2016, ജൂൺ 26, ഞായറാഴ്‌ച

അവസാനത്തെ ചിരി !

പോയകാലത്തെ പ്രണയം  പാമ്പ് ഉപേക്ഷിച്ച പടം പോലെയാണ്
ചെറിയ കാറ്റിലും ഇളകിയാടി  അതു പണ്ട് ഒന്നിച്ച് കാറ്റുകൊള്ളാൻ നടന്നത് ഓർമിപ്പിക്കും
പോയകാലത്തെ പ്രണയം
വരണ്ടു പോയ പുഴപോലെയാണ്
നിറഞ്ഞൊഴുകിയ കാലത്തെക്കുറിച്ച് അതു എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും
പോയകാലത്തെ പ്രണയം
കൊഴിഞ്ഞു വീണ പൂവിനെപ്പോലെയാണ്
പൂത്തുലഞ്ഞു നിന്നതു
ഓർത്തു എപ്പോഴും നെടുവീർപ്പെട്ടുകൊണ്ടിരിക്കും
പോയകാലത്തെ പ്രണയം മരിച്ച കുട്ടിയുടെ കണ്ണുപോലെയാണ്
ആ ഓർമ്മ എപ്പോഴും കണ്ണുകൾ നിറയ്ക്കും
പോയകാലത്തെ പ്രണയം
മരണത്തിനു തൊട്ടുമുൻപുള്ള അവസാനത്തെ ചിരിയാണ്!

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ത്രിവർണ്ണ പതാക

ആരുടേതാണീ ത്രിവർണ്ണ പതാക ?  മൂന്ന് വെടിയുണ്ടയുടെ വേഗത്തിൽ പിടഞ്ഞു തീർന്ന ഒരു വൃദ്ധ ഹൃദയത്തിന്റെതല്ല ! 
ഗുജറാത്തിലെ തെരുവിൽ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ ഒരു ശൂലത്തിന്റെ തുമ്പിൽ പൊലിഞ്ഞു പോയ ഭ്രൂണത്തിന്റെതല്ല !
ഒരു എഴുത്തുമുറിയുടെ വാതിൽ എന്നേക്കുമായി കൊട്ടിയടക്കേണ്ടി വന്ന പെരുമാൾ മുരുഗന്റെതല്ല !  ഒരു ഹോസ്റ്റൽ മുറിയുടെ പങ്കയിൽ തൂങ്ങിയാടിയ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളുടേതല്ല !   
കൽബുർഗി, പൻസാരെ, ധബോൽക്കർ....അല്ല ഇവരുടേതാരുടേതും അല്ല ! എന്റേതും നീന്റേതുമല്ല !
പിന്നെ ആരുടെതാണ് ഈ ത്രിവർണ്ണ പതാക ? 
അത് രാജ്യസ്നേഹികൾക്കുള്ളതാണ് !!!