2010, ജനുവരി 21, വ്യാഴാഴ്‌ച

ഒരു യാത്രാ മൊഴിയുടെ ഓര്‍മ്മയ്ക്ക്‌......

"അവളുടെ കണ്ണുകളില്‍ എന്റെ സ്വപ്നങ്ങളുടെ പകര്‍ന്നാട്ടം
വാക്കുകളില്‍ ഹൃദയ സംഗീതം
ആദ്യ ചുംബനം യാത്രാമൊഴിയില്‍ കുതിര്‍ന്നു പോയ കൌതുകം
കരുതിവച്ച പാഥേയത്തില്‍ കണ്ണീരിന്റെ വര്‍ണ്ണകാഴ്ച.
ഇന്നി കാണില്ലെന്നു ആദ്യം പറഞ്ഞതാരായിരുന്നു ?
വര്‍ഷങ്ങളുടെ അകലം, സന്ധ്യ, കുപ്പി വളകളുടെ സംഗീതം
ഇല്ല ഇന്നി തിരികെ നടക്കാന്‍ വഴികള്‍ എന്നോ
മറന്നു പോയിരിക്കുന്നു "

2010, ജനുവരി 14, വ്യാഴാഴ്‌ച

നാടകം

ക്രൂശിക്കാന്‍ ഒരു ക്രിസ്ത്തു ഇല്ലെങ്കില്‍
നാടകത്തിനെന്തു രസം !!!!!!!
യൂദാസിനു ഏറ്റവും നല്ല ചിരിക്കുള്ള സമ്മാനം
നടിയ്ക്കാന്‍ അറിയാത്തവന് കുരിശുമരണം നല്ലത്.
കല്ലെറിയുന്നതാണ് മാന്യതയുടെ അളവുകോല്‍
എന്റെ സഞ്ചിയില്‍ കല്ലുകള്‍ നിറഞ്ഞു കവിയുന്നു,
എറിയാന്‍ വച്ചതല്ല, എറിഞ്ഞു കിട്ടിയത്.
കണ്ണീരിനു മഴയാണ് നല്ല കൂട്ടുകാരനെങ്കില്‍
വേഴാംബലിനോടാണ് എന്റെ ഇഷ്ടം.

2010, ജനുവരി 9, ശനിയാഴ്‌ച

'ജ്യോതി ബസുവും കുറെ ക്യാമറാ കണ്ണുകളും'


രണ്ടു പതിറ്റാണ്ടിലേറെ (June 21, 1977 to November 6, 2000) ബംഗാളിന്റെ മുഖ്യമന്ത്രി, ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്, പാര്‍ട്ടിയുടെ 'ചരിത്ത്രപരമായ മണ്ടത്തരം' ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകേണ്ടിയിരുന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌, അങ്ങിനെ വിശേഷണങ്ങള്‍ ഒരുപാടാണ്‌ ജ്യോതി ബസുവിന്. ഇരുപത്തിനാലു വര്‍ഷം മുഖ്യമന്ത്രി ആയിരിക്കുക എന്നത് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലാത്ത ഒരത്ഭുതമായിരിക്കാം.കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയുടെ അതീവ തീവ്ര പരിചരണ വിഭാഗത്തില്‍ (ICCU) മരണത്തോട് പോരാടുന്ന ബസുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ ജനതയ്ക്ക് താല്പ്പര്യമുള്ളത് തന്നെയാണ്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ അതു 'മത്സര' ബുദ്ധിയോടെ ജനങ്ങളിലെത്തിക്കുകയും ചെയുന്നു. ആ മത്സര ബുദ്ധി മാധ്യമ മര്യാദയുടെ, മനുഷ്യത്ത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്നു പോകുന്നില്ലേ എന്നൊരു സംശയം. സംശയമല്ല, യാഥാര്‍ത്ത്യം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ത്തയില്‍ മയങ്ങുന്ന ബസു, തുടരെ മിന്നുന്ന നൂറുകണക്കിന് ക്യാമറാ ഫ്ലാഷുകള്‍, വീഡിയോ ക്യാമറകള്‍, അദ്ദേഹത്തിന്റെ കിടക്കയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്ന ആശുപത്ത്രി ജീവനക്കാരും സന്ദര്‍ശകരും, അങിനെ ഒരു പിടി ദൃശ്യങ്ങള്‍ ഒരു ന്യൂസ്‌ ചാന്നാല്‍ ലൈവ് ആയി കാണിച്ചു കൊണ്ടിരുന്നു. ഇതെന്തു മാധ്യമ ധര്‍മ്മമാണ്. അതവിടെ നില്‍ക്കട്ടെ, 96-ആം വയസിലേക്ക് കടക്കുന്ന അദ്ദേഹം അല്‍പ്പം മനുഷ്യത്ത്വം എങ്കിലും അര്‍ഹിക്കുന്നില്ലേ ? നമ്മുടെ അച്ഛനോ, പ്രീയപ്പെട്ടവരോ ഇങനെ ഒരവസ്ഥയിലെങ്കില്‍ നമ്മുടെ മാനസികനില ഒന്നാലോചിച്ചു നോക്കു ? 'aging is a sin' എന്ന മന്ത്രമുരുവിടുന്ന, പ്രായമായ കാരണവന്മാര്‍ക്ക് തെരുവിലേക്കോ, വൃദ്ദ സദനത്തിലേക്കോ വഴി കാട്ടുന്ന പുതു തലമുറയെ കുറിച്ചല്ല (അവര്‍ ന്യുന പക്ഷമാണെന്നു വിശ്വസിക്കാനാണു എനിക്കിഷ്ട്ടം), 'ഞാന്‍' എന്ന അഹംഭാവം തന്നെ അച്ഛനമ്മമാരുടെ ദാനമെന്നു വിശ്വസിക്കുന്ന ഒരു നല്ല തലമുറയെ കുറിച്ചാണ് പറഞ്ഞത്.

രോഗ വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അപ്പപ്പോള്‍ ലഭിക്കുന്നുണ്ടായിരുന്നില്ലേ ? കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള മാധ്യമ സുഹൃത്തുക്കള്‍ക്ക് ആശുപത്രി അധികൃതരോട് ചോദിച്ചു മനസിലാക്കമായിരുന്നില്ലേ ? ഒരു രോഗിക്ക് നല്‍കേണ്ടിയിരുന്ന, കിട്ടേണ്ടിയിരുന്ന പ്രാഥമികമായ 'അവകാശങ്ങള്‍' പോലും ആ 'കമ്മ്യൂണിസ്റ്റ്‌' നേതാവിന് നിഷേധിച്ചത് എന്തു മാധ്യമ മര്യാദയുടെ പേരിലാണ് ? പ്രായത്തിന്റെ പരിഗണന പോലും എന്തേ അദ്ദേഹത്തിനു നല്‍കാതെ പോയി ? ഈ നിരിക്ഷണങ്ങള്‍ എന്നെ 'മാധ്യമ വിരുദ്ധരുടെ' കൂട്ടായ്മ്മയിലെ പുതിയ മുഖമാക്കരുത്. 'ബോംബെ പോലൊരു മഹാ നഗരത്തില്‍ നിങളുടെ അനുജനോ, ബന്ധു ജനങ്ങളോ നഷ്ട്ടപ്പെട്ടാല്‍ അവിടെ നിങ്ങളെ സഹായിക്കാന്‍ മാധ്യമങ്ങള്‍ ആവശ്യമാണെന്ന' ഒ.വി.വിജയന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയതിന്റെ മാധ്യമ പക്ഷം ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നവനാണ് ഞാന്‍. ലോകത്തിലെവിടെയും മനുഷ്യാവകാശങ്ങള്‍ അധികാരികളുടെ, അക്രമികളുടെ തോക്കിന്‍ തുമ്പില്‍ വേട്ടയാടപ്പെടുമ്പോള്‍, കറന്‍സിയുടെ ധാരളിത്തമില്ലാത്തവന് നീതി നിഷേധിക്കപ്പെടുമ്പോള്‍, ഒരു മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ ജീവിതം കത്തിക്കിരയാകുമ്പോള്‍, പെണ്ണായി പോയതിന്റെ പേരില്‍ വില്‍പ്പന ചരക്കാകുമ്പോള്‍,പിന്നെ എവിടെയൊക്കെ വേദനിക്കുന്നവന്റെ കണ്ണീര്‍ വീഴുന്നോ അവിടെ എല്ലാം പ്രതിഷേധത്തിന്റെ, പ്രതികരണത്തിന്റെ ശബ്ദ്ദമാകുന്ന മാധ്യമങ്ങളുടെ ജനപക്ഷം ഈ കാലത്തിന്റെ അവസാന പ്രതീക്ഷയാണെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. അടിയന്തരാവസ്ഥയുടെ ധാര്‍ഷ്ട്ട്യം ഇവിടെ ആവര്‍ത്തിക്കതിരിക്കുന്നതും, അധികാരത്തിന്റെയും,ഗുണ്ടായിസത്തിന്റെയും ബലത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടതിയും, ജനത്തെയും വെല്ലുവിളിച്ചപ്പോള്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അതിനു ശക്ത്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞതും നമ്മുക്കിവിടെ ശക്തമായ ഒരു മാധ്യമ കൂട്ടായ്മ്മ നില നില്‍ക്കുന്നത് കൊണ്ടാണ്. പക്ഷേ അതിന്റെ പേരില്‍, കൊല്‍ക്കത്തയിലെ ആശുപത്രി കിടക്കയില്‍, അബോധാവസ്ത്തയില്‍ മയങ്ങുന്ന ഒരു പാവം രോഗിക്ക് ചുറ്റും നിങള്‍ കാണിച്ചു കൂട്ടുന്ന ക്യാമറാ കസര്‍ത്തിനെ ന്യായീകരിക്കാന്‍ എനിയ്ക്കു കഴിയുന്നില്ല.........തന്റെ രോഗിക്ക് ചുറ്റും ഉത്സവ കാഴ്ച്ചകള്‍ക്കനുമതി നല്‍കിയ ഡോക്ട്ടര്‍, അവിടെ നിങ്ങളായിരുന്നില്ലേ ഒന്നാം പ്രതി............?

2010, ജനുവരി 6, ബുധനാഴ്‌ച

മലയാളിയുടെ 'ബുര്‍ജ് ദുബായ്'....

അസാദ്ധ്യം എന്ന വാക്കിനെ 820 മീറ്ററിന്റെ തലയെടുപ്പില്‍ ദുബായ് വീണ്ടും വെല്ലുവിളിക്കുന്നു. 'ബുര്‍ജ് ദുബായ്' ഉയരങ്ങളിലേക്ക് പോയപ്പോള്‍ നൂറുകണക്കിന് മലയാളികളും അതില്‍ പങ്കാളികളായി, ഡ്രൈവര്‍ മുതല്‍ എഞ്ചിനീയര്‍ വരെ. ചാന്നലുകള്‍ അതില്‍ പലരുമായുമുള്ള ഇന്റര്‍വ്യൂ തത്സമയം കാണിച്ചു. നല്ല മലയാളത്തില്‍ അവര്‍ സംസാരിക്കുന്നത് കേട്ട് ഒരു മലയാളി എന്ന നിലയില്‍ ടീവിയിടെ മുന്നിലിരുന്നു ഞാനും അഭിമാനം കൊണ്ടു.ഒരു മിന്നുട്ടിനുള്ളില്‍ മുകളിലെത്താവുന്ന ലിഫ്റ്റിനെ കുറിച്ച്, ഇന്നിയും വെളിപ്പെടുത്താനിരിക്കുന്ന അത്ഭുതത്തെ കുറിച്ച്, നിര്‍മ്മാണത്തിനുപയോഗിച്ച മേട്ടീര്യല്സിന്റെ അളവിനെ കുറിച്ചൊക്കെ ചാന്നലിന്റെ റിപ്പോര്‍ട്ടര്‍ മനോഹരമായി പറഞ്ഞു തന്നു. asianetinte ന്യൂസ്‌ ടീമിന് നന്ദി. അബു ദാബിയിലെ റൂമിലിരുന്നു എല്ലാം കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം കേരളം, അവിടെ നമ്മള്‍ വര്‍ഷങ്ങളായി സ്വപ്നം കാണുന്ന ഒരു പറ്റം 'ബുര്‍ജ് ദുബായ്' കള്‍ മനസ്സില്‍ കൂടി കടന്നു പോയി (നീ അല്ലേല്ലും ആവശ്യമില്ലാത്താതെ മനസ്സില്‍ കൂടി കടത്തി വിടുള്ളൂ എന്നു പറയരുത് ). എക്സ്പ്രസ്സ്‌ ഹൈവേ, സ്മാര്‍ട്ട് സിറ്റി (അതിപ്പം ഒട്ടും സ്മാര്‍ട്ടല്ലെന്നു തോന്നുന്നു !!!!!), കൊച്ചി മെട്രോ ട്രെയിന്‍, വിഴിഞ്ഞം തുറമുഖം......തൊണ്ണൂറുകളുടെ അവസാനം നമ്മള്‍ ആലോചിച്ചു തുടങ്ങിയ അതിവേഗ പാത മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പറയാന്‍ തുടങ്ങിയ 'സ്മാര്‍ട്ട്‌ സിറ്റി' വരെ, മലയാളി കണ്ട ഏറ്റവും സ്മാര്‍ട്ടായ സ്വപ്നം ചരടുപോട്ടിയ പട്ടമായി.......വര്‍ഷങ്ങള്‍ എത്ര ബൈ ബൈ പറഞ്ഞു കടന്നു പോയി.......ചാന്നലിന്റെ മേശപ്പുറത്തും, ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സുഖ ശീതളിമയിലും എത്ര ചര്‍ച്ചകള്‍.......പോര്‍ വിളികള്‍......എത്ത്ര മുഖ്യമന്ത്രിമാര്‍, സാധാ മന്ത്രിമാര്‍........ഇല്ല ഭാഗ്യത്തിന് ഇതുവരെയും ഒന്നും സംഭവിച്ചിട്ടില്ല.........ഒന്നും സംഭവിച്ചിട്ടില്ല എന്നു പറയരുത്.....കൊച്ചി ഒരു കൊച്ചു ദുബായ് ആകുമെന്ന് പറഞ്ഞു ചതുപ്പും ,കാടും നികത്തി ഫ്ലാറ്റ് പണിഞ്ഞവര്‍ കുറെ കാശുണ്ടാക്കി (അവരെല്ലാം ഇപ്പം ഗുരുവായൂര്‍ക്ക് വച്ച് പിടിച്ചിട്ടുണ്ട്, ഗുരുവായൂരപ്പനല്ലേ ഇപ്പം മാര്‍ക്കറ്റ്)......ഫ്ലാറ്റ് വാങ്ങി കൂടിയ വിലക്ക് വില്ക്കാമെന്നു കരുതി മനകോട്ട കെട്ടിയവര്‍ മാനത്തേക്ക് നോക്കി ഇരിക്കുന്നു, "എന്റെ നമ്പര്‍ വരും" ? .......എക്സ്പ്രസ് ഹൈവേ വന്നാല്‍ റോഡിനു ഇരുവശവുമുള്ള കാമുകീ കാമുകന്മാര്‍ എങ്ങിനെ പ്രണയിക്കുമെന്ന് വിലപിച്ച കവി നവ പ്രണയിനികളുടെ കയ്യടി നേടി....അല്ലേലും പ്രേമിക്കുമ്പോള്‍ കണ്ണു കാണില്ലെല്ലോ, കേള്‍വിക്കും തകരാറു വരും......ജര്‍മന്‍ സായിപ്പ് ഓണ്‍ലൈന്‍ വഴി പരിചയ പെട്ട കോട്ടയം കാരി പെണ്‍കുട്ടിയെ കെട്ടിയ കഥ നമ്മുക്ക് മറക്കാം...പറഞ്ഞത് നമ്മുടെ കവി അല്ലെ !!!!!!!..........കൊച്ചിയില്‍ മെട്രോ ലാഭാത്തിലാകില്ലെന്നു പ്രവചിച്ചു അനുമതി നിഷേധിച്ച കേന്ദ്ര മന്ത്രിക്കു നന്ദി. 'ലോ ഫ്ലോര്‍' (ഏതു വശത്തു എറിഞ്ഞാലും ചില്ല് പൊട്ടുന്ന ഒരു വണ്ടി സമരക്കാരുടെ ജോലി ഭാരം കുറച്ചു, ഇന്നി അതിന്റെ കാര്യം അവര്‍ നോക്കി കൊള്ളും) ബസ്സുകള്‍ 'ഞാന്‍ ഓട്ടിക്കും അല്ല ഞാന്‍ ഓട്ടിക്കും' എന്നു പറഞ്ഞു അടി ഇട്ടു മാസങ്ങളോളം കട്ട പുറത്തു വച്ചവര്‍ ഇന്നി ട്രെയിന്‍ വന്നിരുന്നെങ്കില്‍ എന്തോക്ക ചെയ്തേനെ....ഭാഗ്യം അണ്ണാ ഭാഗ്യം....ഒരടി ഒഴിവായി, വിഴിഞ്ഞം തുറമുഖ പദ്ധതി അഴിക്കാന്‍ വയാത്ത കുരുക്കായി സര്‍ക്കാരിനെ പദപ്രശ്നം കളിപ്പിക്കുന്നു..........

എണ്ണപ്പാടങ്ങള്‍ സമൃദ്ധി വിളയിക്കുന്ന ഒരു നാട്ടില്‍ ഇരുന്നു കൊണ്ട് വിവരക്കേട് പറയരുതെന്ന് എന്നെ തെറി പറയരുത്........വമ്പന്‍ പ്രോജെക്റ്റുകള്‍ മറക്കാം......വളരെ ചെറിയ മുതല്‍ മുടക്കുള്ള റോഡുകള്‍ എങ്കിലും മരണക്കെണി ആകാതിരിക്കാനുള്ള ബാധ്യത നമ്മുടെ സര്‍ക്കാരുകള്‍ക്കില്ലേ ??? ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു....തെറ്റെങ്കില്‍ ക്ഷമിക്കുക......ദിവസവും എത്ര ജീവനുകള്‍, എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍ നമ്മുടെ റോഡിലെ കുഴികളില്‍ തലതല്ലി വീണവസാനിക്കുന്നു.......പൊട്ടിക്കാന്‍ കരുതി വച്ചതെല്ലാം നനഞ്ഞ പടക്കങ്ങളായി പോയ പ്രിയ പെട്ട മുഖ്യമന്ത്രി, അടുത്ത തവണ എനിക്ക് 'ദീപാവലി' എന്നു സ്വപ്നം കണ്ടുറങ്ങുന്ന പ്രിയ പെട്ട പ്രതിപക്ഷ നേതാവേ, ഈ ചെറിയ റോഡുകള്‍ എങ്കിലും ???? കുഴികളില്ലാത്ത റോഡും,(കുഴിയില്ലെങ്കില്‍ പിന്നെ എന്തോന്ന് അണ്ണാ), നല്ല കുടി വെള്ളവും, (കാശു കൊടുത്താല്‍ നല്ല ഒന്നാന്തരം മിനറല്‍ വാട്ടര്‍ കടേല്‍ കിട്ടും, അത് വാങ്ങി കുടിക്കടെ) കുറഞ്ഞ ചിലവില്‍ മക്കള്‍ക്ക്‌ നല്ല വിദ്യഭ്യാസവും,(സ്വാശ്രയ കോളേജിനെ പൂട്ടിക്കാനുള്ള പരിപാടിയാണല്ലേ ? വേല മനസിലിരിക്കട്ടെ മോനെ, കാശുള്ളവന്‍ പഠിച്ചാല്‍ മതി) പനി വന്നാല്‍ ബില്ല് കാണുമ്പോള്‍ അറ്റാക്ക് വരാത്ത ചികിത്സയും, (നീയൊക്കെ ജീവിച്ചിരുന്നിട്ടും കാര്യമൊന്നുമില്ല, കാശുണ്ടോ ?), കൊട്ടേഷന്‍ ടീമുകളെ പേടിക്കാതെ വഴി നടക്കാനുള്ള സ്വാതന്ത്ര്യവും,(അയ്യോ ഞാനൊന്നും പറഞ്ഞില്ലേ. അണ്ണാ കാലു തല്ലി ഓടിക്കരുത്, ഞാനൊരു പാവമാണ്) അങിനെ വളരെ ചെറിയ സ്വപ്നങ്ങളെ ഉള്ളു ഭൂരിപക്ഷം വരുന്ന സാധാരണ മലയാളിക്ക്......അതെങ്കിലും കഴിയണ്ടേ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ??? അതിനുള്ള വരുമാനമില്ലേ നമ്മുടെ സര്‍ക്കാരിനു ??? സാധാരണക്കാരന്‍ വോട്ട് ചെയ്‌താല്‍ പോരെ ജീവിക്കാനാരാ പറഞ്ഞതെന്ന് മറു ചോദ്യം നേതാക്കള്‍ ചോദിച്ചാല്‍ ക്ഷമിക്കണം എന്റെ കയില്‍ ഉത്തരമില്ല.( പണ്ട് പരീക്ഷക്കിരിക്കുമ്പോഴും ഈ അസുഖം എന്നെ കുഴക്കീട്ടുണ്ട്, ഉത്തരമില്ലായ്മ്മ) എ.കെ.ആന്റണിയും, വി.എസ്സും നല്ലവരാണെന്നു, അഴിമതിക്കാരല്ലെന്നു, എന്തൊക്കയോ നല്ല കാര്യങ്ങള്‍ ചെയണമെന്നു മനസുള്ള നേതാക്കളെന്ന് വിശ്വസിക്കുന്ന ധാരാളം മലയാളികളുണ്ട്.....പക്ഷെ അവരെ രണ്ടിനെയും തോല്‍പ്പിച്ചു കളഞ്ഞത് സ്വന്തം പാര്‍ട്ടിയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങളെന്നത് വര്‍ത്തമാന കാല ദുര്യോഗം.....മരിച്ചു നരകത്തില്‍-എനിക്കുറപ്പാണ് അങ്ങിനെ ഒരു ലോകമുന്ടെങ്കില്‍ നമ്മുടെ നേതാക്കളെല്ലാം അവിടെ തന്നെ എത്തും- നിങളെ കാത്തു ജീവിച്ചു കൊതിതീരും മുന്‍പേ റോഡുകളിലെ കുഴികളില്‍ തലതല്ലി വീണു പൊലിഞ്ഞു പോയവര്‍ സ്വര്‍ഗത്തില്‍ നിന്നു വരും, പകരം ചോദിക്കാന്‍......അവിശ്വാസി എങ്കിലും എന്റെ ഏറ്റവും വല്യ വിശ്വാസമാനത്....ബുര്‍ജ് ദുബായ് വീണ്ടും ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ കുട്ടിയെ അത്ഭുദപ്പെടുത്തുന്നു........