2010, ഫെബ്രുവരി 3, ബുധനാഴ്‌ച

സര്‍ക്കാര്‍ ചെണ്ട മാനേജുമെന്‍റ് മാരാര്‍.....

കുഞ്ഞിരാമന്‍ സാറിനു പകരം ചിത്രംവര പഠിപ്പിക്കാന്‍ കവിത ടീച്ചര്‍ വന്ന കാലത്താണ് ഞാനാദ്യമായി അധ്യാപന നിയമനത്തിലെ 'കോഴകഥ' കേള്‍ക്കുന്നത്. വള്ളിനിക്കറും ഇട്ടുനടന്ന അന്നത്തെ ഏഴാം ക്ലാസുകാരനു അതിലെ ധാര്‍മിക പ്രശ്നങ്ങള്‍ മനസിലായില്ല. വെള്ള ഖദര്‍ മുണ്ടും, തൂവെള്ള ഷര്‍ട്ടും,നരച്ച മുടികളും ഉള്ള, കുട്ടികളെ തല്ലാത്ത കുഞ്ഞിരാമന്‍ സര്‍ കഥകളിലെ 'മാഷ്‌' കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു. അധ്യാപകരെല്ലാം ആ കാലത്ത് ഞങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ഇരട്ടപ്പേരുകളില്‍ ആയിരുന്നു. ചിലരുടെ യഥാര്‍ത്ഥ പേരുപോലും അറിയില്ലായിരുന്നു, എതോക്കയോ കുസൃതിക്കാര്‍ നല്‍കിയ തൂലികാനാമങ്ങളില്‍ മാത്രം അവര്‍ അറിയപ്പെട്ടു. കുട്ടികളോട് ഒരിക്കലും ചിരിക്കാത്ത, പെട്ടെന്ന് ദേഷ്യപ്പെടുന്ന സുന്ദരിയായ പ്രസന്ന കുമാരി ടീച്ചറെ 'താടക' എന്നു ആദ്യം വിളിച്ചതാരായിരിക്കും. ചെറിയ തെറ്റിനു പോലും തിരിച്ചു നിര്‍ത്തി ചന്തിക്കു ചൂരല്‍ പ്രയോഗം നടത്തിയിരുന്ന (എനിക്കും കിട്ടി ഒരു തവണ, ഓര്‍ക്കുമ്പോള്‍ അവിടെ ഇപ്പോഴും ഒരു തരിപ്പ്) തടിയനും, കഷണ്ടിയുമായ രാജേന്ദ്രന്‍ സാറിനു 'ഓടെ കേശവന്‍'
എന്നായിരുന്നു പ്രശസ്ത്തമായ ഇരട്ടപേര്‍. നടപ്പിലും, സംസാരത്തിലും അല്‍പ്പം വട്ടുണ്ടെന്ന് തോന്നിയ തിലകരാജന്‍ സാര്‍ 'പൊട്ടന്‍', സുരേഷ് ഗോപിയെ പോലെ ശരീരമുള്ള സാറിനു 'ബോഡി', സുന്ദരിയായി ഒരുങ്ങി വരുന്ന ടീച്ചറിന് 'കുശ്ബു', അങിനെ അങിനെ ഒരുപാട് പേരുകള്‍. പക്ഷെ കുഞ്ഞിരാമന്‍ സാറിനെ മാത്രം ഞങള്‍ മാഷെന്ന് മാത്രം വിളിച്ചു. വരയുടെ അസുഖം (വരയുടെ മാത്രമല്ല വിരയുടെ അസുഖവും എനിക്കാകാലത്ത് ഉണ്ടായിരുന്നു) അല്‍പ്പസൊല്‍പ്പം ഉണ്ടായിരുന്നത് കൊണ്ട് മാഷിന്റെ ക്ലാസ്സുകളില്‍ എനിക്കു പ്രത്വേക പരിഗണന കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാഷിനു പകരം വരുന്ന അധ്യാപകനെ ഞാന്‍ കാത്തിരുന്നു. കുഞ്ഞിരാമന്‍ മാഷിനു പകരം കവിത ടീച്ചര്‍ വന്നത് മൂന്നര ലക്ഷം കോഴ കൊടുത്താനെന്നു ഞാനറിഞ്ഞത് മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന 'സമര' ചെട്ടന്മാരില്‍ നിന്നായിരുന്നു.സ്കൂളിലെ നേതാക്കളായ, ഈണത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, പഠിപ്പു മുടക്കി സമരം ചെയുന്ന ജോണ്‍ ബ്രിട്ടോയും, യേശുദാസനും, മുരളീധരനുമൊക്കെ മോഹന്‍ലാലിനും,മമ്മൂട്ടിക്കുമോപ്പം അന്നെന്റെ ആരാധനാ പാത്രങ്ങലായിരുന്നു. 96-ലെ ഏഴാം ക്ലാസുകാരന് ക്ലാസ്സിലെ കൂട്ടുകാരെക്കാള്‍ സഹവാസം ഇവരുമായിട്ടായിരുന്നു -'പിള്ളമാര്‍ പള്ളികുടത്തില്‍ പഠിച്ചാല്‍ മതി സമരം ചെയേണ്ട' എന്നു കോടതി പറഞ്ഞത് പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ്'-. അവര്‍ ചര്‍ച്ച ചെയുന്ന വിമോചന, വിപ്ലവ പ്രത്യാശാസ്ത്ത്രങ്ങള്‍ ഒന്നുമെനിക്ക് മനസ്സിലായില്ലെങ്കിലും (ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം അവയില്‍ ഏറ്റവും തീവ്രമായ ഒന്നിന്റെ സഹയാത്രികനായിരുന്നപ്പോഴും അതെനിക്ക് മനസ്സിലായില്ല),അവര്‍ അന്നു പറഞ്ഞ മൂന്നര ലക്ഷത്തിന്റെ കോഴ കഥ എന്നെ അത്ഭുദപ്പെടുത്തി. ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരെല്ലാം കോഴ കൊടുത്താണ് മാഷുമാരായതെന്ന സത്യം അന്നാദ്യമായി ഞാന്‍ കേള്‍ക്കുകയായിരുന്നു. തുണിത്തരങ്ങളില്‍ കാണുന്ന വരകളും കുറികളും (ഡിസൈന്‍) മാത്രം വരയ്ക്കുന്ന കവിത ടീച്ചറെ എനിക്കെന്തു കൊണ്ടോ ഇഷ്ട്ടമായില്ല. അതോടെ എന്റെ വരയും ഏകദേശം നിന്നു. പക്ഷേ, ആരാധിച്ചിരുന്ന പല അധ്യാപകരും 'കോഴ' കൊടുത്താണ് ക്ലാസ് റൂമുകളില്‍ എത്തിയതെന്നത് എനിക്കും,സുഹൃത്തുക്കള്‍ക്കും ഒരു സമസ്യയായി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ബിരുദവും, ബിരുദാനന്തര ബിരുദവും, അധ്യാപന ഡിഗ്രിയും ഒന്നാം ക്ലാസ്സില്‍ കരസ്ഥമാക്കിയ എന്റെ കൂട്ടുകാരി (അന്യരാണ് നാം) കൊടുക്കാന്‍ ലക്ഷങ്ങളുടെ കിലുക്കമില്ലാഞ്ഞത് കൊണ്ട് ജോലി കിട്ടാഞ്ഞ കഥ കണ്ണീരോടെ പറയുമ്പോള്‍ മൂന്നര ലക്ഷം എന്നത് ഏഴു ലക്ഷത്തിലേക്ക് വളര്‍ന്നിരുന്നു. 96-ല്‍ നിന്നു 2005- ല്‍ എത്തിയപ്പോള്‍ കോഴ കണക്കിന്റെ ഗ്രാഫ് വളര്‍ന്നത് ‌ രണ്ടു മടങ്ങ്‌. എന്റെ തൊട്ടയല്ഗ്രാമത്തില്‍ തന്നെയുള്ള ഹൈസ്കൂള്‍ മാനേജ്‌മന്റ്‌ എന്റെ പഴയ കൂട്ടുകാരിയോടും, അഭിമുഖ (അത് വെറുമൊരു പേരല്ലേ, ലേലമല്ലേ ശരിക്കും) 'പരീക്ഷണത്തിന്' കൂട്ടുപോയ അവളുടെ അമ്മയോടും നിയമനത്തിനാവശ്യപ്പെട്ടത് എട്ടുലക്ഷം. പിന്നെ വഴിയോര വാണിഭക്കാരന്‍ ഇളവു പ്രഖ്യാപിക്കുന്നത്പോലെ അവര്‍ പറഞ്ഞത്രേ " അഭിമുഖ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കുട്ടിക്കായത്കൊണ്ട് ഞങള്‍ ഒരു ലക്ഷം കുറച്ചു തരാം, ഏഴു തന്നാല്‍മതി (ഏഴുലക്ഷം, എന്തൊരു മഹാമനസ്ക്കത !!!!!! നമിച്ചു മാഷെ)".രണ്ടു പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ തന്നെ അന്നു ബുദ്ധിമുട്ടിയിരുന്ന , ബാങ്ക് വായ്പ്പയെടുത് മകളെ ബി.എഡിന് വിട്ട ആ അമ്മ ലക്ഷങ്ങളുടെ കണക്കു കേട്ടു ഞെട്ടി പോയി. അവളെക്കാള്‍ മാര്‍ക്ക് കുറവുള്ള മറ്റൊരു പെണ്‍കുട്ടി 'ലക്ഷങ്ങളുടെ' കിലുക്കത്തില്‍ നിയമനം നേടി അധ്യാപികയായി !!!!!!!!!!!അന്നു, സ്വയം തന്നെ ഉത്തരമില്ലാത്ത ഒരു ചോദ്യമായി എല്ലാത്തിനോടും കലഹിച്ചു നടന്ന ഞാന്‍ എന്നെ മോഹിപ്പിച്ച ആ കണ്ണുകളില്‍ നിന്നു വീണ കണ്ണീരിനു മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലുമാകാതെ നിന്നു. പ്രീയപ്പെട്ട പെണ്‍കുട്ടി ഇതു നിന്റെ മാത്രം പ്രശ്നമല്ലെന്ന് ഞാനവളോടു പറഞ്ഞില്ല.

ശക്തമായ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ ഉണ്ടെന്നുപറയപ്പെടുന്ന, അവകാശ സമരങ്ങളിലൂടെ വളര്‍ന്നു വന്നെന്നു ഊറ്റം കൊള്ളുന്ന ഒരു തലമുറയുള്ള, നാഴികക്ക് നാല്‍പ്പതുവട്ടം 'കേരള മോഡല്‍' എന്നു പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു നാട്ടിലാണ് ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന അധ്യാപനം വഴി വഴിവാണിഭക്കാരനെ നാണിപ്പിക്കുന്ന രീതിയില്‍ കുറച്ചു മാനജെമെന്റുകള്‍ ചേര്‍ന്നു വില്‍ക്കുന്നത് !!!!!! AIDED സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ കൊടുക്കുന്നത് സര്‍ക്കാര്‍. പക്ഷേ ലക്ഷങ്ങള്‍ വിലപേശി നിയമനം നടത്തുന്നത് മാനേജ്മെന്റ് !!!!!!! വിചിത്രം.........കാശു വാങ്ങുന്ന കാര്യത്തില്‍ ഇവിടെ എന്‍.എസ്സ്.എസ്സ് എന്നോ, ക്രൈസ്തവ സഭയെന്നോ, എസ്സ്.എന്‍.ഡി.പി എന്നോ യാതൊരു വിവേചനവുമില്ല. സംവരണ കാര്യത്തില്‍ കടിച്ചു കീറാന്‍ നടക്കുന്നവര്‍ 'കോഴ' കാര്യത്തില്‍ ഒരേ യൂണിയന്‍. സ്വന്തം സ്ഥാപനങ്ങളിലെ നിയമനക്കാര്യത്തില്‍ സംവരണവും വേണ്ടാ, സമുദായ സ്നേഹവും വേണ്ടാ, ഉദ്യോഗാര്‍ത്തിയുടെ പോക്കറ്റിന്റെ കനം മാത്രം മതി. ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് AIDED സ്കൂളുകളിലെ നിയമനകാര്യത്തില്‍ 'പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം' എന്ന പഴ മൊഴിക്ക് തുല്യമായ റോള്‍. ഊഴംവച്ചു കേരളം ഭരിക്കുന്ന ഇരു മുന്നണികള്‍ക്കും സമുദായ നേതാക്കന്മാരെ കാണുമ്പോഴേ ഉടുമുണ്ട് നനയും !!!!! ജനകീയ സമരങ്ങളില്‍ കൂടി മലയാളിയുടെ പ്രതീക്ഷയായി ഉയര്‍ന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ വലതു പക്ഷത്തേക്കാള്‍ വിധേയത്വം. വിമോചന സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അവരെ വേട്ടയാടുന്നു, പേടിപ്പെടുത്തുന്നു. പിന്നെങ്ങനെ അവര്‍ നിയമനം നടത്താനുള്ള മാനേജുമെന്റുകളുടെ ഒരിക്കലും നീതികരിക്കാന്‍ കഴിയാത്ത അധികാരത്തിനു മൂക്കുകയര്‍ ഇടുക ?

നമ്മുടെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരമായ സമരങ്ങളുടെ ഭലമാണ് ഇന്നു നമ്മള്‍ കൊണ്ടാടുന്ന അവകാശങ്ങള്‍ പലതും.എന്നിട്ടും അവര്‍ക്ക് പോലുമെന്തേ 'സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെങ്കില്‍ നിയമനവും സര്‍ക്കാര്‍ (പി.എസ്സ്.സി) തന്നെ നടത്തണം' എന്നു പറയാന്‍ തന്റേടം ഇല്ലാതെ പോകുന്നത്. എണ്ണി കൊടുക്കാന്‍ ലക്ഷങ്ങള്‍ ഇല്ലാതെ പോയത് കൊണ്ട് തന്നെക്കാള്‍ യോഗ്യത കുറഞ്ഞവര്‍ അധ്യാപകരായി നിയമനം നേടുന്നത് നിറ കണ്ണുകളോടെ നിസഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന ഒരു പാടു ഉദ്യോഗാര്‍ത്തികളുടെ, മുണ്ട് മുറുക്കി ഉടുത്തും മക്കളെ പഠിപ്പിക്കാന്‍ വിട്ട അച്ഛനമ്മമാരുടെ സ്കൂള്‍ മാനേജുമെന്റ് ആവശ്യപ്പെടുന്ന ലക്ഷങ്ങളുടെ കണക്കിനു മുന്നില്‍ പകച്ചു പോകുന്ന ദൈന്യമായ മുഖം എന്തേ നമ്മള്‍ കാണാതെ പോകുന്നു ? സ്കൂള്‍ നടത്തിപ്പിന്റെ പേരില്‍, നിയമനത്തിന്റെ പേരില്‍ AIDED മാനേജുമെന്റുകള്‍ നടത്തുന്ന തരംതാണ കച്ചവടത്തിനെ നിവര്‍ന്നു നിന്ന് ചോദ്യം ചെയ്യാന്‍ ഇന്നി എന്നാണു നമ്മുടെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍‍ക്കു കഴിയുക ?
എണ്പതുകളുടെ അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ ചെരുപ്പുമാലഅണിയിച്ചു പ്രതീകാത്മക വിചാരണ ചെയ്ത ജനകീയ സാംസ്ക്കാരികവേദി സുഹൃത്തുക്കള്‍ കാണിച്ച തന്റേടം പോലും അതിനേക്കാള്‍ ആയിരം മടങ്ങു അംഗ ബലമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍‍ക്കു ഇല്ലാതെ പോകുന്നു ? നല്ല ചികിത്സയും, നല്ല വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജോലിയിടങ്ങളും പണത്തിന്റെ ധാരാളിത്തമുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങി പോകുന്നത് ഒരു പുരോഗമന സമൂഹത്തിനു ലജ്ജാകരമെന്നല്ല, ദുരന്തം തന്നയാണ്.

ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് രണ്ടു ദിവസം മുന്പ് അധ്യാപകനായി ജോലി ഉറപ്പായ സന്തോഷം പങ്കിടാന്‍ ‍ നാട്ടില്‍ നിന്നു ഫോണ്‍ ചെയ്ത പണ്ട് കോളേജില്‍ ഒപ്പമുണ്ടായിരുന്ന ചങ്ങാതി പറഞ്ഞ പുതിയ കണക്കാണ്, അടുത്ത അദ്ധ്യാന വര്‍ഷത്തിലേക്ക് നിയമനം ഉറപ്പാക്കാന്‍ അവന്‍ മനജുമെന്റിനു നല്‍കിയത് ഒന്‍പതു ലക്ഷം......96 ല്‍ മൂന്നര ലക്ഷം, 2005 ല്‍ ഏഴു ലക്ഷം, 2010 ല്‍ ഒന്‍പതു ലക്ഷം....ആരാ മാഷേ പറഞ്ഞെ കേരളത്തില്‍ വികസനം ഇല്ലാന്നു ????

6 അഭിപ്രായങ്ങൾ:

  1. Da sherikum nannayittundu ......... vallathoru feeling undayi ........ipozhum kannilum manasilum athu theliyunnu........... iniyum agne aa benchil avareyum kathirikkan pattiyirunnenkil ennu aagrahichupokunnu..........

    satheesh B (Priyans mithra)
    thekumbhagom

    മറുപടിഇല്ലാതാക്കൂ
  2. Hello,Saji,

    Very good,write something interesting.
    Your intention to write something is ok,By reminding the Nick names of your teachers and the reasons behind that itself showing the ugly mental disorder sleeping in you.Remind them with respect at least this stage of your life,then think about bribe,social inequality etc...

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്.......കൊടുക്കുന്ന പൈസ എല്ലാം സ്ത്രീധനം വഴി തിരിച്ചു പിടിക്കുന്നുമുണ്ട്....ഹ ഹ ഹ.....കൊടുക്കുന്നവര്‍ക്കും ഇതൊരു ലാഭ കച്ചവടം തന്നെ.....കേരളത്തില്‍ ഏറ്റവും എടുക്കാത്ത നാണയം ഇപ്പം ആദര്‍ശമാ മാഷെ.....

    മറുപടിഇല്ലാതാക്കൂ
  4. Sounds Superb, You are an exception, all the best buddy....... waiting for your another wonder...

    മറുപടിഇല്ലാതാക്കൂ