2013, മേയ് 28, ചൊവ്വാഴ്ച

ഓരോ തുള്ളി ചോരയിൽ നിന്നും.....മുദ്രാവാക്യങ്ങൾ പറയുന്നു......

"തെക്കുതെക്കൊരു ദേശത്തു
അലമാലകളുടെ തീരത്ത്‌ 
പ്ലോറിയെന്നൊരു ഗർഭിണിയെ
ഭർത്താവില്ലാ നേരത്ത്
ചുട്ടുകരിച്ചൊരു സർക്കാരെ"

വിമോചന  സമരകാലത്ത് കേരളത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണിത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം എന്നും മുദ്രാവാക്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. രാഷ്ട്രീയ സമരങ്ങൾക്ക് വീറും, വാശിയും നൽകിയത് നേതാക്കൾ വിളിച്ചു നൽകിയ മുദ്രാവാക്യങ്ങൾ ആയിരുന്നു. 

"ഞങ്ങടെ ചങ്കിലെ ചോരയ്ക്ക് 
നിങ്ങടെ കോടിയുടെ നിറമെങ്കിൽ 
ആ ചെങ്കൊടിയാണെ കട്ടായം 
പകരം ഞങ്ങൾ ചോദിക്കും"

വിമോചന സമരം വിളിച്ചു നടന്ന മറ്റൊരു മുദ്രാവാക്യം. ഒരു പക്ഷെ കേരളത്തിനു ഏറ്റവും കൂടുതൽ മുദ്രാവാക്യങ്ങൾ സമ്മാനിച്ചതും വിമോചന സമരമായിരിക്കാം (ജാതി, മത കോമരങ്ങൾ കേരള രാഷ്ട്രീയത്തിൽ പിന്നിൽ നിന്നു ചരട് വലിക്കുന്ന ശക്തിയായതും വിമോചന സമരത്തോടെയായിരുന്നു). അങ്കമാലിയിൽ ഏഴുപേർ പോലീസ് വെടിവെയ്പ്പിൽ മരിച്ചപ്പോൾ വിമോചന സമരക്കാർ കേരളമാകെ തൊണ്ട പൊട്ടി വിളിച്ചു;

"അങ്കമാലി കല്ലറയിൽ ഞങ്ങടെ സൊദരരുണ്ടെങ്കിൽ 
ആ കല്ലറയാണെ കട്ടായം പകരം ഞങ്ങൾ ചോദിക്കും"

K .S .U - ക്കാരും, യുവ കോണ്‍ഗ്രസ്സുകാരും, കോട്ടയം കോണ്‍ഗ്രസ്സുകാരും ഇന്നും അണികൾക്ക് ആവേശം കിട്ടാൻ ഈ മുദ്രാവാക്യം വിളിക്കുന്നത്‌ കേൾക്കാം !!!

E .M .S  സർക്കാരിന്റെ പോലിസ് ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർക്കു പോലും രക്ഷയില്ലെന്നു  പ്രതിപക്ഷം കളിയാക്കിയപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടി മറുപടി വിളിച്ചു; 

"ഞങ്ങടെ പോലിസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോണ്‍ഗ്രസ്സേ" 

വിദ്യാർത്ഥി, യുവജന സമരങ്ങൾക്ക് എന്നും ആവേശം നൽകിയത് അവർ വിളിച്ച മുദ്രാവാക്യങ്ങളായിരുന്നു. ഇതിൽ എന്നും ഇടതുപക്ഷ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ മുന്നിൽ നിന്നു. 

"ചോരച്ചാലുകൾ നീന്തി കയറിയ 
തൂക്കുമരങ്ങളിൽ ഊഞ്ഞാലാടിയ 
വെടിയുണ്ടകളെ പൂവായ്മാറ്റിയ
രക്തസാക്ഷികളുടെ പ്രസ്ഥാനം" 

കേരളത്തിലെ ക്യാമ്പസുകളിൽ S F I - ക്ക് വേരും, തേരും ,നല്കിയ മുദ്രാവാക്യം.

തെരുവിൽ പോലിസിനെ എതിരിട്ട വിദ്യാർഥികൾ അന്നും, ഇന്നും വിളിക്കുന്നത്‌ ഒരേ മുദ്രാവാക്യം; 

"പോരാട്ടത്തിൻ അവസാനം 
ചോരച്ചാലുകളാണെങ്കിൽ 
ഞങ്ങടെ ചങ്കിലെ ചോര തരാം"

ക്യാമ്പസുകളിലെ ഓരോ കണ്ണും ഈറനാക്കി വിദ്യാർത്ഥി നേതാക്കൾ വികാരാധിനരായി വിളിച്ചു;
 " അമ്മേ ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ"

ആയിരത്തിതൊള്ളായിരത്തിഎഴുപത്തിരണ്ടിലെ  കോളേജു സമരകാലത്ത് തുരുവല്ലയ്ക്കടുത്തു വച്ചു അന്ന് ഭരണമുന്നണിയുടെ നയരൂപികണ സമിതിയുടെ കണ്‍വീനറായിരുന്ന എ. കെ. ആന്റണിയെ സ്വകാര്യകോളേജു സംരക്ഷണ സമിതിയുടെ ആൾക്കാർ ആക്രമിച്ചു. ഇതിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങിയ യുവ കോണ്‍ഗ്രസ്സുകാർ കേരളമാകെ വിളിച്ചു;
 "ആന്റണി ആരെന്നറിയാമോ, കേരളനാടിൻ അഭിമാനം" 

ബിഷപ്പുമാരെയും, സാമുദായിക നേതാക്കളെയും, സ്വകാര്യകോളേജ് മനേജരന്മാരെയും ആന്റണി എതിരിട്ടപ്പോൾ പിന്തുണ യൂത്ത് കോണ്‍ഗ്രസ്സും, ksu  - വും ആയിരുന്നു. ആന്നു ksu സമരം നയിച്ചത് വി. എം. സുധീരനായിരുന്നു. കേരളത്തിലെ തെരുവുകളിൽ ഒരു മുദ്രാവാക്യം മുഴങ്ങി കേട്ടു "ധീരാ, വീരാ വി. എം സുധീരാ, ധീരതയോടെ നയിച്ചോളു" 

അതേ സമരകാലത്ത് കേരളം കേട്ട മറ്റൊരു മുദ്രാവാക്യം;

"പണ്ടൊരു കാലം തെരുവിലിറങ്ങി 
യേശുദേവൻ കല്പ്പിച്ചു;
സീസറിനുള്ളത്  സീസറിനു,
ദൈവത്തിനുള്ളത് ദൈവത്തിനു,
ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി 
ബിഷപ്പുമാർ കൽപ്പിച്ചു;
ചിലവുകളെല്ലാം സർക്കാരിന്
വരവുകളെല്ലാം ഞങ്ങൾക്ക്"

ആരു കേരളം ഭരിച്ചാലും, ആരു പ്രതിപക്ഷത്തിരുന്നാലും സമര മുഖങ്ങളിൽ ഏറ്റവും കൂടുതൽ മുദ്രാവാക്യങ്ങൾ ഉണ്ടാകുന്നത് പൊലീസിനെതിരെ ആയിരിക്കും. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോൾ എന്നും കേൾക്കുന്ന ഒരു മുദ്രാവാക്യം; 

"കാക്കിക്കുള്ളിൽ പോലീസെങ്കിൽ നിയമ ഞങ്ങൾ പാലിക്കും, കാക്കിക്കുള്ളിൽ കൊണ്ഗ്രസ്സെങ്കിൽ നിയമം ഞങ്ങൾ ലങ്കിക്കും"

രണ്ടു മുന്നണികളും മാറി മാറി വിളിക്കുന്ന ഒരെണ്ണം "പോടാ പുല്ലേ പോലീസ്സെ, ഞങ്ങടെ നേരെ പോരിനു വന്നാൽ നട്ടെല്ലൂരി കൊട്ടയിലാക്കി അയ്യാറെട്ടിനു വളമാക്കും" പാവം പോലീസുകാർ !!!

ഇങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ, സാമുഹിക ഭൂപടങ്ങളിൽ നിറഞ്ഞു നിന്ന ആയിരക്കണക്കിന് മുദ്രാവാക്യങ്ങൾ. പലതും സർക്കാരുകളെ വീഴിക്കുകയും, വാഴിക്കുകയും ചെയ്തു. ചിലരെ അത്യുന്നതങ്ങളിൽ എത്തിക്കുകയും, മറ്റു ചിലരെ വീഴ്ത്തുകയും ചെയ്തു. കാലം മാറി, ഇന്ന് മറ്റു പല കാര്യങ്ങളിലും എന്ന പോലെ മുദ്രാവാക്യങ്ങൾക്കും ഓജസ്സും, തേജസ്സും നഷ്ട്ടപ്പെട്ടു.  മുദ്രാവാക്യങ്ങൾ തിരഞ്ഞെടുപ്പു കാലത്തെ 'കീ ജയ്' വിളികൾ മാത്രമായി തരം താണു. എങ്കിലും നമ്മുക്ക് പ്രതീക്ഷിക്കാം തിന്മകൾക്കെതിരെ ഇടിമുഴക്കമായി ഒരുനാൾ ഒരായിരം മുദ്രാവാക്യങ്ങൾ പിറക്കുമെന്ന്. "മുദ്രാവാക്യം നീണാൾ വാഴട്ടെ" എന്നൊരു മുദ്രാവാക്യത്തോടെ നിർത്തുന്നു. 



2 അഭിപ്രായങ്ങൾ:

  1. "മുദ്രാവാക്യം നീണാൾ വാഴട്ടെ" എന്നൊരു മുദ്രാവാക്യത്തോടെ നിർത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പാറിക്കും ഞങ്ങൾ പാറിക്കും പച്ച ചെങ്കൊടി പാറിക്കും

    ഏതോ രസിക്കാൻ പറഞ്ഞു കേട്ട മുദ്രാവാക്യം

    മറുപടിഇല്ലാതാക്കൂ