2010, ഏപ്രിൽ 11, ഞായറാഴ്‌ച

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......' ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ക്കായി കേരളം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് മാത്രമായി ചാന്നലുകളുള്ള, തത്സമയ സംപ്രേക്ഷണങ്ങളുടെയും, ബ്രേക്കിംഗ്, ഫ്ലാഷ് ന്യൂസുകളുടെയും ഇന്നത്തെ കാലത്ത് അവിശ്വസനീയമായി തോന്നാവുന്ന ഒരു 'ആകാശവാണി' കാലം. ടെലിവിഷന്‍ ആഡംബരവും, റേഡിയോ ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ വിനോദോപാധിയുമായിരുന്ന കാലം. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത രാമചന്ദ്രനും, സുഷമ്മയുമൊക്കെ സുന്ദരമായ ശബ്ദ്ദം കൊണ്ട് മലയാളിയുടെ താരങ്ങളായിരുന്നു അന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലിഷ് വാര്‍ത്തകളില്‍ നിന്നായിരുന്നു ഒരു ദിവസത്തിന്റെ തുടക്കം. ഇംഗ്ലിഷ് കേട്ടാല്‍ മനസ്സിലാകാത്തവരും റേഡിയോ 'ഓണ്‍' ചെയ്തു വയ്ക്കും. പിന്നാലെ വരുന്ന 'പ്രഭാതഭേരി' ഒരു വാക്ക് പോലും നഷ്ട്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ! സമകാലീന പ്രശ്നങ്ങളിലെ ശക്ത്തമായ ഇടപെടലായിരുന്നു അക്കാലത്ത് പ്രഭാതഭേരി. തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള വേദി. രാവിലെയുള്ള പരിപാടികളില്‍ ഏറ്റവും ജനപ്രീയമായ ഒന്ന്. പ്രഭാതഭേരിയുടെ തുടക്കത്തില്‍ അന്നത്തെ വാര്‍ത്തകള്‍ ചുരുക്കി പറയുമായിരുന്നു. ഞാനൊക്കെ അതു മുടങ്ങാതെ കേട്ടത് സ്കൂളിനു അവധി വല്ലതുമുണ്ടോ എന്നറിയാനായിരുന്നു. :)

പ്രഭാതഭേരിക്ക് ശേഷം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ ഓരോ മലയാളിക്കും പരിചിതമായ ആ ശബ്ദ്ദം ഒഴികിയെത്തി."ആകാശവാണി, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്...." സുന്ദരമായ ശബ്ദ്ദത്തില്‍ രാമചന്ദ്രന്‍ ഇങ്ങനെ വായിച്ചു തുടങ്ങുമ്പോള്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്നത് ലക്ഷക്കണക്കിന്‌ മലയാളികളായിരുന്നു. പാട്ടില്‍ യേശുദാസ് പോലെ വാര്‍ത്തയില്‍ രാമചന്ദ്രനെന്നു ഉപമ ചാര്‍ത്തിയ കാലം. ഒരു പാടു മലയാളികളുടെ ഗൃഹാതുര സ്മരണയുടെ ഭാഗമാണ് ഇന്നും രാമചന്ദ്രന്റെ ശബ്ദ്ദം.

മലയാളം വാര്‍ത്തകള്‍ക്ക് ശേഷം വരുന്ന സംസ്കൃത വാര്‍ത്ത ഒന്നും മനസിലാകുമായിരുന്നില്ലെങ്കിലും ഞാന്‍ കേള്‍ക്കുമായിരുന്നു. പ്രത്വേക ഈണത്തിലുള്ള സംസ്കൃത വായന കേള്‍ക്കല്‍ അന്നൊരു രസമായിരുന്നു. ഡല്‍ഹിയില്‍ നിന്നു സംപ്രക്ഷണം ചെയ്യുന്ന മലയാളം വാര്‍ത്തകളായിരുന്നു അന്നൊക്കെ മലയാളിയെ ദേശീയരാക്കിയത്. വാര്‍ത്തകള്‍ക്ക് ശേഷം ചായക്കടകളിലും, കവലകളിലും നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ ദേശീയ രാഷ്ട്രീയം തിളച്ചുമറിഞ്ഞു.

വാര്‍ത്തകള്‍ കഴിഞ്ഞാല്‍ ആഴ്ചയിലെ ഓരോ ദിവസവും ഓരോ പരിപാടികളായിരുന്നു. എസ്സ്.കെ.പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായിക്കുന്നതിനു മുന്നേ തന്നെ ആകാശവാണിയില്‍ ശബ്ദ്ദ രേഖയായി കേട്ടു പരിചിതമായിരുന്നു. സുന്ദരമായ ശബ്ദ്ദത്തില്‍ കഥ വായിച്ചതാരായിരുന്നു ?? എം.ജി.രാധാകൃഷ്ണനും, ഭരണിക്കാവ് ശിവകുമാറും സംഗീതം പഠിപ്പിച്ചിരുന്നത് ഇന്നും സുന്ദരമായ ഒരോര്‍മ്മയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് പഴയ തലമുറയിലെ സംഗീതപ്രേമികളുടെ മനസ്സില്‍. ആകാശവാണിയില്‍ കേട്ട ചില ലളിതഗാനങ്ങള്‍ സിനിമാ ഗാനങ്ങളെക്കാള്‍ പ്രശസ്ത്തമായിരുന്നു അന്നൊക്കെ. യുവജനോത്സവ വേദികളില്‍ ആ ഗാനങ്ങള്‍ പാടിയവരുടെ കയ്യില്‍ സമ്മാനത്തിന്റെ തിളക്കമുണ്ടായി.

ഉച്ചക്കൊരു മണിക്കായിരുന്നു ദിവസത്തെ ഏറ്റവും ജനപ്രീയ പരിപാടി, ഒന്നല്ല തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒരുപാടു തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച 'ചലച്ചിത്രഗാനങ്ങള്‍'. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഐ പോടും, എം പി ത്രീയും, റിയാലിറ്റി ഷോകളും, സ്റ്റാര്‍ ചോയിസും നിറയുന്ന ഈ കാലത്ത് അതോരത്ത്ഭുദമായി തോന്നാം ! യേശുദാസും, ജയചന്ദ്രനും, കമുകറ പുരുഷോത്തമനും, എം.ജി. ശ്രീകുമാറും എസ്സ്.ജാനകിയും,പി.ലീലയും, സുശീലയും, ചിത്രയും, സുജാതയുമൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഒഴികിയെത്തിയത് ആ ഉച്ച നേരങ്ങളിലായിരുന്നു. നട്ടുച്ച നേരത്തെ ചൂടില്‍പ്പോലും കേള്‍വിക്കാരെ കാല്പ്പനികരാക്കിയ 'ചലച്ചിത്രഗാനങ്ങള്‍'. ഞായറാഴ്ചകളില്‍ അതു ശ്രോതാക്കളാവശ്യപ്പെടുന്ന ചലച്ചിത്ര ഗാനങ്ങളായി 'രഞ്ജിനി' എന്ന പേരിലെത്തി. ഗാനത്തിനൊപ്പം അതാവശ്യപ്പെട്ടവരുടെ പേരു വായിച്ചു കേട്ടത് ഇന്നും ഒരു പാടുപേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മധുര സ്മരണ.


കേരളത്തിലും അന്നു കൃഷി ഉണ്ടായിരുന്നു ! പാടത്തുനിന്നും, പറമ്പില്‍നിന്നും കൃഷിക്കാര്‍ നേരെ വന്നത്
റേഡിയോയുടെ മുന്നിലെക്കായിരുന്നു, 'വയലും വീടും 'കേള്‍ക്കാന്‍. റേഡിയോ കര്‍ഷകന് സുഹൃത്തും, വഴികാട്ടിയുമായി. ഏഴരയുടെ വാര്‍ത്തകള്‍ക്ക് ശേഷം യുവവാണിയില്‍ കഥയും, കവിതയും പൂത്തു വിടര്‍ന്നു. കടമനിട്ടയുടെ 'കാട്ടാളന്‍' ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് യുവവാണിയിലാണ്. പണ്ടെങ്ങോ ആകാശവാണിയില്‍ കേട്ട അഷിതയുടെയു, പ്രിയ.എ.എസ്സിന്റെയും കഥകളിലെ ചില വരികള്‍ ഇന്നും ഓര്‍ക്കുന്നു. സാംബശിവന്റെയും, കെടാമംഗലം സദാനന്ദന്റെയും കഥകേട്ടു വളര്‍ന്നവരെത്തേടി ശനിയാഴ്ചകളില്‍ കഥാപ്രസംഗമെത്തി. ഒഥല്ലോയും, കാഞ്ചനസീതയും, ഭീഷ്മരും, കര്‍ണ്ണനുമൊക്കെ ശ്രോതാക്കള്‍ കേട്ടത് ഹൃദയംകൊണ്ടായിരുന്നു.


'കണ്ടതും കേട്ടതും', തിരുവന്തോരം ഭാഷയില്‍ ഞായറാഴ്ച രാത്രികളിലെത്തി ചിരിയുടെ മാലപ്പടക്കമുതിര്‍ത്തു. രണ്ടു മിന്നുട്ടെ ഉള്ളായിരുന്നെങ്കിലും അതു അടുത്ത ഒരാഴ്ചത്തേക്ക് നമ്മളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
എഴുത്തുപെട്ടി, നാടക ഗാനങ്ങള്‍, വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ നാടകോത്സവം, ഗാന്ധി മാര്‍ഗം, ബാല ലോകം, ഡോകട്ടറോട്‌ ചോദിക്കാം, ചലച്ചിത്ര ശബ്ദ്ദരേഖ, ഹിന്ദി പാഠം ......അങ്ങിനെ അങ്ങിനെ മനസ്സില്‍ ഒരു 'ആകാശവാണി' കാലം ഇന്നും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു, അല്ല സുന്ദരമായ ശബ്ദ്ദത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

12 അഭിപ്രായങ്ങൾ:

  1. അങ്ങിനെ അങ്ങിനെ മനസ്സില്‍ ഒരു 'ആകാശവാണി' കാലം ഇന്നും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു, അല്ല സുന്ദരമായ ശബ്ദ്ദത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പോഴും ഓര്‍മ്മയുണ്ട് പല പരിപാടികളുടെയും സമയം പോലും...പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകുന്ന പോസ്റ്റ്‌....നല്ല ഭാഷ..അഭിനന്ദനങ്ങള്‍.....കൌതുക വാര്‍ത്തയുടെ കാര്യം മറന്നോ ???......

    മറുപടിഇല്ലാതാക്കൂ
  5. ആകാശത്തിപ്പോള് എഫ്.എം തരംഗം മാത്രമേയുള്ളൂ. എ.എം ആര്ക്കും വേണ്ട.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, ഏപ്രിൽ 12 3:29 PM

    aakasavaaani samprathi vaartha ha sooyamtham,pravachaka paramananda sagara..... samskritham vaartha ingane tudangunnu...itum paranju njaanum ente chechiyum ippozhum chirikkyaarundu.........

    മറുപടിഇല്ലാതാക്കൂ
  7. KAALAM MAARI KATHA MARRI , DEAR SAJI MAATTOM ANIVARYAMAYA ORU GHADAKAM AANU KUTTI,

    മറുപടിഇല്ലാതാക്കൂ
  8. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ....

    ഞാനും ഒരു ‘കടും വെട്ട്’ ആകാശവാണി ഫാനായിരുന്നു!

    അതുകൊണ്ടു തന്നെ രാവിലെ വാർത്ത വായിച്ചിരുന്നത് രാമചന്ദ്രനായിരുന്നു എന്നു പറഞ്ഞത് ഞാൻ എതിർക്കും.

    രാവിലത്തെ വാർത്ത കോഴിക്കോട് റിലേ ആയിരുന്നു. അതിൽ പ്രധാനി വെണ്മണി വിഷ്ണു ആയിരുന്നു.

    രാവിലെ ഏഴരയ്ക്കുള്ള വാർത്തകൾ ഡെൽഹി റിലേ. വായനക്കാർ ഗോപൻ, ശങ്കരനാരായണൻ, സുഷമ, പിൽക്കാലത്ത് രത്നഭായ്.


    ഉച്ചയ്ക്ക് പന്ത്രണ്ടരക്കുള്ള വാർത്ത മാറിമാറി വായിച്ചിരുന്നത് രാമചന്ദ്രനും പ്രതാപനും ആയിരുന്നു. ശബ്ദം കൂടുതൽ സുന്ദരം പ്രതാപന്റെയായിരുന്നു. ജനപ്രിയ ശൈലി രാമചന്ദ്രന്റേതും.തിരുവനന്തപുരം റിലേ.

    ഉച്ചയ്ക്ക് 12.50 നുള്ള വാർത്തകൾ ഡെൽഹി റിലേ. നേരത്തെ പറഞ്ഞ ആൾക്കാർ തന്നെ.

    പിന്നീട് വൈകുന്നേരം 6.25 നുള്ള വാർത്തകൾ. അത് തിരുവനന്തപുരം റിലേ. രാമചന്ദ്രനും പ്രതാപനും. പിൽക്കാലത്താണ് സുഷമ മോഹൻ വായനക്കാരിയായത്. (ആദ്യം പറഞ്ഞ സുഷമ വേറെ)

    രാത്രി 7.25 നു വീണ്ടു ഡെൽഹി വാർത്തകൾ....

    ഹാ....! ഓർമ്മകൾ!

    മറുപടിഇല്ലാതാക്കൂ
  9. ഡോക്ടറെ, അഭിപ്രായം അറിയിച്ചതിനു നന്ദി......ഓര്‍മ്മക്കുറവുണ്ട്...:) അതാ പലതും വിട്ടു പോയത്.....വീട്ടില്‍ ഒരു ഫിലിപ്പ്സിന്റെ റേഡിയോ ഉണ്ടായിരുന്നു വര്‍ഷങ്ങളോളം......അതെന്റെ കുട്ടിക്കാലത്തിന്റെ ഭാഗമാണ്....വെണ്മണി വിഷ്ണു, സുഷമ്മ മോഹന്‍, പ്രതാപന്‍,,,എല്ലാം ഓര്‍മ്മ വരുന്നു........നന്ദി, വിട്ടു പോയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചതിനു .......ഇങ്ങനെയുള്ള ക്രിയാത്മകമായ അഭിപ്രായങ്ങള്‍ വീണ്ടും എഴുതാന്‍ ഉര്‍ജ്ജം നല്‍കുന്നു.........commentitta ellaperkkum nandhi.....

    മറുപടിഇല്ലാതാക്കൂ
  10. പഴയകാല മാധുര്യം ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ