2013 മേയ് 28, ചൊവ്വാഴ്ച

ഓരോ തുള്ളി ചോരയിൽ നിന്നും.....മുദ്രാവാക്യങ്ങൾ പറയുന്നു......

"തെക്കുതെക്കൊരു ദേശത്തു
അലമാലകളുടെ തീരത്ത്‌ 
പ്ലോറിയെന്നൊരു ഗർഭിണിയെ
ഭർത്താവില്ലാ നേരത്ത്
ചുട്ടുകരിച്ചൊരു സർക്കാരെ"

വിമോചന  സമരകാലത്ത് കേരളത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണിത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം എന്നും മുദ്രാവാക്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. രാഷ്ട്രീയ സമരങ്ങൾക്ക് വീറും, വാശിയും നൽകിയത് നേതാക്കൾ വിളിച്ചു നൽകിയ മുദ്രാവാക്യങ്ങൾ ആയിരുന്നു. 

"ഞങ്ങടെ ചങ്കിലെ ചോരയ്ക്ക് 
നിങ്ങടെ കോടിയുടെ നിറമെങ്കിൽ 
ആ ചെങ്കൊടിയാണെ കട്ടായം 
പകരം ഞങ്ങൾ ചോദിക്കും"

വിമോചന സമരം വിളിച്ചു നടന്ന മറ്റൊരു മുദ്രാവാക്യം. ഒരു പക്ഷെ കേരളത്തിനു ഏറ്റവും കൂടുതൽ മുദ്രാവാക്യങ്ങൾ സമ്മാനിച്ചതും വിമോചന സമരമായിരിക്കാം (ജാതി, മത കോമരങ്ങൾ കേരള രാഷ്ട്രീയത്തിൽ പിന്നിൽ നിന്നു ചരട് വലിക്കുന്ന ശക്തിയായതും വിമോചന സമരത്തോടെയായിരുന്നു). അങ്കമാലിയിൽ ഏഴുപേർ പോലീസ് വെടിവെയ്പ്പിൽ മരിച്ചപ്പോൾ വിമോചന സമരക്കാർ കേരളമാകെ തൊണ്ട പൊട്ടി വിളിച്ചു;

"അങ്കമാലി കല്ലറയിൽ ഞങ്ങടെ സൊദരരുണ്ടെങ്കിൽ 
ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും"

K .S .U - ക്കാരും, യുവ കോണ്‍ഗ്രസ്സുകാരും, കോട്ടയം കോണ്‍ഗ്രസ്സുകാരും ഇന്നും അണികൾക്ക് ആവേശം കിട്ടാൻ ഈ മുദ്രാവാക്യം വിളിക്കുന്നത്‌ കേൾക്കാം !!!

E .M .S  സർക്കാരിന്റെ പോലിസ് ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർക്കു പോലും രക്ഷയില്ലെന്നു  പ്രതിപക്ഷം കളിയാക്കിയപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടി മറുപടി വിളിച്ചു; 

"ഞങ്ങടെ പോലിസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോണ്‍ഗ്രസ്സേ" 

വിദ്യാർത്ഥി, യുവജന സമരങ്ങൾക്ക് എന്നും ആവേശം നൽകിയത് അവർ വിളിച്ച മുദ്രാവാക്യങ്ങളായിരുന്നു. ഇതിൽ എന്നും ഇടതുപക്ഷ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ മുന്നിൽ നിന്നു. 

"ചോരച്ചാലുകൾ നീന്തി കയറിയ 
തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ 
വെടിയുണ്ടകളെ പൂവായ്മാറ്റിയ
രക്തസാക്ഷികളുടെ പ്രസ്ഥാനം" 

കേരളത്തിലെ ക്യാമ്പസുകളിൽ S F I - ക്ക് വേരും, തേരും ,നല്കിയ മുദ്രാവാക്യം.

തെരുവിൽ പോലിസിനെ എതിരിട്ട വിദ്യാർഥികൾ അന്നും, ഇന്നും വിളിക്കുന്നത്‌ ഒരേ മുദ്രാവാക്യം; 

"പോരാട്ടത്തിൻ അവസാനം 
ചോരച്ചാലുകളാണെങ്കിൽ 
ഞങ്ങടെ ചങ്കിലെ ചോര തരാം"

ക്യാമ്പസുകളിലെ ഓരോ കണ്ണും ഈറനാക്കി വിദ്യാർത്ഥി നേതാക്കൾ വികാരാധിനരായി വിളിച്ചു;
 " അമ്മേ ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ"

ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടിലെ  കോളേജു സമരകാലത്ത് തുരുവല്ലയ്ക്കടുത്തു വച്ചു അന്ന് ഭരണമുന്നണിയുടെ നയരൂപികണ സമിതിയുടെ കണ്‍വീനറായിരുന്ന എ. കെ. ആന്റണിയെ സ്വകാര്യകോളേജു സംരക്ഷണ സമിതിയുടെ ആൾക്കാർ ആക്രമിച്ചു. ഇതിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങിയ യുവ കോണ്‍ഗ്രസ്സുകാർ കേരളമാകെ വിളിച്ചു;
 "ആന്റണി ആരെന്നറിയാമോ, കേരളനാടിൻ അഭിമാനം" 

ബിഷപ്പുമാരെയും, സാമുദായിക നേതാക്കളെയും, സ്വകാര്യകോളേജ് മനേജരന്മാരെയും ആന്റണി എതിരിട്ടപ്പോൾ പിന്തുണ യൂത്ത് കോണ്‍ഗ്രസ്സും, ksu  - വും ആയിരുന്നു. ആന്നു ksu സമരം നയിച്ചത് വി. എം. സുധീരനായിരുന്നു. കേരളത്തിലെ തെരുവുകളിൽ ഒരു മുദ്രാവാക്യം മുഴങ്ങി കേട്ടു "ധീരാ, വീരാ വി. എം സുധീരാ, ധീരതയോടെ നയിച്ചോളു" 

അതേ സമരകാലത്ത് കേരളം കേട്ട മറ്റൊരു മുദ്രാവാക്യം;

"പണ്ടൊരു കാലം തെരുവിലിറങ്ങി 
യേശുദേവൻ കല്പ്പിച്ചു;
സീസറിനുള്ളത്  സീസറിനു,
ദൈവത്തിനുള്ളത് ദൈവത്തിനു,
ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി 
ബിഷപ്പുമാർ കൽപ്പിച്ചു;
ചിലവുകളെല്ലാം സർക്കാരിന്
വരവുകളെല്ലാം ഞങ്ങൾക്ക്"

ആരു കേരളം ഭരിച്ചാലും, ആരു പ്രതിപക്ഷത്തിരുന്നാലും സമര മുഖങ്ങളിൽ ഏറ്റവും കൂടുതൽ മുദ്രാവാക്യങ്ങൾ ഉണ്ടാകുന്നത് പൊലീസിനെതിരെ ആയിരിക്കും. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ എന്നും കേൾക്കുന്ന ഒരു മുദ്രാവാക്യം; 

"കാക്കിക്കുള്ളിൽ പോലീസെങ്കിൽ നിയമ ഞങ്ങൾ പാലിക്കും, കാക്കിക്കുള്ളിൽ കൊണ്ഗ്രസ്സെങ്കിൽ നിയമം ഞങ്ങൾ ലങ്കിക്കും"

രണ്ടു മുന്നണികളും മാറി മാറി വിളിക്കുന്ന ഒരെണ്ണം "പോടാ പുല്ലേ പോലീസ്സെ, ഞങ്ങടെ നേരെ പോരിനു വന്നാൽ നട്ടെല്ലൂരി കൊട്ടയിലാക്കി അയ്യാറെട്ടിനു വളമാക്കും" പാവം പോലീസുകാർ !!!

ഇങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ, സാമുഹിക ഭൂപടങ്ങളിൽ നിറഞ്ഞു നിന്ന ആയിരക്കണക്കിന് മുദ്രാവാക്യങ്ങൾ. പലതും സർക്കാരുകളെ വീഴിക്കുകയും, വാഴിക്കുകയും ചെയ്തു. ചിലരെ അത്യുന്നതങ്ങളിൽ എത്തിക്കുകയും, മറ്റു ചിലരെ വീഴ്ത്തുകയും ചെയ്തു. കാലം മാറി, ഇന്ന് മറ്റു പല കാര്യങ്ങളിലും എന്ന പോലെ മുദ്രാവാക്യങ്ങൾക്കും ഓജസ്സും, തേജസ്സും നഷ്ട്ടപ്പെട്ടു.  മുദ്രാവാക്യങ്ങൾ തിരഞ്ഞെടുപ്പു കാലത്തെ 'കീ ജയ്' വിളികൾ മാത്രമായി തരം താണു. എങ്കിലും നമ്മുക്ക് പ്രതീക്ഷിക്കാം തിന്മകൾക്കെതിരെ ഇടിമുഴക്കമായി ഒരുനാൾ ഒരായിരം മുദ്രാവാക്യങ്ങൾ പിറക്കുമെന്ന്. "മുദ്രാവാക്യം നീണാൾ വാഴട്ടെ" എന്നൊരു മുദ്രാവാക്യത്തോടെ നിർത്തുന്നു. 



2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഹസാരെയുടെ ആള്കൂട്ടമല്ല ജനാധിപത്യം

ആര്‍ക്കും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്...പക്ഷെ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരങ്ങള്‍ ആരു നടത്തിയാലും അത് പ്രോത്സാഹിപ്പിക്കരുത്. ഹസാരെക്കും, കൂട്ടര്‍ക്കും ചില രഹസ്യ അജണ്ടകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ ശരീര ഭാഷയും, ശാസന രൂപേണയുള്ള പ്രസ്താവനകളും സംശയം ജനിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥകള്‍ക്ക് മുകളില്‍ ഒരു അധികാര കേന്ദ്രമാകാനാണ് അവര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് ആദ്യ തെറ്റുകാര്‍. കോടിക്കണക്കിനുള്ള ജനങ്ങളുടെ പ്രതിനിധികളായി ഹസാരേം കൂട്ടരേം അംഗീകരിക്കാന്‍ ആരാണ് സര്‍ക്കാരിനെ അനുവദിച്ചത് ? പറയുന്ന പിന്തുണ ഹസാരെക്കും കൂട്ടര്‍ക്കും ഉണ്ടെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിനെ നേരിടട്ടെ.

ആള്‍കൂട്ടത്തിന്റെ വിവരക്കേടുകളെ ജനാധിപത്യം എന്ന് വിളിക്കുന്നതിന്റെ അപകടം നമ്മള്‍ മനസ്സിലാക്കണം. സമരം ചെയ്യുന്നവര്‍, നിയമനിര്‍മാണ സഭകളെ വെല്ലുവിളിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം, അങ്ങിനെ ഒന്ന് ഈ രാജ്യത്തുള്ളതുകൊണ്ടാണ്‌ നിങ്ങളുടെ സമരാഭാസങ്ങള്‍ക്ക് തോക്കുകള്‍ മറുപടി പറയാത്തത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഹസാരേം കൂട്ടരും ഇപ്പോഴേ രക്ത്തസാക്ഷികള്‍ ആയാനെ. ചൈന നമ്മുക്ക് മുന്നിലുണ്ട്. അതാരും മറക്കരുത്. പ്രതിപക്ഷം കലക്കവെള്ളത്തില്‍ ചൂണ്ടയിടാന്‍ ശ്രമിക്കുകയാണ്. സമരത്തെ പിന്തുണക്കാം. പക്ഷെ സമാരാഭാസത്തെ, രാജ്യത്തിനെ തന്നെ വെല്ലു വിളിക്കുന്നവയെ അരുത്.

അഴിമതി തുടച്ചുനീക്കപ്പെടെണ്ടാതാണ്. അതിനു തര്‍ക്കമില്ല. പക്ഷെ തെരുവില്‍ രാജ്യത്തെ, ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന ആള്കൂട്ടത്തിനെ വിവരക്കേടല്ല അതിനുള്ള മാര്‍ഗം. മാധ്യമങ്ങള്‍ കുറെ കൂടി പക്വത ഈ കാര്യത്തില്‍ കാണിക്കേണ്ടിയിരിക്കുന്നു. ലോകത്ത് ഏറ്റവും അധികം പത്ര സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളിലൊന്നാണ് ഭാരതം. അതും ജാനാധിപത്യത്തിന്റെ ഗുണം. അനാവശ്യമായ പിന്തുണ ഹസാരെക്ക് നല്‍കരുത്. അതിലെ അപകടം നിങ്ങള്‍ മാധ്യമ സുഹൃത്തുക്കള്‍ മനസില്ലാക്കണം. ഒരിക്കല്‍ കൂടി പറയുന്നു, ഹസാരെയുടെ ആള്കൂട്ടമല്ല ജനാധിപത്യം

2011 ജനുവരി 5, ബുധനാഴ്‌ച

ഇന്നി എന്തു പറയേണ്ടു.....

ഈ വഴി കുരുതിക്കളത്തിലേക്ക് നടന്നു പോയവര്‍
പൊരിച്ച കോഴിയുമായി തിരിച്ചു വരുന്നു
പണ്ടൊരു പെണ്‍കുട്ടി തൂങ്ങി മരിച്ച മരത്തില്‍
കടവാവ്വലുകള്‍ പെരുകി, നേര്‍ച്ചയും
കണ്ടോ ആ സൂപ്പര്‍ മാര്‍ക്കറ്റ്
അതു പണ്ടൊരു രക്ത്തസാക്ഷി പിടഞ്ഞു വീണ മണ്ണ്
മഴക്കെടുതിയില്‍ കൃഷി നശിച്ചവന്
രാസവളം ഇടക്കാലാശ്വാസം
ഇന്നി എന്തു പറയാന്‍ 
നമ്മുക്കിവിടെ അവസാനിപ്പിക്കാം !  

2010 മേയ് 17, തിങ്കളാഴ്‌ച

ഒരു മുനിയും മൂന്നു ദൈവങ്ങളും

1 )


പൂരിപ്പിക്കപ്പെടാത്ത സമസ്യയാണ് ജീവിതമെന്ന്

ആല്‍ ചുവട്ടില്‍ ധ്യാനിച്ചിരുന്ന മുനി

ഇന്നലത്തെ പ്രഭാഷണത്തി-

ലരുള്‍ ചെയ്തു

കിടപ്പാടം വിട്ടു പളനിക്കുപോയ

പഴയ മുനിയാണ്ടിയെ ഓര്‍ത്തപ്പോള്‍

പുതിയ മുനി പറഞ്ഞത് ശരിയാണെന്ന് തോന്നി

നാട്ടുകാരുടെ കാണിക്കയുമെടുത്ത്

മുനി നടന്നു മറഞ്ഞു പോയത്

ഇന്നു രാവിലെയാണ് !



2 )

കീഴക്കാം തൂക്കായ മലയില്‍

നിധി ഉണ്ടെന്നറിഞ്ഞ് അവര്‍ യാത്രയായി

അവര്‍ മൂന്നു പേര്‍, അയല്‍ക്കാര്‍

മൂന്നമ്മമാര്‍ക്ക് പിറന്ന സഹോദരങ്ങള്‍

മലയില്‍നിന്നവര്‍ക്ക് മൂന്നു ദൈവങ്ങളെ കിട്ടി

ഇന്നവര്‍ നിരന്തരം യുദ്ധം ചെയ്യുന്ന മൂന്നു രാജ്യങ്ങള്‍

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

ആരുടയോ രണ്ടു ഡയറിക്കുറിപ്പുകള്‍ !!!!

                                  1 )



വിപ്ലവകാരി ദൈവ നിഷേധിയാകണമെന്നു അവര്‍ പറഞ്ഞു


ഞാന്‍ ദൈവത്തെ തെറി വിളിച്ചു


പൂജാമുറി പൂട്ടി മുദ്ര വച്ചു


കൊന്ത കാട്ടിലെറിഞ്ഞു


തിരകെ ചെന്നപ്പോള്‍ വിപ്ലവ വഴി ശൂന്യം


ഒരു കൂട്ടര്‍ ശരണം വിളിച്ചു മല ചവിട്ടാന്‍ പോയി


മറു കൂട്ടര്‍ വേളാങ്കണ്ണി നേര്‍ച്ചയ്ക്ക് കുട പിടിക്കാന്‍ പോയി


ഇപ്പം ദൈവത്തിനു ഞാന്‍ മാത്രം നോട്ടപ്പുള്ളി !!


                          2 )


പുഴയാകാനാണ് ഞാനവളോടു പറഞ്ഞത്


അവള്‍ കടലായി


എന്റെ കര തിരയെടുത്തുപോയി


പിന്നെ ഞാനവളോടു മഴയാകാന്‍ പറഞ്ഞു


മരക്കൊമ്പില്‍ കാത്തിരുന്നു


അവള്‍ ഇടിമിന്നലായി


എന്റെ കൂട് കരിഞ്ഞു പോയി


ഇപ്പോള്‍ ഞാന്‍ വീടില്ലാപക്ഷി !!















2010 ഏപ്രിൽ 11, ഞായറാഴ്‌ച

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......' ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ക്കായി കേരളം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് മാത്രമായി ചാന്നലുകളുള്ള, തത്സമയ സംപ്രേക്ഷണങ്ങളുടെയും, ബ്രേക്കിംഗ്, ഫ്ലാഷ് ന്യൂസുകളുടെയും ഇന്നത്തെ കാലത്ത് അവിശ്വസനീയമായി തോന്നാവുന്ന ഒരു 'ആകാശവാണി' കാലം. ടെലിവിഷന്‍ ആഡംബരവും, റേഡിയോ ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ വിനോദോപാധിയുമായിരുന്ന കാലം. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത രാമചന്ദ്രനും, സുഷമ്മയുമൊക്കെ സുന്ദരമായ ശബ്ദ്ദം കൊണ്ട് മലയാളിയുടെ താരങ്ങളായിരുന്നു അന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലിഷ് വാര്‍ത്തകളില്‍ നിന്നായിരുന്നു ഒരു ദിവസത്തിന്റെ തുടക്കം. ഇംഗ്ലിഷ് കേട്ടാല്‍ മനസ്സിലാകാത്തവരും റേഡിയോ 'ഓണ്‍' ചെയ്തു വയ്ക്കും. പിന്നാലെ വരുന്ന 'പ്രഭാതഭേരി' ഒരു വാക്ക് പോലും നഷ്ട്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ! സമകാലീന പ്രശ്നങ്ങളിലെ ശക്ത്തമായ ഇടപെടലായിരുന്നു അക്കാലത്ത് പ്രഭാതഭേരി. തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള വേദി. രാവിലെയുള്ള പരിപാടികളില്‍ ഏറ്റവും ജനപ്രീയമായ ഒന്ന്. പ്രഭാതഭേരിയുടെ തുടക്കത്തില്‍ അന്നത്തെ വാര്‍ത്തകള്‍ ചുരുക്കി പറയുമായിരുന്നു. ഞാനൊക്കെ അതു മുടങ്ങാതെ കേട്ടത് സ്കൂളിനു അവധി വല്ലതുമുണ്ടോ എന്നറിയാനായിരുന്നു. :)

പ്രഭാതഭേരിക്ക് ശേഷം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ ഓരോ മലയാളിക്കും പരിചിതമായ ആ ശബ്ദ്ദം ഒഴികിയെത്തി."ആകാശവാണി, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്...." സുന്ദരമായ ശബ്ദ്ദത്തില്‍ രാമചന്ദ്രന്‍ ഇങ്ങനെ വായിച്ചു തുടങ്ങുമ്പോള്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്നത് ലക്ഷക്കണക്കിന്‌ മലയാളികളായിരുന്നു. പാട്ടില്‍ യേശുദാസ് പോലെ വാര്‍ത്തയില്‍ രാമചന്ദ്രനെന്നു ഉപമ ചാര്‍ത്തിയ കാലം. ഒരു പാടു മലയാളികളുടെ ഗൃഹാതുര സ്മരണയുടെ ഭാഗമാണ് ഇന്നും രാമചന്ദ്രന്റെ ശബ്ദ്ദം.

മലയാളം വാര്‍ത്തകള്‍ക്ക് ശേഷം വരുന്ന സംസ്കൃത വാര്‍ത്ത ഒന്നും മനസിലാകുമായിരുന്നില്ലെങ്കിലും ഞാന്‍ കേള്‍ക്കുമായിരുന്നു. പ്രത്വേക ഈണത്തിലുള്ള സംസ്കൃത വായന കേള്‍ക്കല്‍ അന്നൊരു രസമായിരുന്നു. ഡല്‍ഹിയില്‍ നിന്നു സംപ്രക്ഷണം ചെയ്യുന്ന മലയാളം വാര്‍ത്തകളായിരുന്നു അന്നൊക്കെ മലയാളിയെ ദേശീയരാക്കിയത്. വാര്‍ത്തകള്‍ക്ക് ശേഷം ചായക്കടകളിലും, കവലകളിലും നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ ദേശീയ രാഷ്ട്രീയം തിളച്ചുമറിഞ്ഞു.

വാര്‍ത്തകള്‍ കഴിഞ്ഞാല്‍ ആഴ്ചയിലെ ഓരോ ദിവസവും ഓരോ പരിപാടികളായിരുന്നു. എസ്സ്.കെ.പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായിക്കുന്നതിനു മുന്നേ തന്നെ ആകാശവാണിയില്‍ ശബ്ദ്ദ രേഖയായി കേട്ടു പരിചിതമായിരുന്നു. സുന്ദരമായ ശബ്ദ്ദത്തില്‍ കഥ വായിച്ചതാരായിരുന്നു ?? എം.ജി.രാധാകൃഷ്ണനും, ഭരണിക്കാവ് ശിവകുമാറും സംഗീതം പഠിപ്പിച്ചിരുന്നത് ഇന്നും സുന്ദരമായ ഒരോര്‍മ്മയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് പഴയ തലമുറയിലെ സംഗീതപ്രേമികളുടെ മനസ്സില്‍. ആകാശവാണിയില്‍ കേട്ട ചില ലളിതഗാനങ്ങള്‍ സിനിമാ ഗാനങ്ങളെക്കാള്‍ പ്രശസ്ത്തമായിരുന്നു അന്നൊക്കെ. യുവജനോത്സവ വേദികളില്‍ ആ ഗാനങ്ങള്‍ പാടിയവരുടെ കയ്യില്‍ സമ്മാനത്തിന്റെ തിളക്കമുണ്ടായി.

ഉച്ചക്കൊരു മണിക്കായിരുന്നു ദിവസത്തെ ഏറ്റവും ജനപ്രീയ പരിപാടി, ഒന്നല്ല തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒരുപാടു തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച 'ചലച്ചിത്രഗാനങ്ങള്‍'. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഐ പോടും, എം പി ത്രീയും, റിയാലിറ്റി ഷോകളും, സ്റ്റാര്‍ ചോയിസും നിറയുന്ന ഈ കാലത്ത് അതോരത്ത്ഭുദമായി തോന്നാം ! യേശുദാസും, ജയചന്ദ്രനും, കമുകറ പുരുഷോത്തമനും, എം.ജി. ശ്രീകുമാറും എസ്സ്.ജാനകിയും,പി.ലീലയും, സുശീലയും, ചിത്രയും, സുജാതയുമൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഒഴികിയെത്തിയത് ആ ഉച്ച നേരങ്ങളിലായിരുന്നു. നട്ടുച്ച നേരത്തെ ചൂടില്‍പ്പോലും കേള്‍വിക്കാരെ കാല്പ്പനികരാക്കിയ 'ചലച്ചിത്രഗാനങ്ങള്‍'. ഞായറാഴ്ചകളില്‍ അതു ശ്രോതാക്കളാവശ്യപ്പെടുന്ന ചലച്ചിത്ര ഗാനങ്ങളായി 'രഞ്ജിനി' എന്ന പേരിലെത്തി. ഗാനത്തിനൊപ്പം അതാവശ്യപ്പെട്ടവരുടെ പേരു വായിച്ചു കേട്ടത് ഇന്നും ഒരു പാടുപേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മധുര സ്മരണ.


കേരളത്തിലും അന്നു കൃഷി ഉണ്ടായിരുന്നു ! പാടത്തുനിന്നും, പറമ്പില്‍നിന്നും കൃഷിക്കാര്‍ നേരെ വന്നത്
റേഡിയോയുടെ മുന്നിലെക്കായിരുന്നു, 'വയലും വീടും 'കേള്‍ക്കാന്‍. റേഡിയോ കര്‍ഷകന് സുഹൃത്തും, വഴികാട്ടിയുമായി. ഏഴരയുടെ വാര്‍ത്തകള്‍ക്ക് ശേഷം യുവവാണിയില്‍ കഥയും, കവിതയും പൂത്തു വിടര്‍ന്നു. കടമനിട്ടയുടെ 'കാട്ടാളന്‍' ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് യുവവാണിയിലാണ്. പണ്ടെങ്ങോ ആകാശവാണിയില്‍ കേട്ട അഷിതയുടെയു, പ്രിയ.എ.എസ്സിന്റെയും കഥകളിലെ ചില വരികള്‍ ഇന്നും ഓര്‍ക്കുന്നു. സാംബശിവന്റെയും, കെടാമംഗലം സദാനന്ദന്റെയും കഥകേട്ടു വളര്‍ന്നവരെത്തേടി ശനിയാഴ്ചകളില്‍ കഥാപ്രസംഗമെത്തി. ഒഥല്ലോയും, കാഞ്ചനസീതയും, ഭീഷ്മരും, കര്‍ണ്ണനുമൊക്കെ ശ്രോതാക്കള്‍ കേട്ടത് ഹൃദയംകൊണ്ടായിരുന്നു.


'കണ്ടതും കേട്ടതും', തിരുവന്തോരം ഭാഷയില്‍ ഞായറാഴ്ച രാത്രികളിലെത്തി ചിരിയുടെ മാലപ്പടക്കമുതിര്‍ത്തു. രണ്ടു മിന്നുട്ടെ ഉള്ളായിരുന്നെങ്കിലും അതു അടുത്ത ഒരാഴ്ചത്തേക്ക് നമ്മളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
എഴുത്തുപെട്ടി, നാടക ഗാനങ്ങള്‍, വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ നാടകോത്സവം, ഗാന്ധി മാര്‍ഗം, ബാല ലോകം, ഡോകട്ടറോട്‌ ചോദിക്കാം, ചലച്ചിത്ര ശബ്ദ്ദരേഖ, ഹിന്ദി പാഠം ......അങ്ങിനെ അങ്ങിനെ മനസ്സില്‍ ഒരു 'ആകാശവാണി' കാലം ഇന്നും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു, അല്ല സുന്ദരമായ ശബ്ദ്ദത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

പുറപ്പാട്


ഞാന്‍ നടന്ന വഴികള്‍ മുള്ളുകള്‍ നിറഞ്ഞതായിരുന്നു

സ്വയം നടന്ന വഴികളാണ്, വേദന ഒറ്റയ്ക്ക് സഹിക്കുന്നു.

നിറഞ്ഞ ചോര, കണ്ണീര്‍, ഇന്നി ഒരിക്കലും പൂക്കാത്ത ഹൃദയം

എല്ലാം ഓടയില്‍ വീണുകിടക്കുന്നു.

സഹയാത്രികര്‍ ഇടവഴികളില്‍കൂടി വഴി മാറിപ്പോ-

യത് ഞാനറിഞ്ഞില്ല, പറയാതെ പോവുക എന്നത്

അവരുടെ ആവശ്യമായിരുന്നു

അല്ലെങ്കില്‍ ഒരു കോമാളിയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടെനെ !

കണ്ണട പങ്കു വച്ച ചങ്ങാതി വലം കണ്ണുന്നംവച്ചു

ഇടം കണ്ണു കിട്ടി

സ്നേഹത്തിന്റെ ചോറൂട്ടിയവര്‍ പട്ടിയെ വാങ്ങി

എന്നെ മാത്രം തിരിച്ചറിയുന്ന കാവല്‍ക്കാരന്‍ !

കയത്തില്‍നിന്നു വലം കൈ തന്നു കയറ്റിയ ചങ്ങാതി

കടല്‍പ്പാലത്തിന്റെ ആഴമുള്ള ഭാഗം നോക്കി കാത്തിരിക്കുന്നു

റെയില്‍ പാളത്തിലെ സമാന്തര രേഖ,

ഒരു കയര്‍ തീര്‍ക്കുന്ന ചന്ദ്രബിംബം,

പഴച്ചാറില്‍ വീണ ചെറുതുള്ളികള്‍ തീര്‍ത്ത വര്‍ണ്ണരാജി,

മുന്നേ നടന്നു പോയവര്‍ തീര്‍ത്ത വിസ്മയങ്ങള്‍.

ഇല്ല, വാര്‍ന്നുപോകാന്‍ ഇന്നിയും രക്തം ബാക്കിയുണ്ട് !!!


ചിത്രം കടപ്പാട്‌: ഗൂഗിള്‍ ഇമേജസ്