർ പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ മാലയിട്ടാണ് സംഘപരിവാരം അവരെ സ്വീകരിച്ചാനയിച്ചത്. പക്ഷേ പിന്നെയും സംഘപരിവാർ നേതാക്കളെ സ്റ്റുഡിയോയിലേക്ക് ആനയിച്ചു കൊണ്ട് വന്നിരുത്താൻ അതൊന്നും ഏഷ്യാനെറ്റ്‌ ന്യൂസിന് തടസ്സമായില്ല.

മഹാപ്രളയ കാലത്ത് ജാതിയും, മതവും, രാഷ്ട്രീയവും മറന്ന് മലയാളികൾ ഒന്നിച്ചു നിന്നപ്പോഴും ലോകമൊട്ടുക്ക് കേരളത്തിന് സഹായം ചെയ്യരുത് എന്ന് ക്യാമ്പയിൻ നടത്തിയ,  അപ്പോഴും വർഗീയ വിഷം തുപ്പിയ  സംഘപരിവാർ ഗ്രൂപ്പുകൾക്ക് ന്യായീകരണം പറയാൻ സ്റ്റുഡിയോ ഫ്ലോർ ഒരുക്കി കൊടുക്കുകയായിരുന്നു മലയാള ന്യൂസ്‌ ചാനലുകൾ ചെയ്തത്. T.G.മോഹൻദാസിനും, ശശികലയ്ക്കുമൊക്കെ അന്യമത വിദ്വേഷം  പറയാൻ വളരെ സന്തോഷപൂർവ്വമാണ് മലയാള ദൃശ്യ മാധ്യമങ്ങൾ ചാനൽ ഫ്ലോറുകൾ വിട്ട് കൊടുക്കുന്നത്.

ചില ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ പറഞ്ഞത്. രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട് എങ്കിലും ആപത്ഘട്ടങ്ങളിൽ ഒന്നിച്ചു നിന്ന് ശീലിച്ച മലയാളികളുടെ ഇടയിലേക്ക് സംഘപരിവാർ ഗ്രൂപ്പുകളെ പ്രതിഷ്ഠിച്ച്‌ എന്തിലും ഏതിലും വർഗീയത കാണുന്ന അവസ്ഥയിലേക്ക് മലയാളികളെ എത്തിച്ചത് ന്യൂസ്‌ ചാനലുകളാണ്. അപകടകരമായ രീതിയിൽ കേരളത്തെ വർഗീയവത്കരിക്കാൻ സംഘപരിവാർ ഗ്രൂപ്പുകൾക്ക് വെള്ളവും വളവും നലകിയത് ദൃശ്യ മാധ്യമങ്ങളാണ്. കേരളത്തോട് മാധ്യമങ്ങൾ ചെയ്ത ഏറ്റവും വലിയ ദ്രോഹവുമതാണ്.

കേരളത്തിൽ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സീറ്റിലെങ്കിലും ബിജെപി ജയിച്ചാൽ അതിന്റെ മുഴുവൻ 'ക്രെഡിറ്റും' കേരളത്തിലെ ന്യൂസ്‌ ചാനലുകൾക്കാണ്. ബിജെപി-ക്ക് ആ നിലം ഒരുക്കി കൊടുക്കലായിരുന്നു കഴിഞ്ഞ കുറേ വര്ഷങ്ങളായി മലയാള മാധ്യമങ്ങൾ കേരളത്തിൽ ചെയ്തുകൊണ്ടിരുന്നത്.

2016, ജൂൺ 26, ഞായറാഴ്‌ച

അവസാനത്തെ ചിരി !

പോയകാലത്തെ പ്രണയം  പാമ്പ് ഉപേക്ഷിച്ച പടം പോലെയാണ്
ചെറിയ കാറ്റിലും ഇളകിയാടി  അതു പണ്ട് ഒന്നിച്ച് കാറ്റുകൊള്ളാൻ നടന്നത് ഓർമിപ്പിക്കും
പോയകാലത്തെ പ്രണയം
വരണ്ടു പോയ പുഴപോലെയാണ്
നിറഞ്ഞൊഴുകിയ കാലത്തെക്കുറിച്ച് അതു എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും
പോയകാലത്തെ പ്രണയം
കൊഴിഞ്ഞു വീണ പൂവിനെപ്പോലെയാണ്
പൂത്തുലഞ്ഞു നിന്നതു
ഓർത്തു എപ്പോഴും നെടുവീർപ്പെട്ടുകൊണ്ടിരിക്കും
പോയകാലത്തെ പ്രണയം മരിച്ച കുട്ടിയുടെ കണ്ണുപോലെയാണ്
ആ ഓർമ്മ എപ്പോഴും കണ്ണുകൾ നിറയ്ക്കും
പോയകാലത്തെ പ്രണയം
മരണത്തിനു തൊട്ടുമുൻപുള്ള അവസാനത്തെ ചിരിയാണ്!

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ത്രിവർണ്ണ പതാക

ആരുടേതാണീ ത്രിവർണ്ണ പതാക ?  മൂന്ന് വെടിയുണ്ടയുടെ വേഗത്തിൽ പിടഞ്ഞു തീർന്ന ഒരു വൃദ്ധ ഹൃദയത്തിന്റെതല്ല ! 
ഗുജറാത്തിലെ തെരുവിൽ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ ഒരു ശൂലത്തിന്റെ തുമ്പിൽ പൊലിഞ്ഞു പോയ ഭ്രൂണത്തിന്റെതല്ല !
ഒരു എഴുത്തുമുറിയുടെ വാതിൽ എന്നേക്കുമായി കൊട്ടിയടക്കേണ്ടി വന്ന പെരുമാൾ മുരുഗന്റെതല്ല !  ഒരു ഹോസ്റ്റൽ മുറിയുടെ പങ്കയിൽ തൂങ്ങിയാടിയ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളുടേതല്ല !   
കൽബുർഗി, പൻസാരെ, ധബോൽക്കർ....അല്ല ഇവരുടേതാരുടേതും അല്ല ! എന്റേതും നീന്റേതുമല്ല !
പിന്നെ ആരുടെതാണ് ഈ ത്രിവർണ്ണ പതാക ? 
അത് രാജ്യസ്നേഹികൾക്കുള്ളതാണ് !!!  

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

മഹാ സമുദ്രങ്ങൾ വിളിക്കുന്നു

ചില പുസ്തകങ്ങൾ അങ്ങനെയാണ്, വായിച്ചു ദിവസങ്ങൾക്കു ശേഷവും മനസ്സിന്റെ കൂടൊഴിയാതെ ചിറകടിച്ചു നിൽക്കും. രണ്ടാമൂഴം, മുറിവുകൾ, കാലം, നവോഥാനത്തിന്റെ നിറമെന്ത്, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നീർമാതളം പൂത്തകാലം, ചിദംബരസ്മരണ അങ്ങനെ ചിലത് വായിച്ചു തീരുമ്പോൾ വല്ലാതെ വിഷമം തോന്നും, ഇന്നി വായിക്കാൻ പേജുകൾ ബാക്കിയില്ലെല്ലോ എന്ന്. ആ ഗണത്തിലേക്ക് ഒരു പുസ്തകം കൂടി; 151 ദിവസംകൊണ്ട് 'INSV മാദേയി' എന്ന പായവഞ്ചിയിൽ ലോകം ചുറ്റിവന്ന നാവികൻ കമാണ്ടർ അഭിലാഷ് ടോമിയുടെ 'കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ'. മഹാസമുന്ദ്രങ്ങളിലെ അത്ഭുദങ്ങൾ, കാറ്റും കടലും ചേർന്നൊരുക്കിയ അപകടങ്ങൾ, ഏകാന്തതയുടെ വിസ്മയം എല്ലാം ചേർന്ന് വായിക്കുന്നവരേയും സമുദ്രങ്ങളിലേക്കു ക്ഷണിക്കുന്ന യാത്രാവിവരണം. ചുറ്റും ആർത്തലയ്ക്കുന്ന വെള്ളമുണ്ടായിട്ടും കുടി വെള്ളം എത്ര അമൂല്യമാണെന്നു ഈ യാത്ര നമ്മെ ഓർമ്മപ്പെടുത്തുന്നു. ലോകത്തെങ്ങുമുള്ള നാവികർ വച്ചുപുലർത്തുന്ന ചില വിശ്വാസങ്ങൾ ടോമി ഈ യാത്രയിൽ നമ്മുക്ക് കാണിച്ചു തരുന്നു. യാത്ര പുറപ്പെടുമ്പോൾ പാസ്പോർട്ടിൽ 'exit' സ്റ്റാമ്പ് ചെയ്ത ആതേ ഓഫീസിൽ 'entry' സ്റ്റാമ്പ് ചെയ്യാൻ ചെല്ലുന്നതിലെ കൗതുകം ടോമി രസകരമായി പറഞ്ഞു തരുന്നു. അത്യന്തം അപകടം പിടിച്ച ഏകാന്ത യാത്ര അവസാനിക്കുമ്പോൾ കരയണയുന്ന നാവികന്റെ സന്തോഷമല്ല മഹാ സമുദ്രങ്ങളോട് വിടപറയുന്ന ദുഖമാണ് അഭിലാഷ് ടോമിയെ പൊതിഞ്ഞു നിൽക്കുന്നത് !!! പുസ്തകത്തിന്റെ അവസാന പേജിലെത്തുമ്പോൾ വായനക്കാരനും ആ ദുഖം തങ്ങളുടേത് കൂടിയാണെന്ന്‌ തിരിച്ചറിയുന്നു
Salute to Commander Abhilash Tomi Keerthichakra
Book Publisher: Manorama Books 📚 Rs. 250

2013, മേയ് 28, ചൊവ്വാഴ്ച

ഓരോ തുള്ളി ചോരയിൽ നിന്നും.....മുദ്രാവാക്യങ്ങൾ പറയുന്നു......

"തെക്കുതെക്കൊരു ദേശത്തു
അലമാലകളുടെ തീരത്ത്‌ 
പ്ലോറിയെന്നൊരു ഗർഭിണിയെ
ഭർത്താവില്ലാ നേരത്ത്
ചുട്ടുകരിച്ചൊരു സർക്കാരെ"

വിമോചന  സമരകാലത്ത് കേരളത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണിത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം എന്നും മുദ്രാവാക്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. രാഷ്ട്രീയ സമരങ്ങൾക്ക് വീറും, വാശിയും നൽകിയത് നേതാക്കൾ വിളിച്ചു നൽകിയ മുദ്രാവാക്യങ്ങൾ ആയിരുന്നു. 

"ഞങ്ങടെ ചങ്കിലെ ചോരയ്ക്ക് 
നിങ്ങടെ കോടിയുടെ നിറമെങ്കിൽ 
ആ ചെങ്കൊടിയാണെ കട്ടായം 
പകരം ഞങ്ങൾ ചോദിക്കും"

വിമോചന സമരം വിളിച്ചു നടന്ന മറ്റൊരു മുദ്രാവാക്യം. ഒരു പക്ഷെ കേരളത്തിനു ഏറ്റവും കൂടുതൽ മുദ്രാവാക്യങ്ങൾ സമ്മാനിച്ചതും വിമോചന സമരമായിരിക്കാം (ജാതി, മത കോമരങ്ങൾ കേരള രാഷ്ട്രീയത്തിൽ പിന്നിൽ നിന്നു ചരട് വലിക്കുന്ന ശക്തിയായതും വിമോചന സമരത്തോടെയായിരുന്നു). അങ്കമാലിയിൽ ഏഴുപേർ പോലീസ് വെടിവെയ്പ്പിൽ മരിച്ചപ്പോൾ വിമോചന സമരക്കാർ കേരളമാകെ തൊണ്ട പൊട്ടി വിളിച്ചു;

"അങ്കമാലി കല്ലറയിൽ ഞങ്ങടെ സൊദരരുണ്ടെങ്കിൽ 
ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും"

K .S .U - ക്കാരും, യുവ കോണ്‍ഗ്രസ്സുകാരും, കോട്ടയം കോണ്‍ഗ്രസ്സുകാരും ഇന്നും അണികൾക്ക് ആവേശം കിട്ടാൻ ഈ മുദ്രാവാക്യം വിളിക്കുന്നത്‌ കേൾക്കാം !!!

E .M .S  സർക്കാരിന്റെ പോലിസ് ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർക്കു പോലും രക്ഷയില്ലെന്നു  പ്രതിപക്ഷം കളിയാക്കിയപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടി മറുപടി വിളിച്ചു; 

"ഞങ്ങടെ പോലിസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോണ്‍ഗ്രസ്സേ" 

വിദ്യാർത്ഥി, യുവജന സമരങ്ങൾക്ക് എന്നും ആവേശം നൽകിയത് അവർ വിളിച്ച മുദ്രാവാക്യങ്ങളായിരുന്നു. ഇതിൽ എന്നും ഇടതുപക്ഷ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ മുന്നിൽ നിന്നു. 

"ചോരച്ചാലുകൾ നീന്തി കയറിയ 
തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ 
വെടിയുണ്ടകളെ പൂവായ്മാറ്റിയ
രക്തസാക്ഷികളുടെ പ്രസ്ഥാനം" 

കേരളത്തിലെ ക്യാമ്പസുകളിൽ S F I - ക്ക് വേരും, തേരും ,നല്കിയ മുദ്രാവാക്യം.

തെരുവിൽ പോലിസിനെ എതിരിട്ട വിദ്യാർഥികൾ അന്നും, ഇന്നും വിളിക്കുന്നത്‌ ഒരേ മുദ്രാവാക്യം; 

"പോരാട്ടത്തിൻ അവസാനം 
ചോരച്ചാലുകളാണെങ്കിൽ 
ഞങ്ങടെ ചങ്കിലെ ചോര തരാം"

ക്യാമ്പസുകളിലെ ഓരോ കണ്ണും ഈറനാക്കി വിദ്യാർത്ഥി നേതാക്കൾ വികാരാധിനരായി വിളിച്ചു;
 " അമ്മേ ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ"

ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടിലെ  കോളേജു സമരകാലത്ത് തുരുവല്ലയ്ക്കടുത്തു വച്ചു അന്ന് ഭരണമുന്നണിയുടെ നയരൂപികണ സമിതിയുടെ കണ്‍വീനറായിരുന്ന എ. കെ. ആന്റണിയെ സ്വകാര്യകോളേജു സംരക്ഷണ സമിതിയുടെ ആൾക്കാർ ആക്രമിച്ചു. ഇതിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങിയ യുവ കോണ്‍ഗ്രസ്സുകാർ കേരളമാകെ വിളിച്ചു;
 "ആന്റണി ആരെന്നറിയാമോ, കേരളനാടിൻ അഭിമാനം" 

ബിഷപ്പുമാരെയും, സാമുദായിക നേതാക്കളെയും, സ്വകാര്യകോളേജ് മനേജരന്മാരെയും ആന്റണി എതിരിട്ടപ്പോൾ പിന്തുണ യൂത്ത് കോണ്‍ഗ്രസ്സും, ksu  - വും ആയിരുന്നു. ആന്നു ksu സമരം നയിച്ചത് വി. എം. സുധീരനായിരുന്നു. കേരളത്തിലെ തെരുവുകളിൽ ഒരു മുദ്രാവാക്യം മുഴങ്ങി കേട്ടു "ധീരാ, വീരാ വി. എം സുധീരാ, ധീരതയോടെ നയിച്ചോളു" 

അതേ സമരകാലത്ത് കേരളം കേട്ട മറ്റൊരു മുദ്രാവാക്യം;

"പണ്ടൊരു കാലം തെരുവിലിറങ്ങി 
യേശുദേവൻ കല്പ്പിച്ചു;
സീസറിനുള്ളത്  സീസറിനു,
ദൈവത്തിനുള്ളത് ദൈവത്തിനു,
ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി 
ബിഷപ്പുമാർ കൽപ്പിച്ചു;
ചിലവുകളെല്ലാം സർക്കാരിന്
വരവുകളെല്ലാം ഞങ്ങൾക്ക്"

ആരു കേരളം ഭരിച്ചാലും, ആരു പ്രതിപക്ഷത്തിരുന്നാലും സമര മുഖങ്ങളിൽ ഏറ്റവും കൂടുതൽ മുദ്രാവാക്യങ്ങൾ ഉണ്ടാകുന്നത് പൊലീസിനെതിരെ ആയിരിക്കും. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ എന്നും കേൾക്കുന്ന ഒരു മുദ്രാവാക്യം; 

"കാക്കിക്കുള്ളിൽ പോലീസെങ്കിൽ നിയമ ഞങ്ങൾ പാലിക്കും, കാക്കിക്കുള്ളിൽ കൊണ്ഗ്രസ്സെങ്കിൽ നിയമം ഞങ്ങൾ ലങ്കിക്കും"

രണ്ടു മുന്നണികളും മാറി മാറി വിളിക്കുന്ന ഒരെണ്ണം "പോടാ പുല്ലേ പോലീസ്സെ, ഞങ്ങടെ നേരെ പോരിനു വന്നാൽ നട്ടെല്ലൂരി കൊട്ടയിലാക്കി അയ്യാറെട്ടിനു വളമാക്കും" പാവം പോലീസുകാർ !!!

ഇങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ, സാമുഹിക ഭൂപടങ്ങളിൽ നിറഞ്ഞു നിന്ന ആയിരക്കണക്കിന് മുദ്രാവാക്യങ്ങൾ. പലതും സർക്കാരുകളെ വീഴിക്കുകയും, വാഴിക്കുകയും ചെയ്തു. ചിലരെ അത്യുന്നതങ്ങളിൽ എത്തിക്കുകയും, മറ്റു ചിലരെ വീഴ്ത്തുകയും ചെയ്തു. കാലം മാറി, ഇന്ന് മറ്റു പല കാര്യങ്ങളിലും എന്ന പോലെ മുദ്രാവാക്യങ്ങൾക്കും ഓജസ്സും, തേജസ്സും നഷ്ട്ടപ്പെട്ടു.  മുദ്രാവാക്യങ്ങൾ തിരഞ്ഞെടുപ്പു കാലത്തെ 'കീ ജയ്' വിളികൾ മാത്രമായി തരം താണു. എങ്കിലും നമ്മുക്ക് പ്രതീക്ഷിക്കാം തിന്മകൾക്കെതിരെ ഇടിമുഴക്കമായി ഒരുനാൾ ഒരായിരം മുദ്രാവാക്യങ്ങൾ പിറക്കുമെന്ന്. "മുദ്രാവാക്യം നീണാൾ വാഴട്ടെ" എന്നൊരു മുദ്രാവാക്യത്തോടെ നിർത്തുന്നു. 



2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഹസാരെയുടെ ആള്കൂട്ടമല്ല ജനാധിപത്യം

ആര്‍ക്കും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്...പക്ഷെ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരങ്ങള്‍ ആരു നടത്തിയാലും അത് പ്രോത്സാഹിപ്പിക്കരുത്. ഹസാരെക്കും, കൂട്ടര്‍ക്കും ചില രഹസ്യ അജണ്ടകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ ശരീര ഭാഷയും, ശാസന രൂപേണയുള്ള പ്രസ്താവനകളും സംശയം ജനിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥകള്‍ക്ക് മുകളില്‍ ഒരു അധികാര കേന്ദ്രമാകാനാണ് അവര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് ആദ്യ തെറ്റുകാര്‍. കോടിക്കണക്കിനുള്ള ജനങ്ങളുടെ പ്രതിനിധികളായി ഹസാരേം കൂട്ടരേം അംഗീകരിക്കാന്‍ ആരാണ് സര്‍ക്കാരിനെ അനുവദിച്ചത് ? പറയുന്ന പിന്തുണ ഹസാരെക്കും കൂട്ടര്‍ക്കും ഉണ്ടെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിനെ നേരിടട്ടെ.

ആള്‍കൂട്ടത്തിന്റെ വിവരക്കേടുകളെ ജനാധിപത്യം എന്ന് വിളിക്കുന്നതിന്റെ അപകടം നമ്മള്‍ മനസ്സിലാക്കണം. സമരം ചെയ്യുന്നവര്‍, നിയമനിര്‍മാണ സഭകളെ വെല്ലുവിളിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം, അങ്ങിനെ ഒന്ന് ഈ രാജ്യത്തുള്ളതുകൊണ്ടാണ്‌ നിങ്ങളുടെ സമരാഭാസങ്ങള്‍ക്ക് തോക്കുകള്‍ മറുപടി പറയാത്തത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഹസാരേം കൂട്ടരും ഇപ്പോഴേ രക്ത്തസാക്ഷികള്‍ ആയാനെ. ചൈന നമ്മുക്ക് മുന്നിലുണ്ട്. അതാരും മറക്കരുത്. പ്രതിപക്ഷം കലക്കവെള്ളത്തില്‍ ചൂണ്ടയിടാന്‍ ശ്രമിക്കുകയാണ്. സമരത്തെ പിന്തുണക്കാം. പക്ഷെ സമാരാഭാസത്തെ, രാജ്യത്തിനെ തന്നെ വെല്ലു വിളിക്കുന്നവയെ അരുത്.

അഴിമതി തുടച്ചുനീക്കപ്പെടെണ്ടാതാണ്. അതിനു തര്‍ക്കമില്ല. പക്ഷെ തെരുവില്‍ രാജ്യത്തെ, ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന ആള്കൂട്ടത്തിനെ വിവരക്കേടല്ല അതിനുള്ള മാര്‍ഗം. മാധ്യമങ്ങള്‍ കുറെ കൂടി പക്വത ഈ കാര്യത്തില്‍ കാണിക്കേണ്ടിയിരിക്കുന്നു. ലോകത്ത് ഏറ്റവും അധികം പത്ര സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളിലൊന്നാണ് ഭാരതം. അതും ജാനാധിപത്യത്തിന്റെ ഗുണം. അനാവശ്യമായ പിന്തുണ ഹസാരെക്ക് നല്‍കരുത്. അതിലെ അപകടം നിങ്ങള്‍ മാധ്യമ സുഹൃത്തുക്കള്‍ മനസില്ലാക്കണം. ഒരിക്കല്‍ കൂടി പറയുന്നു, ഹസാരെയുടെ ആള്കൂട്ടമല്ല ജനാധിപത്യം

2011, ജനുവരി 5, ബുധനാഴ്‌ച

ഇന്നി എന്തു പറയേണ്ടു.....

ഈ വഴി കുരുതിക്കളത്തിലേക്ക് നടന്നു പോയവര്‍
പൊരിച്ച കോഴിയുമായി തിരിച്ചു വരുന്നു
പണ്ടൊരു പെണ്‍കുട്ടി തൂങ്ങി മരിച്ച മരത്തില്‍
കടവാവ്വലുകള്‍ പെരുകി, നേര്‍ച്ചയും
കണ്ടോ ആ സൂപ്പര്‍ മാര്‍ക്കറ്റ്
അതു പണ്ടൊരു രക്ത്തസാക്ഷി പിടഞ്ഞു വീണ മണ്ണ്
മഴക്കെടുതിയില്‍ കൃഷി നശിച്ചവന്
രാസവളം ഇടക്കാലാശ്വാസം
ഇന്നി എന്തു പറയാന്‍ 
നമ്മുക്കിവിടെ അവസാനിപ്പിക്കാം !