2010, മാർച്ച് 2, ചൊവ്വാഴ്ച

അതൊരു ചീറ്റിങ്ങായിരുന്നില്ല !!!!!!

രണ്ടു ദിവസം മുന്‍പ് (27-02-2010) വൈകുന്നേരം ഏകദേശം ആറരയോടെ പതിവ് വായിനോട്ടവും കഴിഞ്ഞു -ഞാനൊക്കെ ഒന്ന് നടക്കാനിറങ്ങിയാല്‍ അതു വായിനോട്ടം, പൊറ്റക്കാടും, സന്തോഷ്‌ ജോര്‍ജ് കുളങ്ങരയും, നിരക്ഷരനുമൊക്കെ നടന്നാല്‍ അതു സഞ്ചാരം, ഇതാ ഞാന്‍ പറയുന്നത് ഈ നാട്ടില്‍ സോഷ്യലിസം ഇല്ലെന്നു, ഇത് ശരിയാകില്ല- മടങ്ങുന്ന വഴി റൂമിന് തൊട്ടടുത്തുള്ള റോഡ്‌ ക്രോസ് ചെയാന്‍ നിന്ന എന്റെ മുന്നില്‍ ഒരു കാര്‍ കൊട്നു വന്നു സ്ലോ ചെയ്തു. കാഴ്ചയില്‍ മാന്യന്‍ (എന്നെ പോലെ !!!!) എന്നു തോന്നിക്കുന്ന ഒരു മദ്ദ്യവയസ്ക്കാന്‍ "EXCUSE ME" എന്നു പറഞ്ഞു കൊണ്ടു തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ വണ്ടി ഒതുക്കി. വഴി ചോദിക്കാനാകുമെന്നു കരുതി ഞാന്‍ അടുത്തു ചെന്നു. കാറില്‍ അദ്ദേഹത്തെ കൂടാതെ ഒരു സ്ത്രീയും രണ്ടു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഒന്ന് വളരെ ചെറിയ ഓമനത്തമുള്ള ഒരു കുട്ടി. എല്ലാപേര്‍ക്കും തറവാട്ടില്‍ പിറന്ന ലുക്ക്‌. അദ്ദേഹം എന്നോട് നല്ല ആഗലേയത്തില്‍ പറഞ്ഞത് നമ്മുടെ സ്വന്തം ഭാഷയില്‍ ഞാനിവിടെ വിവരിക്കാം. അതിനു മുന്പ് പറയട്ടെ, ഞാന്‍ ജോലി ചെയുന്ന അല്‍ ഐന്‍ എന്ന സ്ഥലത്ത് നിന്ന് വളരെ അടുത്താണ് ഒമാന്‍. പാസ്പോര്‍ട്ട്‌ ഉണ്ടെങ്കില്‍ നമ്മുക്ക് അതിര്‍ത്തി കടക്കാം. ഒമാന്റെ ഭാഗമായ ബുറെമിയില്‍ എത്താന്‍ കാറില്‍ ഇവിടെ നിന്നും അര മണിക്കൂര്‍ മതി. ഞാനും പോയിരുന്നു ഒന്നു രണ്ടു തവണ. സോറി യാത്ര വിവരണം എഴുതാന്‍ നിര്‍ബന്ധിക്കരുത്, എഴുതാന്‍ അറിയാഞ്ഞിട്ടല്ല, സമയമില്ല അതാ !!!!!!




ഇന്നി അദ്ദേഹം പറഞ്ഞതിലേക്ക്, " എനിക്കു നിന്നെ കണ്ടപ്പോള്‍ എന്റെ സഹോദരനായി തോന്നുന്നു, അതു കൊണ്ടാണ് ഞാന്‍ പറയുന്നത്, എങ്കിലും എനിക്കു ചോദിക്കാന്‍ നാണക്കേട്‌ തോന്നുന്നു" ഇത്രേം പറഞ്ഞപ്പോഴേ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കരയുന്നുന്ടെന്നു തോന്നി. മുന്‍പരിചയം ഇല്ലെങ്കിലും എനിക്കു വിഷമം തോന്നി. കരയേണ്ട നിങ്ങള്‍ കാര്യം പറയു എന്നു ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ റാസ് അല്‍ കൈമ എന്ന യു എ യി യുടെ അങ്ങേ അറ്റത്തുള്ള സ്ഥലത്ത് നിന്നും ഒമാനില്‍ പോയി വരുന്ന വഴിയാണ്. ഒമാനില്‍ വച്ചു ബാഗും, അതിലുണ്ടായിരുന്ന പണവും മറ്റും നഷ്ട്ടപ്പെട്ടു. കാറില്‍ പെട്രോള്‍ തീര്‍ന്നിരിക്കുന്നു. പിന്നെ അയാള്‍ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും, അയാള്‍ പറയുന്ന കാര്യങ്ങളിലെ ലോജിക്കിനെ കുറിച്ചു ചിന്തിക്കാന്‍ എന്റെ വിവേക ബുദ്ധിയെ അനുവദിക്കാതിരുന്നതും. "കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് വളരെ സമയം കഴിഞ്ഞിരിക്കുന്നു, അവര്‍ വിശന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു" ഇതു പറഞ്ഞപ്പോഴേക്കും അയാളും ആ സ്ത്രീയും പൊട്ടി കരഞ്ഞിരുന്നു. ഞാനും വല്ലാതെയായി. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പേഴ്സ് തുറന്നു നോക്കി. കുറച്ചി പൈസ ബാക്കിയുണ്ട്. അതു ഞാന്‍ അയാള്‍ക്ക്‌ നല്‍കി " എന്റെ കൈല്‍ ഇതേ ഉള്ളൂ, റൂം അടുത്ത തന്നെയാണ് വന്നാല്‍ ഭക്ഷണം കഴിക്കാം" എന്റെ ആ ക്ഷണം അദ്ദേഹം നിരസിച്ചു. നന്ദി പറഞ്ഞു. പിന്നെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞു വളരെ പെട്ടെന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അവര്‍ പോയി. എന്റെ പേരു അവരും അവരുടെ പേരു ഞാനും ചോദിച്ചില്ല.



റൂമിലെത്തി സഹ പ്രവര്‍ത്തകരോട് വിവരം പറഞ്ഞപ്പോഴാണ് അറിഞ്ഞത് ഇതു ഇവിടെ ഒരു സ്ഥിരം തട്ടിപ്പാണെന്ന് !!!!! പക്ഷേ എനിക്കങ്ങനെ വിശ്വസിക്കാന്‍ തോന്നിയില്ല. ഞാന്‍ അവരുടെ വാദഗതികളെ എതിര്‍ക്കാന്‍ നോക്കി. പിന്നെയാണ് അവര്‍ പറയുന്നതിലെ ലോജിക്കിനെ കുറിച്ചു ഞാന്‍ ആലോചിച്ചത്. അങ്ങിനെ അദ്ദേഹം പറഞ്ഞത് പോലെ ബാഗ് നഷ്ട്ടപ്പെട്ടെങ്കില്‍ പോലീസില്‍ പരാതിപ്പെടുമായിരുന്നില്ലേ ???? അല്ലെങ്കില്‍ തന്നെ സുഹൃത്തുക്കളെ ഫോണ്‍ വഴി അറിയിച്ചാല്‍ അവര്‍ സഹായിക്കുമായിരുന്നില്ലേ ???? പക്ഷേ ആ കൊച്ചു കുട്ടിയുടെ മുഖം, വളരെ നേരമായി ആ കുട്ടികള്‍ വിശന്നിരിക്കുന്നു എന്നു പൊട്ടിക്കരഞ്ഞു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പറച്ചില്‍, എനിക്കു പറയുന്നതിലെ നിജസ്ഥിതി അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ലെല്ലോ.



അവര്‍ എന്നെ 'ചീറ്റ്' ചെയ്തു എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല, അങ്ങിനെ ആണെങ്കില്‍ പോലും. ഇതു ഞാന്‍ എഴുതാന്‍ കാരണം അതൊരു ചീറ്റിങ്ങല്ല എന്നു വായിക്കുന്ന ആരെങ്കിലും അറിയിക്കുമെന്ന പ്രതീക്ഷയിലാണ്. കഠിനമായ പീഡനങ്ങള്‍ സഹിക്കുന്ന കാലത്ത് "എല്ലാ മനുഷ്യരും ഉള്ളിന്റെ ഉള്ളില്‍ നല്ലവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു സ്വന്തം ഡയറിയില്‍ എഴുതി വച്ച ഒരു പതിനാലു വയസുകാരിയെ നമ്മള്‍ അറിയും. ആന്‍ ഫ്രാങ്ക്. അതെ അങ്ങിനെ തന്നെ വിശ്വസിക്കാന്‍ ഞാനും ഇഷ്ട്ടപ്പെടുന്നു. അവര്‍ എന്നെ പറ്റിച്ചു കടന്നതായിരിക്കില്ല, അല്ലേ ?????

10 അഭിപ്രായങ്ങൾ:

  1. കഠിനമായ പീഡനങ്ങള്‍ സഹിക്കുന്ന കാലത്ത് "എല്ലാ മനുഷ്യരും ഉള്ളിന്റെ ഉള്ളില്‍ നല്ലവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു സ്വന്തം ഡയറിയില്‍ എഴുതി വച്ച ഒരു പതിനാലു വയസുകാരിയെ നമ്മള്‍ അറിയും. ആന്‍ ഫ്രാങ്ക്. അതെ അങ്ങിനെ തന്നെ വിശ്വസിക്കാന്‍ ഞാനും ഇഷ്ട്ടപ്പെടുന്നു. അവര്‍ എന്നെ പറ്റിച്ചു കടന്നതായിരിക്കില്ല, അല്ലേ ?????

    മറുപടിഇല്ലാതാക്കൂ
  2. പറയാൻ പറ്റില്ല. ഇത്തരം തട്ടിപ്പുകൾ വളരെ അധികം നടക്കുന്നുണ്ട്‌. പക്ഷെ നമ്മുടെ മനസ്സമാധാനത്തിന​‍്‌ വേണേൽ അങ്ങിനെയല്ലെന്ന് വിചാരിച്ച്‌ ആശ്വസിക്കാം

    മറുപടിഇല്ലാതാക്കൂ
  3. 99% കബളിക്കപ്പെട്ടതായിരിക്കാനാണു സാധ്യത ..സജി.ഇതു പോലുള്ള സംഭവങ്ങള്‍ ധാരാളം നമ്മള്‍ക്കു ചുറ്റും നടക്കുന്നുണ്ട്.പക്ഷെ അതിലും പ്രധാനമാണല്ലൊ ആ നല്ല മനസ്സ്!

    മറുപടിഇല്ലാതാക്കൂ
  4. തെക്കൂ,
    അതിപ്പോ ചീറ്റിങ്ങായാല്‍പോലും അതില്‍ വിഷമിക്കണ്ടാ, വിശക്കുന്നു എന്ന്‌ പരഞ്ഞപ്പോള്‍, ആ സ്ത്രീ കരഞ്ഞപ്പോള്‍, ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ സഹതാപം തോന്നി സഹായിക്കാനുള്ള ഒരു മനസ്സുണ്ടായല്ലോ..അതിനെ ഞാന്‍ നമിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. പ്ന്ത്രണ്ടു വര്‍ഷം മുന്‍പ്
    സമാനമായ അനുഭവം എനിക്കിവിടെ മദീനയില്‍ ഉണ്ടായിട്ടുണ്ട് സുഹൃത്തേ..
    അതേ പൊലെ കാര്‍,ഒപ്പം ഫാമിലി..ദയനീയത..എന്തു കൊണ്ട് പോലീസില്‍ അല്ലെങ്കില്‍ സ്നേഹിതരെ
    ബന്ധപ്പെടുന്നില്ല എന്നു ചോദിക്കാനുള്ള നമ്മുടെ ദുരഭിമാന ബോധം അല്ലെങ്കില്‍ വിവേകമില്ലായ്മ..

    ഞാനും പിന്നീട് ഇതേ ചൊദ്യവും ഉത്തരം തേടലുമായി ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്..
    പണം നഷ്ടപ്പെട്ടതൊര്‍ത്തല്ല...ഭാര്യയും കുഞ്ഞുങ്ങളുമൊത്തുള്ള യത്രയില്‍ അതു സത്യമാണെങ്കില്‍ ..
    എന്നോര്‍ത്ത്...

    മറുപടിഇല്ലാതാക്കൂ
  6. നീട്ടുന്ന കൈകളെ തട്ടിക്കളയരുതെന്നാണ്. അവരെന്തോ ചെയ്യട്ടെ, താങ്കളെ വഞ്ചിച്ചതാണെങ്കില്‍ അവര്‍ അനുഭവിച്ചുകൊള്ളും. താങ്കള്‍ ചെയ്തത് ഒരു നല്ല കാര്യം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  7. You done a great thing, Dont bother about that was a cheating or not?

    മറുപടിഇല്ലാതാക്കൂ
  8. ഇതേ അനുഭവം എനിക്കും ഇവിടെ ഉണ്ടായതാ... അവരു പറയുന്നത് കണ്ടാ വിശ്വസിച്ച് പോവും. അത്ര ഗംഭീര അഭിനയമാ അത്തരം ടീംസ് നടത്തുക. ഏതായാലും സെയിം പിച്ച്. :)

    മറുപടിഇല്ലാതാക്കൂ
  9. അവര്‍ വഞ്ചിച്ചതാണെങ്കിലും അല്ലെങ്കിലും താങ്കളെ സംബന്ധിച്ച് ഒരു പോലെയാണ്.
    അവര്‍ക്ക് പിന്നാലെ മനസ്സു കറങ്ങി നടന്ന് തട്ടിപ്പാണൊ എന്ന് ചിന്തിക്കുന്നതില്‍ എന്ത് ഗുണമാണ് ലഭിക്കുന്നത് ?

    നന്മ ചെയ്തു.
    ആ ആത്മ ഹര്‍ഷം അനുഭവിക്കുക.
    തട്ടിപ്പാണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ മനസ്സില്‍ ആ കൊച്ചു കുട്ടിയുടെ മുഖമുണ്ട്.
    കരയുന്ന ഒരമ്മയുടെ ശബ്ദമുണ്ട്.
    അത് കണ്ടപ്പോള്‍ അലിഞ്ഞ് പോയ ഒരു നല്ല മനസ്സ് നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടപ്പെടാതെ കൂടെയുണ്ട്.

    തട്ടിപ്പാണെങ്കില്‍ അങ്ങനെ ഉറപ്പുണ്ടെങ്കില്‍
    അത്രയും കാഷ് വീണ് പോയെന്ന് കരുതിയാല്‍ മതി.

    അല്ലെങ്കില്‍ തട്ടിപ്പാണൊ എന്ന സംശയത്തില്‍ ശരിക്കും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഇനി മടിക്കും...


    നന്മകള്‍ നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  10. തട്ടിപ്പാനെന്നറിഞ്ഞാലും ചിലപ്പോൾ സഹായിച്ചു പോകും, നമ്മൾ...

    അത് മനുഷ്യസഹജമായ നന്മ നമ്മിൽ അവശേഷിച്ചിരിക്കുന്നതു കൊണ്ടാണ്....

    അതുകൊണ്ട് കഴിവിന്റെയുള്ളിൽ നിന്നു കൊണ്ട് ഇനിയും സഹായിക്കുക. തട്ടിപ്പെന്നുറപ്പുള്ളവരെ തുറന്നു കാട്ടുക.

    അത്രയേ വേണ്ടൂ.

    (പിന്നെ, സ്വന്തം സാമ്പത്തിക നില പൊലും തകരാറിലാവുന്ന തരത്തിൽ അപരിചിതരെ സഹായിക്കാതിരിക്കുക!)

    മറുപടിഇല്ലാതാക്കൂ