2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

വേദനിപ്പിക്കുന്ന 'മുറിവുകള്‍'

എഴുതണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാന്‍ ജീവിതത്തില്‍ കണാനാഗ്രഹിച്ചതും, പരിചയപ്പെടാന്‍ ഇഷ്ട്ടപ്പെട്ടതും എഴുത്തുകാരെയാണ്. ഓരോ നല്ല പുസ്ത്തകം വായിച്ചു കഴിയുമ്പോഴും എനിക്കും അതുപോലെ എഴുതണമെന്നു തോന്നും. പക്ഷേ, രണ്ടു വരി പോലും എഴുതാന്‍ കഴിയാതെ നിരാശനായി പേപ്പര്‍ മടക്കുമ്പോള്‍ ഞാന്‍ മനസിലാക്കും അതെനിക്കു പറ്റിയ പണിയല്ലെന്ന്. പിന്നെ ഇവിടെ എഴുതി കൂട്ടുന്ന വിവരക്കേടുകള്‍ നിര്‍ത്തിക്കുടെ, എന്തിനാ ഭാഷയെ ഇങ്ങനെ ദ്രോഹിക്കുന്നെ എന്നൊക്കെ നിങ്ങള്‍ ചോദിച്ചേക്കാം, അതൊരു നേരംപോക്ക് മാത്രം. ക്ഷമിക്കുക.

വായിച്ച പലതും എന്റെ കണ്ണു നിറച്ചിട്ടുണ്ട് എന്നു പറയുന്നതില്‍ എനിയ്ക്കു അശേഷം നാണക്കേടില്ല. ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന വിശ്വാസക്കാരനുമ്മല്ല ഞാന്‍. അങ്ങിനെ ഒന്നിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയെ അറിയാത്ത, അറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പേരെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ അപൂര്‍വ്വമായിരിക്കും. ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ, ഒരു പാടു കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വന്തം ജീവിതം തന്നെ അതിനായി മാറ്റി വച്ച വലിയ മനുഷ്യന്‍. ആ കലാസപര്യ അദ്ദേഹത്തിന് നല്‍കിയ അനുഭവങ്ങള്‍, അല്ല വേദനകള്‍ തന്നെ 'മുറിവുകള്‍' എന്ന പേരില്‍ ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. സുകുമാര്‍ അഴിക്കോട് സര്‍ അവതാരികയില്‍ പറഞ്ഞത് പോലെ " ഞാന്‍ പത്തറുപത് കൊല്ലം
പ്രസംഗിച്ചതും, വിമര്‍ശിച്ചതുമെല്ലാം നിസാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കെണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ശ്രേഷ്ഠമായ ഒരനുഭവം നഷ്ട്ടമായേനെ" ഇതു വെറും വാക്കല്ലെന്നു ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ തന്നെ നമ്മുക്ക് മനസിലാകും. കണ്ണു നിറയ്ക്കാതെ, നിറയാതെ ആ അനുഭവങ്ങളില്‍ കൂടി നമ്മുക്ക് കടന്നു പോകാന്‍ കഴിയില്ല. പെര്‍ലിന്റെ ശവത്തിനോപ്പം മഴ നനയുന്നത് കൃഷ്ണമൂര്‍ത്തി സാറല്ല നമ്മള്‍ തന്നെയാണെന്ന് നാം അറിയുന്നു. മൂന്നു നേരം ഭക്ഷണമാണ് ഏറ്റവും വലിയ സ്വപ്നമെന്നു ആദ്യ മലയാള സിനിമയിലെ നായിക പറയുമ്പോള്‍ മുറിപ്പെടുന്നത് നമ്മുടെ ഹൃദയം തന്നെയാണ്. പയ്യന്നൂരിലെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി കണ്ണു നിറയിച്ചു കടന്നു പോയത് നമ്മുടെ മുന്നില്‍ കൂടി തന്നയല്ലേ ? മകന്റെ ജോലി ശരിയാക്കി തരണം സര്‍ എന്നു പഴയ ഗുരുനാഥന്‍ ശിഷ്യനോട് അപേക്ഷിക്കുമ്പോള്‍ പൊള്ളുന്നത് വായനക്കാരന്റെ ഹൃദയം തന്നെയാണ്. "ഒരു ചെറു പൂവില്‍ ഒതുങ്ങും അതിന്‍ ചിരി കടലിലും കൊള്ളില്ലതിന്റെ കണ്ണീര്‍" സുഗുതകുമാരി ടീച്ചര്‍ അവതാരികയില്‍ കുറിച്ച് വച്ചതു ഒരു വലിയ സത്യം.

ഞാനൊരിക്കലും ഒരു നല്ല വായനക്കാരനല്ല. വായിച്ചതും കുറവ്. പക്ഷേ, ആദ്യ വായനയില്‍ നല്ലതെന്ന് തോന്നുന്നത് ഒറ്റയിരിപ്പിനു തീര്‍ക്കാന്‍ എനിക്കിഷ്ട്ടം. പക്ഷേ 'മുറിവുകള്‍' അതു അസാധ്യമാക്കുന്നു. ഓരോ അധ്യായത്തിന്റെയും ഒടുക്കം കണ്ണീര്‍ മൂടി കാഴ്ച മറയുമ്പോള്‍ തുടര്‍ന്നു വായിക്കുന്നതെങ്ങനെ ? തങ്കമ്മയും, സ്റ്റെഫിയും, ശ്രീലങ്കന്‍ വീട്ടു ജോലിക്കാരുമൊക്കെ
കണ്ണിനു മുന്നില്‍ നിറയുമ്പോള്‍ ഹൃദയം പണി മുടക്കിയേക്കാം. സൂക്ഷിക്കുക !!!!

ക്ഷമിക്കണം. നല്ല മലയാളം പോലുമില്ലാത്ത ഞാന്‍ മലയാളത്തിലെ ഏറ്റവും നല്ല ഓര്‍മ്മക്കുറിപ്പുകളെ കുറിച്ചു (അല്ല വേദന കുറിപ്പുകളെ കുറിച്ചു) എഴുതിയതിനു. ഞാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രം, ആരെങ്കിലും 'മുറിവുകള്‍' പ്രസിദ്ധീകരിച്ചത് അറിയാതെ പോയെങ്കില്‍ അവരെ ഓര്‍മ്മപ്പെടുത്തുക മാത്രം. വെറുതെ എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതിയതല്ലിത്. സത്യം. അതു നിങ്ങള്‍ക്കു 'മുറിവുകള്‍' വായിച്ചു കഴിയുമ്പോള്‍ മനസിലാകും. നാല് പതിറ്റാണ്ടിലേറെ നടത്തിയ കലാ തപസ്യയുടെ പേരിലായിരിക്കില്ല ഒരു പക്ഷേ ഇന്നി സൂര്യാ കൃഷ്ണമൂര്‍ത്തി സാര്‍ അറിയപ്പെടുക. 'മുറിവുകള്‍' എന്ന ഈ ഓര്‍മ്മക്കുറിപ്പുകളുടെ പേരിലാകാം. വായന വികാരവും, വിശ്വാസവുമായ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതു വായിക്കാതെ പോയാല്‍ നിങ്ങള്‍ മലയാള ഭാഷയിലെ ഏറ്റവും നല്ല അനുഭവക്കുറിപ്പുകള്‍ ആകും വായിക്കാതെ പോകുന്നത്, അനുഭവിക്കാതെ പോകുന്നത്.

കുന്നിക്കുരു തൊണ്ടയില്‍ കുരിങ്ങി മരിച്ചുപോയ മകനു പകരമായി ജനിച്ച പെണ്‍കുട്ടി വളര്‍ന്നപ്പോള്‍, വിവാഹപ്രായമെത്തിയപ്പോള്‍, സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാതെ ആ മകളും കുന്നിക്കുരു തൊണ്ടയില്‍ കുരുങ്ങി മരിച്ചിരുന്നെങ്കിലെന്നു ചിന്തിച്ചു പോകുന്ന ആ അമ്മയുടെ വേദന ഇന്നി എന്നാണു നമ്മള്‍ മനസിലാക്കുക ?

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

പേരെന്താ ? പേരയ്ക്കാ, സോറി 'ബൂലോകം'

ബ്ലെടിമേരി !!!!!! അയ്യോ തെറ്റിദ്ധരിക്കല്ലേ.........സുമുഖനും, സുന്ദരനും, സത്സ്വഭാവിയും സര്‍വോപരി ഒരു വലിയ സംഭവുമായ ഞാന്‍ (എന്റെ ഒരു കാര്യം, സമ്മതിക്കണം) ഏതോ മേരിപ്പെണ്ണിനെ തെറി വിളിക്കുകയാനെന്നു കരുതരുത്. ഇതൊരു ബ്ലോഗറുടെ പേരാണ് !!!! വിലാസിനി, ഉറൂബ്, നന്ദനാര്‍...അങിനെ കാല്‍പ്പനികമായ തൂലികാനാമങ്ങള്‍ വിരാചിച്ച അച്ചടി സാഹിത്യത്തില്‍ നിന്നു ഓണ്‍ലൈന്‍ സാഹിത്യം ആയപ്പോഴുണ്ടായ മാറ്റം. വിവരങ്ങളുടെ, വിവരക്കേടുകളുടെ, തറകളുടെ, തെറികളുടെ, കുന്നായ്മ്മകളുടെ, കുസൃതികളുടെ അങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരു പാടു കാര്യങ്ങളുടെ ലോകം. ഇഹലോകം പോലെ ഒരു 'ബൂലോകം'. അവിടെ ലുട്ടാപ്പിയും, ഡിങ്കനെയും പോലെ വിചിത്ര നാമധാരികളായ ബ്ലോഗേഴ്സ്.നാട്ടപ്പിരാന്തുകള്‍,പോങ്ങുമൂടന്‍, തോന്നിവാസി, നിരക്ഷരന്‍,വിശാലമനസ്ക്കന്‍, വൈകുന്നേരമാണ്.... പേരില്‍ മാത്രമല്ല എഴുത്തിലും കുസൃതികളുടെ കയ്യൊപ്പ് ചാര്‍ത്തിയവര്‍. എന്റെ അത്രേം വരില്ലെങ്കിലും പ്രതിഭാശാലികള്‍. തെക്കുവും (അതു ഞാന്‍ തന്നെ, എന്നെ അങ്ങ് പൊന്നാടയണിയിക്കണം), ബഷീറും (അതേന്ന്, നമ്മുടെ വൈക്കത്തുകാരന്‍ മുഹമ്മദ്‌ ബഷീര്‍ തന്നെ പഹയാ), വി.കെ.എന്നും (സംശയിക്കണ്ടാ നമ്മുടെ പയ്യന്‍സ് തന്നെ) വിരാചിക്കുന്ന സാമ്രാജ്യത്തിലെ പിന്‍മുറക്കാര്‍. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുടെ പേരു മാറ്റി ഇന്നവര്‍ അറിയപ്പെടുന്ന പ്രശസ്ത്തമായ പേരുകള്‍ അവര്‍ക്ക് നല്‍കിയ തിക്കുറിശി പര ലോകത്തില്‍ 'ബൂലോകം' വായിക്കാന്‍ കഴിയുന്നെങ്കില്‍ ഈ വിചിത്ര പേരുകള്‍ കണ്ടു നമിച്ചു പോയേനെ.

തെങ്ങുംമൂട്,പ്ലാവിന്‍മൂട്, ഒലക്കേടമൂട് ഇതിലൊന്നും പെടാത്ത ഒരു മൂടിതാ 'പോങ്ങുമൂടന്‍'. ജനിച്ചപ്പോള്‍ 4 കിലോ 100 ഗ്രാം മാത്രമായിരുന്നെങ്കിലും ഇന്നു 100 കിലോ എത്തീട്ടും,പടിഞ്ഞാറ്റില്‍കരയില്‍ ആദ്യമായി 'ജീന്‍സ്‌' ധരിച്ച പരിഷ്കാരിയും ലവലേശം അഹങ്കരിക്കാത്ത പോങ്ങേട്ടന്റെ സോറി കയ്യിലിരിപ്പു കൊണ്ടു 'പൊങ്ങാ' എന്നു വിളിക്കപ്പെടുന്ന ഹരിയെട്ടന്റെ പ്രശസ്തമായ ബൂലോകമാണത്‌. പേരില്‍ മാത്രമല്ല, എഴുത്തിലും പതിരില്ലെന്നു കമന്റ്‌ കോളത്തില്‍ നിറയുന്ന നൂറുകണക്കിന് അഭിപ്രായങ്ങള്‍ തെളിയിക്കുന്നു.

'നട്ടപ്പിരാന്തുകള്‍', ആര്‍ക്കാടാ പ്രാന്ത് എന്നു ചോദിച്ചു എന്നെ തല്ലാന്‍ വരുന്നതിനു മുന്നേ പറയാം,'made in malabar' എന്നറിയപ്പെടുന്ന മാലാഖയുടെ വിശുദ്ധിയും, മാടപ്രാവിന്റെ ഹൃദയവുമുള്ള -അതു ഞാന്‍ പറയുന്നതോ, നാട്ടുകാര്‍ പറയുന്നതോ അല്ല അങ്ങേര്‍ സ്വയം അവകാശപ്പെടുന്നതാ, എല്ലാ മനുഷ്യര്‍ക്കും കാണില്ലേ ഓരോ ആഗ്രഹങ്ങള്‍- സജു ജോണ്‍ എന്ന മൊട്ട തലയന്റെ ലോകം. ബ്ലോഗ്‌ വായിച്ചാല്‍ മനസിലാകും 'ഷോക്ക്' കൊടുക്കാന്‍ വേണ്ടി തന്നയാണ് കുതിരവട്ടത് വച്ചു സാജുവേട്ടനെ മൊട്ട അടിച്ചതെന്ന്. ചെയുന്ന എല്ലാ കാര്യത്തിനോടും എന്ന പോലെ ബ്ലോഗ്‌ നാമത്തിനോടും ജീവിതംകൊണ്ട് നീതി പുലര്‍ത്തുന്ന മനുഷ്യന്‍.

'നിരക്ഷരന്‍' 1991 ല്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്നു ആരാണ്ടൊക്കെ പറയുന്ന മലയാള ഭാഷയില്‍ ഇതാരടെ ഇവന്‍ എന്നു ചോദിക്കരുത്. മനോജ്‌ രവീന്ദ്രന്‍ എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെ വിശാലമായ ബൂലോകം. 'എഞ്ചിനീയറിംഗ് പഠിച്ച വിഡ്ഢി' എന്ന ഇന്നച്ചന്‍ സ്റ്റൈല്‍ വിളി മാറ്റി സഹപ്രവര്‍ത്തകര്‍ ‘ബ്ലോഗിങ്ങ് എഞ്ചിനീയര്‍ ‘ എന്നു വിളിക്കാന്‍ തുടങ്ങിയത് ബൂലോകത്തിലെ സാക്ഷരത കൊണ്ടു തന്നയാണ്. ബ്ലോഗിലെ സന്തോഷ്‌ ജോര്‍ജ് കുളങ്ങര.

വിശാലമനസ്ക്കന്‍, കപ്പക്കാരന്‍, മൂശാട്ട, വാല്‍മാക്രി......അങിനെ പേരില്‍ തന്നെ വിചിത്രമായ എത്രയോ 'ബൂലോകങ്ങള്‍'. എനിക്കറിയുന്നത്, ഞാന്‍ വായിക്കാറുള്ളത് മാത്രമാണ് ഇവിടെ പറഞ്ഞത്. ഇന്നിയും കാണാത്ത, അറിയാത്ത എന്തൊക്കെ കാണും ഈ ബൂലോകത്തില്‍, സമുദ്രത്തിലെ അത്ഭുദങ്ങള്‍ പോലെ. പേരില്‍ മാത്രമല്ല എഴുത്തിലും, വരയിലും, മനസ്സിന്റെ നന്മയിലും കാബുള്ളവര്‍, വിശ്വസിക്കുന്നവര്‍, പ്രതിഭകള്‍. എല്ലാത്തിനും ഉപരിയായി സഹൃദം എന്ന മൂന്നക്ഷരത്തിനു തിളക്കം കൂട്ടുന്നവര്‍. 'ഓണ്‍ലൈനായ' തലമുറ വായനയില്‍ നിന്നു, എഴുത്തില്‍ നിന്നു അകലുന്നു എന്നു മോങ്ങുന്നവര്‍ക്കുള്ള മറുപടിയാണ് ഈ 'ബൂലോകം'. വായനയും, എഴുത്തും തളരുകയല്ല, തളിര്‍ക്കുകയാണ്‌.

അയ്യോ, ഒരു കാര്യം മറന്നു ! നമ്മുടെ ഡിഫി (DYFI) അണ്ണന്മാരോട് ഓര്‍ക്കുട്ടില്‍ പൈങ്കിളി ആകാതെ ബ്ലോഗില്‍ 'ബുജി' ആകാന്‍ നേതാക്കളുടെ വിപ്ലവാഹ്വാനം......'ബൂലോകത്തില്‍' എന്തൊക്കെ ഇന്നി കാണേണ്ടി വരും....എന്തരോ, എന്തോ...സക്കറിയയെ ഓര്‍ത്തുപോകുന്നു..........നമ്മളൊന്നും പറയുന്നില്ലേ.....

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

സര്‍ക്കാര്‍ ചെണ്ട മാനേജുമെന്‍റ് മാരാര്‍.....

കുഞ്ഞിരാമന്‍ സാറിനു പകരം ചിത്രംവര പഠിപ്പിക്കാന്‍ കവിത ടീച്ചര്‍ വന്ന കാലത്താണ് ഞാനാദ്യമായി അധ്യാപന നിയമനത്തിലെ 'കോഴകഥ' കേള്‍ക്കുന്നത്. വള്ളിനിക്കറും ഇട്ടുനടന്ന അന്നത്തെ ഏഴാം ക്ലാസുകാരനു അതിലെ ധാര്‍മിക പ്രശ്നങ്ങള്‍ മനസിലായില്ല. വെള്ള ഖദര്‍ മുണ്ടും, തൂവെള്ള ഷര്‍ട്ടും,നരച്ച മുടികളും ഉള്ള, കുട്ടികളെ തല്ലാത്ത കുഞ്ഞിരാമന്‍ സര്‍ കഥകളിലെ 'മാഷ്‌' കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു. അധ്യാപകരെല്ലാം ആ കാലത്ത് ഞങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ഇരട്ടപ്പേരുകളില്‍ ആയിരുന്നു. ചിലരുടെ യഥാര്‍ത്ഥ പേരുപോലും അറിയില്ലായിരുന്നു, എതോക്കയോ കുസൃതിക്കാര്‍ നല്‍കിയ തൂലികാനാമങ്ങളില്‍ മാത്രം അവര്‍ അറിയപ്പെട്ടു. കുട്ടികളോട് ഒരിക്കലും ചിരിക്കാത്ത, പെട്ടെന്ന് ദേഷ്യപ്പെടുന്ന സുന്ദരിയായ പ്രസന്ന കുമാരി ടീച്ചറെ 'താടക' എന്നു ആദ്യം വിളിച്ചതാരായിരിക്കും. ചെറിയ തെറ്റിനു പോലും തിരിച്ചു നിര്‍ത്തി ചന്തിക്കു ചൂരല്‍ പ്രയോഗം നടത്തിയിരുന്ന (എനിക്കും കിട്ടി ഒരു തവണ, ഓര്‍ക്കുമ്പോള്‍ അവിടെ ഇപ്പോഴും ഒരു തരിപ്പ്) തടിയനും, കഷണ്ടിയുമായ രാജേന്ദ്രന്‍ സാറിനു 'ഓടെ കേശവന്‍'
എന്നായിരുന്നു പ്രശസ്ത്തമായ ഇരട്ടപേര്‍. നടപ്പിലും, സംസാരത്തിലും അല്‍പ്പം വട്ടുണ്ടെന്ന് തോന്നിയ തിലകരാജന്‍ സാര്‍ 'പൊട്ടന്‍', സുരേഷ് ഗോപിയെ പോലെ ശരീരമുള്ള സാറിനു 'ബോഡി', സുന്ദരിയായി ഒരുങ്ങി വരുന്ന ടീച്ചറിന് 'കുശ്ബു', അങിനെ അങിനെ ഒരുപാട് പേരുകള്‍. പക്ഷെ കുഞ്ഞിരാമന്‍ സാറിനെ മാത്രം ഞങള്‍ മാഷെന്ന് മാത്രം വിളിച്ചു. വരയുടെ അസുഖം (വരയുടെ മാത്രമല്ല വിരയുടെ അസുഖവും എനിക്കാകാലത്ത് ഉണ്ടായിരുന്നു) അല്‍പ്പസൊല്‍പ്പം ഉണ്ടായിരുന്നത് കൊണ്ട് മാഷിന്റെ ക്ലാസ്സുകളില്‍ എനിക്കു പ്രത്വേക പരിഗണന കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാഷിനു പകരം വരുന്ന അധ്യാപകനെ ഞാന്‍ കാത്തിരുന്നു. കുഞ്ഞിരാമന്‍ മാഷിനു പകരം കവിത ടീച്ചര്‍ വന്നത് മൂന്നര ലക്ഷം കോഴ കൊടുത്താനെന്നു ഞാനറിഞ്ഞത് മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന 'സമര' ചെട്ടന്മാരില്‍ നിന്നായിരുന്നു.സ്കൂളിലെ നേതാക്കളായ, ഈണത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, പഠിപ്പു മുടക്കി സമരം ചെയുന്ന ജോണ്‍ ബ്രിട്ടോയും, യേശുദാസനും, മുരളീധരനുമൊക്കെ മോഹന്‍ലാലിനും,മമ്മൂട്ടിക്കുമോപ്പം അന്നെന്റെ ആരാധനാ പാത്രങ്ങലായിരുന്നു. 96-ലെ ഏഴാം ക്ലാസുകാരന് ക്ലാസ്സിലെ കൂട്ടുകാരെക്കാള്‍ സഹവാസം ഇവരുമായിട്ടായിരുന്നു -'പിള്ളമാര്‍ പള്ളികുടത്തില്‍ പഠിച്ചാല്‍ മതി സമരം ചെയേണ്ട' എന്നു കോടതി പറഞ്ഞത് പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ്'-. അവര്‍ ചര്‍ച്ച ചെയുന്ന വിമോചന, വിപ്ലവ പ്രത്യാശാസ്ത്ത്രങ്ങള്‍ ഒന്നുമെനിക്ക് മനസ്സിലായില്ലെങ്കിലും (ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം അവയില്‍ ഏറ്റവും തീവ്രമായ ഒന്നിന്റെ സഹയാത്രികനായിരുന്നപ്പോഴും അതെനിക്ക് മനസ്സിലായില്ല),അവര്‍ അന്നു പറഞ്ഞ മൂന്നര ലക്ഷത്തിന്റെ കോഴ കഥ എന്നെ അത്ഭുദപ്പെടുത്തി. ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരെല്ലാം കോഴ കൊടുത്താണ് മാഷുമാരായതെന്ന സത്യം അന്നാദ്യമായി ഞാന്‍ കേള്‍ക്കുകയായിരുന്നു. തുണിത്തരങ്ങളില്‍ കാണുന്ന വരകളും കുറികളും (ഡിസൈന്‍) മാത്രം വരയ്ക്കുന്ന കവിത ടീച്ചറെ എനിക്കെന്തു കൊണ്ടോ ഇഷ്ട്ടമായില്ല. അതോടെ എന്റെ വരയും ഏകദേശം നിന്നു. പക്ഷേ, ആരാധിച്ചിരുന്ന പല അധ്യാപകരും 'കോഴ' കൊടുത്താണ് ക്ലാസ് റൂമുകളില്‍ എത്തിയതെന്നത് എനിക്കും,സുഹൃത്തുക്കള്‍ക്കും ഒരു സമസ്യയായി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ബിരുദവും, ബിരുദാനന്തര ബിരുദവും, അധ്യാപന ഡിഗ്രിയും ഒന്നാം ക്ലാസ്സില്‍ കരസ്ഥമാക്കിയ എന്റെ കൂട്ടുകാരി (അന്യരാണ് നാം) കൊടുക്കാന്‍ ലക്ഷങ്ങളുടെ കിലുക്കമില്ലാഞ്ഞത് കൊണ്ട് ജോലി കിട്ടാഞ്ഞ കഥ കണ്ണീരോടെ പറയുമ്പോള്‍ മൂന്നര ലക്ഷം എന്നത് ഏഴു ലക്ഷത്തിലേക്ക് വളര്‍ന്നിരുന്നു. 96-ല്‍ നിന്നു 2005- ല്‍ എത്തിയപ്പോള്‍ കോഴ കണക്കിന്റെ ഗ്രാഫ് വളര്‍ന്നത് ‌ രണ്ടു മടങ്ങ്‌. എന്റെ തൊട്ടയല്ഗ്രാമത്തില്‍ തന്നെയുള്ള ഹൈസ്കൂള്‍ മാനേജ്‌മന്റ്‌ എന്റെ പഴയ കൂട്ടുകാരിയോടും, അഭിമുഖ (അത് വെറുമൊരു പേരല്ലേ, ലേലമല്ലേ ശരിക്കും) 'പരീക്ഷണത്തിന്' കൂട്ടുപോയ അവളുടെ അമ്മയോടും നിയമനത്തിനാവശ്യപ്പെട്ടത് എട്ടുലക്ഷം. പിന്നെ വഴിയോര വാണിഭക്കാരന്‍ ഇളവു പ്രഖ്യാപിക്കുന്നത്പോലെ അവര്‍ പറഞ്ഞത്രേ " അഭിമുഖ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കുട്ടിക്കായത്കൊണ്ട് ഞങള്‍ ഒരു ലക്ഷം കുറച്ചു തരാം, ഏഴു തന്നാല്‍മതി (ഏഴുലക്ഷം, എന്തൊരു മഹാമനസ്ക്കത !!!!!! നമിച്ചു മാഷെ)".രണ്ടു പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ തന്നെ അന്നു ബുദ്ധിമുട്ടിയിരുന്ന , ബാങ്ക് വായ്പ്പയെടുത് മകളെ ബി.എഡിന് വിട്ട ആ അമ്മ ലക്ഷങ്ങളുടെ കണക്കു കേട്ടു ഞെട്ടി പോയി. അവളെക്കാള്‍ മാര്‍ക്ക് കുറവുള്ള മറ്റൊരു പെണ്‍കുട്ടി 'ലക്ഷങ്ങളുടെ' കിലുക്കത്തില്‍ നിയമനം നേടി അധ്യാപികയായി !!!!!!!!!!!അന്നു, സ്വയം തന്നെ ഉത്തരമില്ലാത്ത ഒരു ചോദ്യമായി എല്ലാത്തിനോടും കലഹിച്ചു നടന്ന ഞാന്‍ എന്നെ മോഹിപ്പിച്ച ആ കണ്ണുകളില്‍ നിന്നു വീണ കണ്ണീരിനു മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലുമാകാതെ നിന്നു. പ്രീയപ്പെട്ട പെണ്‍കുട്ടി ഇതു നിന്റെ മാത്രം പ്രശ്നമല്ലെന്ന് ഞാനവളോടു പറഞ്ഞില്ല.

ശക്തമായ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ ഉണ്ടെന്നുപറയപ്പെടുന്ന, അവകാശ സമരങ്ങളിലൂടെ വളര്‍ന്നു വന്നെന്നു ഊറ്റം കൊള്ളുന്ന ഒരു തലമുറയുള്ള, നാഴികക്ക് നാല്‍പ്പതുവട്ടം 'കേരള മോഡല്‍' എന്നു പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു നാട്ടിലാണ് ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന അധ്യാപനം വഴി വഴിവാണിഭക്കാരനെ നാണിപ്പിക്കുന്ന രീതിയില്‍ കുറച്ചു മാനജെമെന്റുകള്‍ ചേര്‍ന്നു വില്‍ക്കുന്നത് !!!!!! AIDED സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ കൊടുക്കുന്നത് സര്‍ക്കാര്‍. പക്ഷേ ലക്ഷങ്ങള്‍ വിലപേശി നിയമനം നടത്തുന്നത് മാനേജ്മെന്റ് !!!!!!! വിചിത്രം.........കാശു വാങ്ങുന്ന കാര്യത്തില്‍ ഇവിടെ എന്‍.എസ്സ്.എസ്സ് എന്നോ, ക്രൈസ്തവ സഭയെന്നോ, എസ്സ്.എന്‍.ഡി.പി എന്നോ യാതൊരു വിവേചനവുമില്ല. സംവരണ കാര്യത്തില്‍ കടിച്ചു കീറാന്‍ നടക്കുന്നവര്‍ 'കോഴ' കാര്യത്തില്‍ ഒരേ യൂണിയന്‍. സ്വന്തം സ്ഥാപനങ്ങളിലെ നിയമനക്കാര്യത്തില്‍ സംവരണവും വേണ്ടാ, സമുദായ സ്നേഹവും വേണ്ടാ, ഉദ്യോഗാര്‍ത്തിയുടെ പോക്കറ്റിന്റെ കനം മാത്രം മതി. ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് AIDED സ്കൂളുകളിലെ നിയമനകാര്യത്തില്‍ 'പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം' എന്ന പഴ മൊഴിക്ക് തുല്യമായ റോള്‍. ഊഴംവച്ചു കേരളം ഭരിക്കുന്ന ഇരു മുന്നണികള്‍ക്കും സമുദായ നേതാക്കന്മാരെ കാണുമ്പോഴേ ഉടുമുണ്ട് നനയും !!!!! ജനകീയ സമരങ്ങളില്‍ കൂടി മലയാളിയുടെ പ്രതീക്ഷയായി ഉയര്‍ന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ വലതു പക്ഷത്തേക്കാള്‍ വിധേയത്വം. വിമോചന സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അവരെ വേട്ടയാടുന്നു, പേടിപ്പെടുത്തുന്നു. പിന്നെങ്ങനെ അവര്‍ നിയമനം നടത്താനുള്ള മാനേജുമെന്റുകളുടെ ഒരിക്കലും നീതികരിക്കാന്‍ കഴിയാത്ത അധികാരത്തിനു മൂക്കുകയര്‍ ഇടുക ?

നമ്മുടെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരമായ സമരങ്ങളുടെ ഭലമാണ് ഇന്നു നമ്മള്‍ കൊണ്ടാടുന്ന അവകാശങ്ങള്‍ പലതും.എന്നിട്ടും അവര്‍ക്ക് പോലുമെന്തേ 'സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെങ്കില്‍ നിയമനവും സര്‍ക്കാര്‍ (പി.എസ്സ്.സി) തന്നെ നടത്തണം' എന്നു പറയാന്‍ തന്റേടം ഇല്ലാതെ പോകുന്നത്. എണ്ണി കൊടുക്കാന്‍ ലക്ഷങ്ങള്‍ ഇല്ലാതെ പോയത് കൊണ്ട് തന്നെക്കാള്‍ യോഗ്യത കുറഞ്ഞവര്‍ അധ്യാപകരായി നിയമനം നേടുന്നത് നിറ കണ്ണുകളോടെ നിസഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന ഒരു പാടു ഉദ്യോഗാര്‍ത്തികളുടെ, മുണ്ട് മുറുക്കി ഉടുത്തും മക്കളെ പഠിപ്പിക്കാന്‍ വിട്ട അച്ഛനമ്മമാരുടെ സ്കൂള്‍ മാനേജുമെന്റ് ആവശ്യപ്പെടുന്ന ലക്ഷങ്ങളുടെ കണക്കിനു മുന്നില്‍ പകച്ചു പോകുന്ന ദൈന്യമായ മുഖം എന്തേ നമ്മള്‍ കാണാതെ പോകുന്നു ? സ്കൂള്‍ നടത്തിപ്പിന്റെ പേരില്‍, നിയമനത്തിന്റെ പേരില്‍ AIDED മാനേജുമെന്റുകള്‍ നടത്തുന്ന തരംതാണ കച്ചവടത്തിനെ നിവര്‍ന്നു നിന്ന് ചോദ്യം ചെയ്യാന്‍ ഇന്നി എന്നാണു നമ്മുടെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍‍ക്കു കഴിയുക ?
എണ്പതുകളുടെ അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ ചെരുപ്പുമാലഅണിയിച്ചു പ്രതീകാത്മക വിചാരണ ചെയ്ത ജനകീയ സാംസ്ക്കാരികവേദി സുഹൃത്തുക്കള്‍ കാണിച്ച തന്റേടം പോലും അതിനേക്കാള്‍ ആയിരം മടങ്ങു അംഗ ബലമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍‍ക്കു ഇല്ലാതെ പോകുന്നു ? നല്ല ചികിത്സയും, നല്ല വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജോലിയിടങ്ങളും പണത്തിന്റെ ധാരാളിത്തമുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങി പോകുന്നത് ഒരു പുരോഗമന സമൂഹത്തിനു ലജ്ജാകരമെന്നല്ല, ദുരന്തം തന്നയാണ്.

ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് രണ്ടു ദിവസം മുന്പ് അധ്യാപകനായി ജോലി ഉറപ്പായ സന്തോഷം പങ്കിടാന്‍ ‍ നാട്ടില്‍ നിന്നു ഫോണ്‍ ചെയ്ത പണ്ട് കോളേജില്‍ ഒപ്പമുണ്ടായിരുന്ന ചങ്ങാതി പറഞ്ഞ പുതിയ കണക്കാണ്, അടുത്ത അദ്ധ്യാന വര്‍ഷത്തിലേക്ക് നിയമനം ഉറപ്പാക്കാന്‍ അവന്‍ മനജുമെന്റിനു നല്‍കിയത് ഒന്‍പതു ലക്ഷം......96 ല്‍ മൂന്നര ലക്ഷം, 2005 ല്‍ ഏഴു ലക്ഷം, 2010 ല്‍ ഒന്‍പതു ലക്ഷം....ആരാ മാഷേ പറഞ്ഞെ കേരളത്തില്‍ വികസനം ഇല്ലാന്നു ????