2010, മാർച്ച് 27, ശനിയാഴ്‌ച

ഭൂരിപക്ഷം പറയുന്നു "അവര്‍ ശരിയായിരുന്നു" !!!!

ഇതൊരു സംശയമാണ്, അല്ല ചോദ്യമാണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം !!!!

കേരളം ഏറ്റവും ചര്‍ച്ച ചെയ്ത അച്ഛനും മകനും ഏതായിരിക്കും, ചോദ്യചിഹ്നം ഇടാന്‍ സമയം കിട്ടുംമുന്പേ ഉത്തരം വരും, ഒന്നു ഈച്ചര വാര്യരും രാജനും രണ്ടു കെ. കരുണാകരനും കെ. മുരളീധരനും. ആദ്യത്തെ അച്ഛനെയും മകനെയും കുറിച്ചുപറയുമ്പോള്‍ സയാമീസ് ഇരട്ടയെ പോലെ അതിനൊപ്പം കടന്നു വരും ക.കരുണാകരന്റെ പേര്.



ആദ്യം മകനെത്തേടി, പിന്നെ മകന്റെ കൊലപാതകികളെത്തേടി ഈച്ചര വാര്യര്‍ നടത്തിയ യാത്രകള്‍ മലയാളിയുടെ യാത്രകള്‍ കൂടി ആയിരുന്നു. ആ അച്ഛന്റെ മനസാക്ഷിക്കൊപ്പം കേരളം നിന്ന നാളുകള്‍. അടിയന്തരാവസ്ഥയുടെ  കറുത്ത ദിനങ്ങളില്‍ മുഖ്യമന്ത്രിയുടെ തലയ്ക്കുമുകളില്‍ സര്‍വ്വാധികാര്യക്കാരനായിരുന്ന ആഭ്യന്തര മന്ത്രി കരുണാകരനിലേക്കായിരുന്നു എല്ലാ ആരോപണങ്ങളും ചെന്നവസാനിച്ചത്‌. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കരുണാകരനെ 'കൊലയാളി' എന്നു വിളിച്ചു. കരുണാകരന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നു തോന്നിപ്പിച്ച നാളുകള്‍. നീതി തേടി ഒരച്ഛന്‍ നടത്തിയ പോരാട്ടം ഒരു ജനതയുടെ പോരാട്ടമായി വാഴ്ത്തപ്പെട്ട നാളുകള്‍. പക്ഷേ കരുണാകരന്‍ അധികാരത്തില്‍ തിരിച്ചെത്തി, അതും മുഖ്യമന്ത്രിയായി !!!



ബാലചന്ദ്രന്‍ ചുള്ളിക്കാട് അരഭിമുഖത്തില്‍ പറഞ്ഞത്പോലെ " ഒരഭിനന്ദനം പോലെ കെ.കരുണാകരനെ മലയാളി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു, ഒന്നല്ല മൂന്നു തവണ". അതെ, കരുണാകരനെ 'കൊലയാളി' എന്നു വിളിച്ച അതെ ജനത അദ്ദേഹത്തെ വീണ്ടും വീണ്ടും സന്തോഷത്തോടെ അധികാരക്കസേരയില്‍ അവരോധിച്ചു !!! ഒരു സംശയം അല്ല ചോദ്യം ബാക്കിയാവുന്നു, അപ്പോള്‍ ഈച്ചര വാര്യര്‍ക്കൊപ്പമുന്ടെന്നു തോന്നിച്ച ആ വലിയ ജനക്കൂട്ടം ഏതായിരുന്നു ? നീത്ക്കുവേണ്ടിയുള്ള ഒരു തലമുറയുടെ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തലമുറയെവിടെ ? ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


വര്‍ഷങ്ങള്‍ക്കിപ്പുറം ഗാന്ധിജിയുടെ ഗുജറാത്ത്. 2002- ല്‍ ഗുജറാത്തില്‍ നടന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ട്‌ കലാപത്തില്‍ കൊല്ലപ്പെട്ടത് ആയിരങ്ങള്‍, ഗുരുതരമായ പരുക്ക് പറ്റിയവര്‍ അതിലുമേറെ, ബലാല്‍സംഗത്തിനിരയായത്‌ പ്രായഭേദമന്യേ നൂറുകണക്കിന് സ്ത്രീകള്‍. അന്നു ടി. വി ചാനലുകളും, പത്രങ്ങളും ആവത്തിച്ചു കാണിച്ച ഒരു മുഖമുണ്ട്, അക്രമികള്‍ക്ക് മുന്നില്‍ കണ്ണു നിറഞ്ഞു, കൈ കൂപ്പി സ്വന്തം ജീവനായി യാചിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയ മുഖം. ഇന്ത്യന്‍ മനസാക്ഷിക്ക് വേദനിച്ചെന്നു മാധ്യമങ്ങള്‍ പറഞ്ഞ നാളുകള്‍. കലാപത്തിന്റെ അണിയറ ശില്‍പ്പിയായ നരേന്ദ്ര മോഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമലയടിച്ച നാളുകള്‍. ഇന്ത്യന്‍ തെരുവുകളില്‍ മോഡിയെ നരഭോജിയായി ചിത്രീകരിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. കലാപത്തിനു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്, മോഡിയെപ്പോലും അത്ഭുതപ്പെടുത്തിയ ഭൂരിപക്ഷത്തോടെ ആദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി !!! ഒന്നല്ല, കലാപത്തിനു ശേഷം നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗുജറാത്ത് ജനത മോഡിയെ ഉത്സാഹത്തോടെ മുഖ്യമന്ത്രി കസേരയിലിരുത്തി. വീണ്ടും സംശയം, ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്നു വയ്പ്പ്. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍. അപ്പോള്‍ ജനാധിപത്ത്യത്തിന്റെ കണക്കില്‍ കരുണാകരന്മാരും , മോഡിമാരും ശരിയെന്നു വരുന്നു !!! അപ്പോള്‍ പറയൂ, ഈച്ചരവാര്യര്‍ക്കൊപ്പവും, മോഡിക്കെതിരെയും ഉണ്ടെന്നു നമ്മള്‍ കരുതിയ വന്‍ ജനക്കൂട്ടമെവിടെ ??? മനസാക്ഷിയുടെ ശബ്ദ്ദമെവിടെ ??? ശരിക്കും വിഡ്ഢികള്‍ ആരാണ് ????
 
 
ചിത്രങ്ങള്‍ കടപ്പാട്‌ : ഗൂഗിള്‍ ഇമേജസ്

2010, മാർച്ച് 13, ശനിയാഴ്‌ച

ഒരു നല്ല സിനിമാ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം' നല്ലൊരു സിനിമയ്ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ മനോഹരമായ തലകെട്ട്. നല്ല സിനിമകള്‍ക്കൊപ്പം മലയാളത്തിന്റെ പടിയിറങ്ങി പോയ മനോഹരമായ സിനിമാ പേരുകള്‍. ഭരതനും, പത്മരാജനും പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തി മലയാളിക്ക് സമര്‍പ്പിച്ച ചലച്ചിത്ര വിസ്മയങ്ങല്‍ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ ഒരു പിടി സിനിമാ പേരുകള്‍. പേരുകള്‍ പോലെ തന്നെ സിനിമയും മടുപ്പിക്കുന്ന ഈ സിനിമാകാലത്ത് നമ്മള്‍ തിരിച്ചറിയുന്നു, കടന്നു പോയതെല്ലാം നഷ്ട്ടങ്ങളായിരുന്നു.




നവംബറിന്റെ നഷ്ട്ടം, പ്രണയത്തിന്റെ കുളിരും, വിരഹത്തിന്റെ വേദനയും സിനിമ കാണും മുന്‍പേ നമ്മുടെ മനസ്സിലെത്തിച്ച കാല്‍പ്പനികമായ തലക്കെട്ട്‌, പത്മരാജന്റെ കയ്യൊപ്. ക്ലാരയെ നമ്മള്‍ മറക്കുന്നതെങ്ങനെ ? മഴ പെയ്യുമ്പോള്‍ കുട്ടിക്കാലത്തിനോപ്പം മനസ്സില്‍ നിറഞ്ഞു പെയ്യുന്നത് ജയകൃഷ്ണനും, ക്ലാരയും. ഒന്നാം രാഗം മീട്ടി മറക്കാത്ത ഓര്‍മ്മയിലേക്ക് പത്മരാജന്‍ അവര്‍ക്കൊപ്പം എഴുതിച്ചേര്‍ത്ത പേര് 'തൂവാനത്തുമ്പികള്‍'. നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന കെ. കെ സുധാകരന്റെ കഥ സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ പേരില്‍ നടത്തിയ എഡിറ്റിംഗ് എങ്ങിനെ മറക്കും 'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. ആ പേരു കേള്‍ക്കുമ്പോഴേ കാതില്‍ നിറയും പ്രണയം തുളുമ്പുന്ന സോളമന്റെ ഗീതങ്ങള്‍. ഓര്‍മ്മ വരുന്നില്ലേ ആ മുത്തച്ഛന്റെ മുഖം, കൊച്ചുമകനെ കടല്‍ കൊണ്ടു പോയ വേദനയില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന മുത്തച്ഛന്റെ മുഖം 'മൂന്നാംപക്കം' എന്ന പേരു കേള്‍ക്കുമ്പോഴൊക്കെ നമ്മുടെ കണ്ണു നിറയുന്നില്ലേ ?  ഭൂമിയിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങും മുന്‍പ് ഒരു പാലമരത്തില്‍ പതമരാജന്‍ ഒരു പേരു കുറിച്ചിട്ടു, 'ഞാന്‍ ഗന്ധര്‍വന്‍'. നമ്മളെ വിസ്മയിപ്പിച്ച, മോഹിപ്പിച്ച ഒരു സിനിമ മുഴുവന്‍ ആ ഒറ്റപ്പേരിലൂടെ നമ്മളെ അനുഭവിച്ചു ആ ഗന്ധര്‍വന്‍ പറന്നു പോയി. 'കരിയിലക്കാറ്റുപോലെ' ഇത്രയും കാല്‍പ്പനികമായ ഒരു തലക്കെട്ട്‌ ഇന്നി മലയാള സിനിമ കാണുമോ ?



കാതോടു കാതോരം, മമ്മൂട്ടിയും, നെടുമുടി വേണുവും, സരിതയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1985- ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം. കാതോടു കാതോരം എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം നമ്മുടെ മനസ്സിലേക്ക് മഴ പോലെ പെയ്തിറങ്ങിയ നാമം. പത്മരാജന്റെ 'പാമ്പ്' എന്ന ചെറു കഥ ഭരതന്‍ അഭ്രപാളിയിലേക്ക് കൊത്തിവച്ചപ്പോള്‍ അതിനൊപ്പം ഒരു തലമുറയെ മൊത്തം ഹരം കൊള്ളിച്ച ഒരു സിനിമാ പേരു കൂടി ഉണ്ടായിരുന്നു, പത്മരാജന്റെ തിരക്കവിതയുടെ മോഹിപ്പിക്കുന്ന ഭംഗി മൊത്തം ആവാഹിച്ച തലക്കെട്ട്‌ 'രതിനിര്‍വേദം'. മനസ്സില്‍ കുളിര്‍ നിറച്ചു വീശിയ ആ കാറ്റൊര്‍മ്മയില്ലേ, സുന്ദരിയായ അധ്യാപികയും, അവരെ പ്രണയിച്ച വിദ്യാര്‍ഥിയും ഒരു തലമുറയെ മൊത്തം മോഹിപ്പിച്ചപ്പോള്‍ 'ഭരതന്‍' അതിനുമുകളില്‍ ഇങ്ങനെ കോറിയിട്ടു 'ചാമരം'. മനോഹരമായ ഒരു എണ്ണച്ചായ ചിത്രം പോലെ നമ്മള്‍ ഒരു സിനിമ കണ്ടു, എല്ലാ വര്‍ണ്ണങ്ങളും ചാലിച്ച് മനോഹരമായ ഒരു ശില്‍പ്പം പോലെ ഒരു പേരും 'വൈശാലി'. "ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ്" ഈ പരസ്യവാച്ചകത്തിനു താഴെ മലയാളി ഒരിക്കലും മറക്കാത്ത ഒരു പേരുകൂടി ഉണ്ടായിരുന്നു, 'പാഥേയം'. അന്നും, ഇന്നും, എന്നും നമ്മുടെ മനസ്സില്‍ വിങ്ങല്‍ തീര്‍ത്ത ഭരതന്‍ ടച്.



ടൈഗറും, സാഗര്‍ ഏലിയാസ് ജാക്കിയും, ചട്ടമ്പിയും, മാടമ്പിയും തകര്‍ത്താടുന്ന മലയാള സിനിമ കാണുമ്പോള്‍ വീണ്ടും ആശിച്ചു പോകുന്നു ആ മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം..........

2010, മാർച്ച് 7, ഞായറാഴ്‌ച

കാലം ഇങ്ങനെയും മാറാം !!!!

സുഹൃത്തിനെ അച്ഛന്‍ മരിച്ചു. പെട്ടെന്നുള്ള മരണമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഓഫീസിലും, താമസ സ്ഥലത്തുമെല്ലാം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ അച്ഛനാണ്. കഴിഞ്ഞ മാസമാണ് സുഹൃത്ത് സ്ഥലം മാറി പോയത്. പുതിയ ഓഫീസില്‍ നിന്നും ആദ്യം വിളിച്ചു പറഞ്ഞത് എന്നെയാണ്. വിളിച്ചു പറഞ്ഞ ആള്‍ വരുന്ന സമയം അറിയിക്കാമെങ്കില്‍ മരണ വീട്ടിലേക്കു ഒന്നിച്ചു പോകാമെന്ന് പറഞ്ഞു. തൊട്ടടുത്ത ജില്ലയില്‍ തന്നെയാണ് സുഹൃത്തിന്റെ വീട്. 

ഫോണ്‍ താഴെ വച്ചിട്ട് തൊട്ടടുത്തിരുന്ന ചങ്ങാതിയോട്‌ വിവരം പറഞ്ഞു. അദ്ദേഹത്തിനായിരുന്നു സുഹൃത്തുമായി കൂടുതല്‍ അടുപ്പം. പെട്ടന് മറുപടി ഉണ്ടായി " അതിനിപ്പം ഞാനെന്തു വേണം ? ഞാനൊന്ന് ഞെട്ടി. " അയ്യോ " അറിയാതെ അങ്ങിനെ ഞാന്‍ ഉറക്കെ വിളിച്ചു പോയി. ഓണത്തിനും വിഷുവിനുമൊക്കെ സുഹൃത്തിന്റെ വീട്ടിലേക്കും ക്രിസ്ത്മസിനു തിരികെയും കുടുംബ സമേതം പങ്കെടുക്കാറുള്ള 'ഫാമിലി ഫ്രെണ്ടിനോട്' അടുത്ത കാബിനില്‍ ചെന്ന് വിവരം പറഞ്ഞു. "ഉവ്വോ ?എപ്പഴായിരുന്നു ? കഷ്ട്ടം". നേരത്തെ കേട്ട മറുപടിയില്‍ നിന്നു കിട്ടിയ ഷോക്കില്‍ നിന്നു മുക്തനാകാത്തതുകൊണ്ടായിരിക്കും എന്റെ ശബ്ദ്ദം നേര്‍ത്തു പോയിരുന്നു " അല്ല നമ്മുക്ക് അവിടേം വരെയൊന്നു പോകണ്ടേ" ? മറുപടിക്ക് താമസമുണ്ടായില്ല "ഹോ എന്തിനാന്നേ ? ആരു പോകും ആ ഓണം കയറാമൂല വരെ ? " കഴിഞ്ഞ തവണ സുഹൃത്തിന്റെ വീട്ടില്‍ ഇദ്ദേഹം കുടുംബസമേദം കൊണ്ടാടിയ ഓണത്തിന്റെ ഫോട്ടോസ് ഇപ്പോഴും എന്റെ മെയില്‍ ബോക്സിലുണ്ട്. പെട്ടെന്ന് തൊട്ടടുത്ത സീറ്റില്‍ നിന്നു പ്രതീക്ഷ നല്‍കുന്ന ഒരു പ്രതികരണമുണ്ടായി " പോണം പോണം" ഒരാളെങ്കിലും ഉണ്ടായല്ലോ ഇങ്ങനെ പറയാന്‍. ഞാന്‍ അശ്വസിക്കവേ അദ്ദേഹം പറഞ്ഞു "ആ സ്ഥലത്തിനടുത്തെവിടയോ നല്ല കള്ളും, മീന്‍ പൊള്ളിച്ചതും കിട്ടുന്ന ഒരു ഷാപ്പുണ്ട്, മരണത്തിന്റെ പേരില്‍ നമ്മുക്ക് ഓഫീസില്‍ നിന്നു മുങ്ങുകയും ചെയ്യാം, ഷാപ്പില്‍ കയറീട്ട് സമയം കിട്ടുന്നെങ്കില്‍ മരണ വീട്ടിലൊന്നു പോവുകയും ചെയാം ". എനിക്കൊരു സംശയം ഞാന്‍ നില്‍ക്കുന്നത് ഭൂമിയില്‍ തന്നെ ? എങ്കില്‍ ഇതേതു കാലം ???



പിന്‍കുറുപ്പ്: രണ്ടു മരണങ്ങളുമായി ബന്ധപ്പെട്ടു ഞാന്‍ കേട്ട ഡയലോഗുകള്‍. സമയത്തിനും ,സ്ഥലത്തിനും മാത്രം മാറ്റം.

2010, മാർച്ച് 2, ചൊവ്വാഴ്ച

അതൊരു ചീറ്റിങ്ങായിരുന്നില്ല !!!!!!

രണ്ടു ദിവസം മുന്‍പ് (27-02-2010) വൈകുന്നേരം ഏകദേശം ആറരയോടെ പതിവ് വായിനോട്ടവും കഴിഞ്ഞു -ഞാനൊക്കെ ഒന്ന് നടക്കാനിറങ്ങിയാല്‍ അതു വായിനോട്ടം, പൊറ്റക്കാടും, സന്തോഷ്‌ ജോര്‍ജ് കുളങ്ങരയും, നിരക്ഷരനുമൊക്കെ നടന്നാല്‍ അതു സഞ്ചാരം, ഇതാ ഞാന്‍ പറയുന്നത് ഈ നാട്ടില്‍ സോഷ്യലിസം ഇല്ലെന്നു, ഇത് ശരിയാകില്ല- മടങ്ങുന്ന വഴി റൂമിന് തൊട്ടടുത്തുള്ള റോഡ്‌ ക്രോസ് ചെയാന്‍ നിന്ന എന്റെ മുന്നില്‍ ഒരു കാര്‍ കൊട്നു വന്നു സ്ലോ ചെയ്തു. കാഴ്ചയില്‍ മാന്യന്‍ (എന്നെ പോലെ !!!!) എന്നു തോന്നിക്കുന്ന ഒരു മദ്ദ്യവയസ്ക്കാന്‍ "EXCUSE ME" എന്നു പറഞ്ഞു കൊണ്ടു തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ വണ്ടി ഒതുക്കി. വഴി ചോദിക്കാനാകുമെന്നു കരുതി ഞാന്‍ അടുത്തു ചെന്നു. കാറില്‍ അദ്ദേഹത്തെ കൂടാതെ ഒരു സ്ത്രീയും രണ്ടു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഒന്ന് വളരെ ചെറിയ ഓമനത്തമുള്ള ഒരു കുട്ടി. എല്ലാപേര്‍ക്കും തറവാട്ടില്‍ പിറന്ന ലുക്ക്‌. അദ്ദേഹം എന്നോട് നല്ല ആഗലേയത്തില്‍ പറഞ്ഞത് നമ്മുടെ സ്വന്തം ഭാഷയില്‍ ഞാനിവിടെ വിവരിക്കാം. അതിനു മുന്പ് പറയട്ടെ, ഞാന്‍ ജോലി ചെയുന്ന അല്‍ ഐന്‍ എന്ന സ്ഥലത്ത് നിന്ന് വളരെ അടുത്താണ് ഒമാന്‍. പാസ്പോര്‍ട്ട്‌ ഉണ്ടെങ്കില്‍ നമ്മുക്ക് അതിര്‍ത്തി കടക്കാം. ഒമാന്റെ ഭാഗമായ ബുറെമിയില്‍ എത്താന്‍ കാറില്‍ ഇവിടെ നിന്നും അര മണിക്കൂര്‍ മതി. ഞാനും പോയിരുന്നു ഒന്നു രണ്ടു തവണ. സോറി യാത്ര വിവരണം എഴുതാന്‍ നിര്‍ബന്ധിക്കരുത്, എഴുതാന്‍ അറിയാഞ്ഞിട്ടല്ല, സമയമില്ല അതാ !!!!!!




ഇന്നി അദ്ദേഹം പറഞ്ഞതിലേക്ക്, " എനിക്കു നിന്നെ കണ്ടപ്പോള്‍ എന്റെ സഹോദരനായി തോന്നുന്നു, അതു കൊണ്ടാണ് ഞാന്‍ പറയുന്നത്, എങ്കിലും എനിക്കു ചോദിക്കാന്‍ നാണക്കേട്‌ തോന്നുന്നു" ഇത്രേം പറഞ്ഞപ്പോഴേ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കരയുന്നുന്ടെന്നു തോന്നി. മുന്‍പരിചയം ഇല്ലെങ്കിലും എനിക്കു വിഷമം തോന്നി. കരയേണ്ട നിങ്ങള്‍ കാര്യം പറയു എന്നു ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ റാസ് അല്‍ കൈമ എന്ന യു എ യി യുടെ അങ്ങേ അറ്റത്തുള്ള സ്ഥലത്ത് നിന്നും ഒമാനില്‍ പോയി വരുന്ന വഴിയാണ്. ഒമാനില്‍ വച്ചു ബാഗും, അതിലുണ്ടായിരുന്ന പണവും മറ്റും നഷ്ട്ടപ്പെട്ടു. കാറില്‍ പെട്രോള്‍ തീര്‍ന്നിരിക്കുന്നു. പിന്നെ അയാള്‍ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും, അയാള്‍ പറയുന്ന കാര്യങ്ങളിലെ ലോജിക്കിനെ കുറിച്ചു ചിന്തിക്കാന്‍ എന്റെ വിവേക ബുദ്ധിയെ അനുവദിക്കാതിരുന്നതും. "കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് വളരെ സമയം കഴിഞ്ഞിരിക്കുന്നു, അവര്‍ വിശന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു" ഇതു പറഞ്ഞപ്പോഴേക്കും അയാളും ആ സ്ത്രീയും പൊട്ടി കരഞ്ഞിരുന്നു. ഞാനും വല്ലാതെയായി. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പേഴ്സ് തുറന്നു നോക്കി. കുറച്ചി പൈസ ബാക്കിയുണ്ട്. അതു ഞാന്‍ അയാള്‍ക്ക്‌ നല്‍കി " എന്റെ കൈല്‍ ഇതേ ഉള്ളൂ, റൂം അടുത്ത തന്നെയാണ് വന്നാല്‍ ഭക്ഷണം കഴിക്കാം" എന്റെ ആ ക്ഷണം അദ്ദേഹം നിരസിച്ചു. നന്ദി പറഞ്ഞു. പിന്നെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞു വളരെ പെട്ടെന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അവര്‍ പോയി. എന്റെ പേരു അവരും അവരുടെ പേരു ഞാനും ചോദിച്ചില്ല.



റൂമിലെത്തി സഹ പ്രവര്‍ത്തകരോട് വിവരം പറഞ്ഞപ്പോഴാണ് അറിഞ്ഞത് ഇതു ഇവിടെ ഒരു സ്ഥിരം തട്ടിപ്പാണെന്ന് !!!!! പക്ഷേ എനിക്കങ്ങനെ വിശ്വസിക്കാന്‍ തോന്നിയില്ല. ഞാന്‍ അവരുടെ വാദഗതികളെ എതിര്‍ക്കാന്‍ നോക്കി. പിന്നെയാണ് അവര്‍ പറയുന്നതിലെ ലോജിക്കിനെ കുറിച്ചു ഞാന്‍ ആലോചിച്ചത്. അങ്ങിനെ അദ്ദേഹം പറഞ്ഞത് പോലെ ബാഗ് നഷ്ട്ടപ്പെട്ടെങ്കില്‍ പോലീസില്‍ പരാതിപ്പെടുമായിരുന്നില്ലേ ???? അല്ലെങ്കില്‍ തന്നെ സുഹൃത്തുക്കളെ ഫോണ്‍ വഴി അറിയിച്ചാല്‍ അവര്‍ സഹായിക്കുമായിരുന്നില്ലേ ???? പക്ഷേ ആ കൊച്ചു കുട്ടിയുടെ മുഖം, വളരെ നേരമായി ആ കുട്ടികള്‍ വിശന്നിരിക്കുന്നു എന്നു പൊട്ടിക്കരഞ്ഞു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പറച്ചില്‍, എനിക്കു പറയുന്നതിലെ നിജസ്ഥിതി അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ലെല്ലോ.



അവര്‍ എന്നെ 'ചീറ്റ്' ചെയ്തു എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല, അങ്ങിനെ ആണെങ്കില്‍ പോലും. ഇതു ഞാന്‍ എഴുതാന്‍ കാരണം അതൊരു ചീറ്റിങ്ങല്ല എന്നു വായിക്കുന്ന ആരെങ്കിലും അറിയിക്കുമെന്ന പ്രതീക്ഷയിലാണ്. കഠിനമായ പീഡനങ്ങള്‍ സഹിക്കുന്ന കാലത്ത് "എല്ലാ മനുഷ്യരും ഉള്ളിന്റെ ഉള്ളില്‍ നല്ലവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു സ്വന്തം ഡയറിയില്‍ എഴുതി വച്ച ഒരു പതിനാലു വയസുകാരിയെ നമ്മള്‍ അറിയും. ആന്‍ ഫ്രാങ്ക്. അതെ അങ്ങിനെ തന്നെ വിശ്വസിക്കാന്‍ ഞാനും ഇഷ്ട്ടപ്പെടുന്നു. അവര്‍ എന്നെ പറ്റിച്ചു കടന്നതായിരിക്കില്ല, അല്ലേ ?????