2010, മാർച്ച് 27, ശനിയാഴ്‌ച

ഭൂരിപക്ഷം പറയുന്നു "അവര്‍ ശരിയായിരുന്നു" !!!!

ഇതൊരു സംശയമാണ്, അല്ല ചോദ്യമാണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം !!!!

കേരളം ഏറ്റവും ചര്‍ച്ച ചെയ്ത അച്ഛനും മകനും ഏതായിരിക്കും, ചോദ്യചിഹ്നം ഇടാന്‍ സമയം കിട്ടുംമുന്പേ ഉത്തരം വരും, ഒന്നു ഈച്ചര വാര്യരും രാജനും രണ്ടു കെ. കരുണാകരനും കെ. മുരളീധരനും. ആദ്യത്തെ അച്ഛനെയും മകനെയും കുറിച്ചുപറയുമ്പോള്‍ സയാമീസ് ഇരട്ടയെ പോലെ അതിനൊപ്പം കടന്നു വരും ക.കരുണാകരന്റെ പേര്.



ആദ്യം മകനെത്തേടി, പിന്നെ മകന്റെ കൊലപാതകികളെത്തേടി ഈച്ചര വാര്യര്‍ നടത്തിയ യാത്രകള്‍ മലയാളിയുടെ യാത്രകള്‍ കൂടി ആയിരുന്നു. ആ അച്ഛന്റെ മനസാക്ഷിക്കൊപ്പം കേരളം നിന്ന നാളുകള്‍. അടിയന്തരാവസ്ഥയുടെ  കറുത്ത ദിനങ്ങളില്‍ മുഖ്യമന്ത്രിയുടെ തലയ്ക്കുമുകളില്‍ സര്‍വ്വാധികാര്യക്കാരനായിരുന്ന ആഭ്യന്തര മന്ത്രി കരുണാകരനിലേക്കായിരുന്നു എല്ലാ ആരോപണങ്ങളും ചെന്നവസാനിച്ചത്‌. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കരുണാകരനെ 'കൊലയാളി' എന്നു വിളിച്ചു. കരുണാകരന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നു തോന്നിപ്പിച്ച നാളുകള്‍. നീതി തേടി ഒരച്ഛന്‍ നടത്തിയ പോരാട്ടം ഒരു ജനതയുടെ പോരാട്ടമായി വാഴ്ത്തപ്പെട്ട നാളുകള്‍. പക്ഷേ കരുണാകരന്‍ അധികാരത്തില്‍ തിരിച്ചെത്തി, അതും മുഖ്യമന്ത്രിയായി !!!



ബാലചന്ദ്രന്‍ ചുള്ളിക്കാട് അരഭിമുഖത്തില്‍ പറഞ്ഞത്പോലെ " ഒരഭിനന്ദനം പോലെ കെ.കരുണാകരനെ മലയാളി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു, ഒന്നല്ല മൂന്നു തവണ". അതെ, കരുണാകരനെ 'കൊലയാളി' എന്നു വിളിച്ച അതെ ജനത അദ്ദേഹത്തെ വീണ്ടും വീണ്ടും സന്തോഷത്തോടെ അധികാരക്കസേരയില്‍ അവരോധിച്ചു !!! ഒരു സംശയം അല്ല ചോദ്യം ബാക്കിയാവുന്നു, അപ്പോള്‍ ഈച്ചര വാര്യര്‍ക്കൊപ്പമുന്ടെന്നു തോന്നിച്ച ആ വലിയ ജനക്കൂട്ടം ഏതായിരുന്നു ? നീത്ക്കുവേണ്ടിയുള്ള ഒരു തലമുറയുടെ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തലമുറയെവിടെ ? ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


വര്‍ഷങ്ങള്‍ക്കിപ്പുറം ഗാന്ധിജിയുടെ ഗുജറാത്ത്. 2002- ല്‍ ഗുജറാത്തില്‍ നടന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ട്‌ കലാപത്തില്‍ കൊല്ലപ്പെട്ടത് ആയിരങ്ങള്‍, ഗുരുതരമായ പരുക്ക് പറ്റിയവര്‍ അതിലുമേറെ, ബലാല്‍സംഗത്തിനിരയായത്‌ പ്രായഭേദമന്യേ നൂറുകണക്കിന് സ്ത്രീകള്‍. അന്നു ടി. വി ചാനലുകളും, പത്രങ്ങളും ആവത്തിച്ചു കാണിച്ച ഒരു മുഖമുണ്ട്, അക്രമികള്‍ക്ക് മുന്നില്‍ കണ്ണു നിറഞ്ഞു, കൈ കൂപ്പി സ്വന്തം ജീവനായി യാചിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയ മുഖം. ഇന്ത്യന്‍ മനസാക്ഷിക്ക് വേദനിച്ചെന്നു മാധ്യമങ്ങള്‍ പറഞ്ഞ നാളുകള്‍. കലാപത്തിന്റെ അണിയറ ശില്‍പ്പിയായ നരേന്ദ്ര മോഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമലയടിച്ച നാളുകള്‍. ഇന്ത്യന്‍ തെരുവുകളില്‍ മോഡിയെ നരഭോജിയായി ചിത്രീകരിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. കലാപത്തിനു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്, മോഡിയെപ്പോലും അത്ഭുതപ്പെടുത്തിയ ഭൂരിപക്ഷത്തോടെ ആദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി !!! ഒന്നല്ല, കലാപത്തിനു ശേഷം നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗുജറാത്ത് ജനത മോഡിയെ ഉത്സാഹത്തോടെ മുഖ്യമന്ത്രി കസേരയിലിരുത്തി. വീണ്ടും സംശയം, ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്നു വയ്പ്പ്. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍. അപ്പോള്‍ ജനാധിപത്ത്യത്തിന്റെ കണക്കില്‍ കരുണാകരന്മാരും , മോഡിമാരും ശരിയെന്നു വരുന്നു !!! അപ്പോള്‍ പറയൂ, ഈച്ചരവാര്യര്‍ക്കൊപ്പവും, മോഡിക്കെതിരെയും ഉണ്ടെന്നു നമ്മള്‍ കരുതിയ വന്‍ ജനക്കൂട്ടമെവിടെ ??? മനസാക്ഷിയുടെ ശബ്ദ്ദമെവിടെ ??? ശരിക്കും വിഡ്ഢികള്‍ ആരാണ് ????
 
 
ചിത്രങ്ങള്‍ കടപ്പാട്‌ : ഗൂഗിള്‍ ഇമേജസ്

8 അഭിപ്രായങ്ങൾ:

  1. ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്നു വയ്പ്പ്. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍. അപ്പോള്‍ ജനാധിപത്ത്യത്തിന്റെ കണക്കില്‍ കരുണാകരന്മാരും , മോഡിമാരും ശരിയെന്നു വരുന്നു !!! അപ്പോള്‍ പറയൂ, ഈച്ചരവാര്യര്‍ക്കൊപ്പവും, മോഡിക്കെതിരെയും ഉണ്ടെന്നു നമ്മള്‍ കരുതിയ വന്‍ ജനക്കൂട്ടമെവിടെ ??? മനസാക്ഷിയുടെ ശബ്ദ്ദമെവിടെ ??? ശരിക്കും വിഡ്ഢികള്‍ ആരാണ് ????

    മറുപടിഇല്ലാതാക്കൂ
  2. ചെയ്യപ്പെട്ട വോട്ടുകളില്‍ ഭൂരിപക്ഷം നേടുന്നവരാണ് ജയിക്കുന്നത്. 60 അല്ലെങ്കില്‍ 65% പേരെ സാധാരണ വോട്ടു ചെയ്യാറുള്ളൂ . ഒന്നിലധികം സ്ഥാനാര്തികള്‍ക്ക് ഇതില്‍നിന്നു വിഭജിച്ചുപോകുമ്പോള്‍ വോട്ടുചെയ്യാത്തവരെക്കാള്‍ കുറവായിരിക്കും വിജയിയുടെ വോട്ടുകള്‍!
    അങ്ങിനെയെങ്കില്‍ ഇതിനെ ജനഹിതം എന്ന് പറയാമോ?!

    മറുപടിഇല്ലാതാക്കൂ
  3. തെച്ച്ചിക്കൊടന്റെ അഭിപ്രായം ശരിയാണ്.''ജനഹിതം'',''ധര്മയുദ്ധം '' ഇത്തരം വാക്കുകള്‍ക്കു
    വിലയില്ലെന്നറി യുന്നവര്‍ വോട്ടു ചെയ്യാനേ പോകുന്നില്ല എന്നതാണ് സത്യം.പിന്നെ..സാഹിത്യമോ വേദാന്തമോ പറയുകയാണെന്ന് ധരിക്കരുത്.
    ഇത്തരം വിജയങ്ങള്‍ കൊണ്ടെന്തുന്ടു കാര്യം?നിലയ്ക്കാത്ത മനസ്സാക്ഷിയുടെ
    മുറി പ്പെടുത്തലുകള്‍ അവരെ പിന്തുടരില്ലേ?അവര്‍ ഉള്ളില്‍ അടക്കുന്നതല്ലേ ഈ
    വേവലാതികള്‍.
    നിലയ്ക്കാത്ത ആര്‍ത്തി കൊണ്ടാണ് അവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. സ്നേഹിതാ..
    ഭൂരിപക്ഷത്തിനു തലകള്‍ മാത്രമേ ഉള്ളൂ. തലച്ചോര്‍ ഉണ്ടാവണമെന്നില്ല. അവരവര്‍ക്ക് അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ ഓരോ സമൂഹത്തിനും ലഭിക്കൂ. തല മാത്രമുള്ള ഭൂരിപക്ഷത്തിനു തലച്ചോര്‍ കൂടി വളര്‍ന്നു വരുമ്പോള്‍ നാട് നന്നാവും. താന്കളുടെ വേദനയ്ക്ക് പരിഹാരവുമാകും.
    നല്ല ലേഖനം. തുടരുക...

    മറുപടിഇല്ലാതാക്കൂ
  5. തെക്കൂ...
    ശരിയാണ്.
    തെച്ചിക്കോടൻ പറഞ്ഞപോലെ, ഭൂരിപക്ഷം എന്നത് വെറും സാങ്കേതികം മാത്രം!

    മറുപടിഇല്ലാതാക്കൂ
  6. പണം കയ്യിലുള്ളവന്‍ പറയുന്നതാണ് ശരി.... സത്യം എന്നതൊക്കെ ഇന്ന് വിലക്ക് വാങ്ങാന്‍ പറ്റുന്ന ഉല്‍പ്പന്നങ്ങളാണ് !!! ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞ പോലെ ഒരു പണക്കാരനെ ബഹുമാനിക്കാന്‍ പഠിക്കൂ സുഹൃത്തേ..

    മറുപടിഇല്ലാതാക്കൂ